|    May 24 Wed, 2017 3:36 pm
FLASH NEWS

കാവേരി കേസ് മൂന്നംഗ ബെഞ്ചിന്; വാദം 18ന്

Published : 10th October 2016 | Posted By: SMR

ന്യൂഡല്‍ഹി/കോയമ്പത്തൂര്‍: കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് കര്‍ണാടക- തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ സുപ്രിംകോടതി നിയമിച്ച മൂന്നംഗ ജഡ്ജിമാരുടെ പുതിയ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ്, എ എം കാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം 18നു കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും വാദം കേള്‍ക്കും.
പ്രശ്‌നത്തില്‍ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഇരുപക്ഷത്തിന്റെയും അഭിഭാഷകരുടെ ആവശ്യം ഒക്ടബോര്‍ നാലിന് ജസ്റ്റിസ് ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചിരുന്നു. കൂടാതെ, കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്നും കഴിഞ്ഞ വാദം കേള്‍ക്കലിനിടെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഒക്ടോബര്‍ ഏഴു മുതല്‍ 18 വരെ 2000 ക്യൂസെക്‌സ് ജലം തമിഴ്‌നാടിന് വിട്ടുനല്‍കാനും പ്രശ്‌നത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ജലം വിട്ടുനല്‍കുന്നത് നീട്ടിവയ്ക്കാനും കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശിക്കാനും സുപ്രിംകോടതിക്ക് അധികാരമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
ബോര്‍ഡ് രൂപീകരിക്കുന്നത് 2012ലെ ദേശീയ ജലനയത്തിന്റെ ലംഘനമാണെന്നായിരുന്നു കേന്ദ്രനിലപാട്. ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സുപ്രിംകോടതി നിയമിച്ച ഉന്നതതല സാങ്കേതിക ടീം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും കാവേരി നദിയുടെ വൃഷ്ടിപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മെത്തൂര്‍ അണക്കെട്ട് സംഘം പരിശോധിച്ചു. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝായുടെ നേതൃത്വത്തിലുള്ള ടീം ജല നിരപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day