|    May 27 Sat, 2017 1:50 pm
FLASH NEWS

കാവേരി: കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗം ഫലംകണ്ടില്ല

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി ഉമാഭാരതി വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാവാതെ പിരിഞ്ഞു. കാവേരി നദിയിലെ ജലലഭ്യത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ കേന്ദ്രം നിയമിക്കണമെന്ന കര്‍ണാടകയുടെ നിര്‍ദേശം തമിഴ്‌നാട് തള്ളിയതാണ് പ്രശ്‌നപരിഹാരത്തിനു തടസ്സമായത്.
കോടതിക്കു പുറത്തു പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണെന്നു യോഗത്തില്‍ അധ്യക്ഷതവഹിച്ച കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എടപ്പാടി കെ പളനിസ്വാമി, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ജലവിഭവ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൂന്നുമണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു.
രണ്ടു സംസ്ഥാനങ്ങളും യോഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുമെന്നും ഉമാഭാരതി അറിയിച്ചു. പ്രശ്‌നം സംബന്ധിച്ചു കര്‍ണാടകയിലെ ബംഗളൂരു, മൈസൂരു, മാണ്ട്യ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങള്‍ ശാന്തരായിരിക്കാന്‍ മന്ത്രി അഭ്യര്‍ഥിച്ചു. പ്രശ്‌നം തുടരുകയാണെങ്കില്‍ താന്‍ ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി. സുപ്രിംകോടതി ആവശ്യപ്പെട്ട ജലം നല്‍കുന്നതിനു മുമ്പ് കാവേരി നദിയില്‍ കുടിക്കുന്നതിനും ജലസേചനത്തിനും ലഭ്യമായ ജലത്തിന്റെ അളവ് വിലയിരുത്തുന്നതിനു വേണ്ടിയാണു കേന്ദ്രത്തിന്റെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടതെന്നു കര്‍ണാടക ചീഫ് സെക്രട്ടറി അരവിന്ദ് ജാദവ് പറഞ്ഞു.
എന്നാല്‍ നിലവിലുള്ള നിയമത്തിലോ സുപ്രിംകോടതിയുടെ ഉത്തരവിലോ ഇങ്ങനെയൊരു വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള വകുപ്പില്ലെന്നാണു കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day