|    Mar 26 Sun, 2017 12:59 pm
FLASH NEWS

കാവേരി ജലം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന് സുപ്രിംകോടതി

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കര്‍ഷകരുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതിനായി തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനല്‍കണമെന്ന് കര്‍ണാടകയോട് സുപ്രിംകോടതി. ചൊവ്വാഴ്ച മുതല്‍ പത്തുദിവസത്തേക്ക് 15,000 ഘനയടി വീതം വെള്ളം കൊടുക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വെള്ളം വിട്ടുകൊടുക്കാതിരുന്നാല്‍ തമിഴ്‌നാട്ടിലെ സാംബ കര്‍ഷകരുടെ വിളകള്‍ നശിക്കുമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വെള്ളം വിട്ടുകൊടുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കര്‍ണാടകത്തോട് കോടതി നിര്‍ദേശിച്ചു.
10 ദിവസത്തേക്ക് ദിനംപ്രതി 15,000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിക്കുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കതുതുന്നുവെന്നായിരുന്നു ബെഞ്ച് വ്യക്തമാക്കിയത്. കൂടാതെ പോണ്ടിച്ചേരിക്കും അവരുടെ കരാര്‍ അനുസരിച്ചുള്ള വെള്ളം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. തമിഴ്‌നാടിന് 419 ടിഎംസി അടി വെള്ളവും കേരളത്തിന് 270 ടിഎംസി അടി വെള്ളവും പോണ്ടിച്ചേരിക്ക് ഏഴ് ടിഎംസി അടി വെള്ളവും നല്‍കണമെന്നാണ് കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ നിര്‍ദേശം.
അതേസമയം, കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കാവേരി നദീജല ട്രൈബ്യൂണലാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. തമിഴ്‌നാടിനു നല്‍കാനുള്ള വെള്ളത്തിന്റെ പരിധി നിശ്ചയിച്ചത് ട്രൈബ്യൂണലാണ്. വെള്ളം ലഭിക്കുന്നതിനായി മൂന്ന് ദിവസത്തിനകം തമിഴ്‌നാടിന് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 10 ദിവസത്തിനകം തമിഴ്‌നാടിന്റെ അപേക്ഷയില്‍ തീരുമാനം എടുക്കണമെന്ന് ട്രൈബ്യൂണലിന്റെ സൂപ്പര്‍വൈസറി കമ്മിറ്റിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും 16ന് പരിഗണിക്കും.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയില്‍ കൃഷിക്കായി 50.52 ടിഎംസി അടി വെള്ളം വിട്ടുനല്‍കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മഴ കുറഞ്ഞതിനാല്‍ കാവേരിയുടെ നാല് സംഭരണികളിലായി 80 ടിഎംസി ജലത്തിന്റെ കുറവുള്ളതായും വെള്ളം തുറന്നുവിടാന്‍ സാധിക്കില്ലെന്നും കര്‍ണാടകയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഫ് എസ് നരിമാന്‍ കോടതിയെ അറിയിച്ചു.

(Visited 71 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക