|    Jan 23 Mon, 2017 4:11 pm

‘കാവേരി: കര്‍ണാടകയ്ക്ക് സുപ്രിംകോടതി വിമര്‍ശനം; ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ച കര്‍ണാടകയ്ക്ക് സുപ്രിംകോടതിയുടെ കടുത്ത വിമര്‍ശനം. സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്ത കര്‍ണാടക രാജ്യത്തെ നീതിന്യായ സംവിധാനത്തിന് അപമാനമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇന്നുമുതല്‍ ഈ മാസം ആറുവരെയുള്ള കാലയളവില്‍ തമിഴ്‌നാടിനു വെള്ളം വിട്ടുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടകത്തിന് ഭരണഘടനാപരമായി അവകാശമുണ്ട്. ഇതില്‍ക്കൂടുതല്‍ ഒന്നുംപറയാനില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇന്നുമുതല്‍ ഏഴുദിവസത്തിനുള്ളില്‍ സെക്കന്റില്‍ 6,000 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കണമെന്ന് ആവര്‍ത്തിച്ച് ഉത്തരവിട്ടു.
കര്‍ണാടകയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് വെള്ളം വിട്ടുനല്‍കാന്‍ കോടതി ഒരിക്കല്‍ കൂടി ഉത്തരവിട്ടത്.ബംഗളൂരു അടക്കമുള്ള നഗരങ്ങളിലുള്‍പ്പെടെ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‌നാടിന് കാര്‍ഷിക ആവശ്യത്തിനായി വെള്ളം കൊടുക്കാന്‍ കഴിയില്ലെന്നുമുള്ള പഴയ വാദങ്ങള്‍ കര്‍ണാടക ഇന്നലെയും ഉന്നയിച്ചു. അടുത്തമാസം മാത്രമേ വെള്ളം വിട്ടുകൊടുക്കുന്നതിനെ പറ്റി ആലോചിക്കാന്‍ പോലും കഴിയുകയുള്ളൂവെന്നും കര്‍ണാടക അറിയിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ സുപ്രിംകോടതി തള്ളി. ഇന്ത്യയുടെ ഭാഗമാണ് കര്‍ണാടകയെങ്കില്‍ ഭരണഘടനയെയും സുപ്രികോടതി ഉത്തരവും മാനിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന് കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനെ കോടതി അറിയിച്ചു.
അതേസമയം, അയല്‍ സംസ്ഥാനങ്ങളായ കേരളത്തെയും പുതുച്ചേരിയെയും ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയ്ക്കകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് (സിഡബ്ല്യുഎംബി) രൂപീകരിക്കാനും കോടതി തമിഴ്‌നാടിനും കര്‍ണാടകയ്ക്കും നിര്‍ദേശം നല്‍കി. നാലു സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുവീതം പ്രതിനിധികള്‍ ബോര്‍ഡില്‍ ഉണ്ടാവണം. ആരൊക്കെയാണ് പ്രതിനിധികളെന്ന് ഇന്നുതന്നെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയെ അറിയിക്കുകയും വേണം. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് കര്‍ണാടകത്തിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി ബുധനാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ തമിഴ്‌നാടും കര്‍ണാടകയുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ച സമവായത്തിലെത്താതെ പിരിഞ്ഞിരുന്നു. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അതിനിടെ, തമിഴ്‌നാടിനു വെള്ളം വിട്ടുനില്‍കണമെന്ന കോടതി ഉത്തരവ് അനുസരിക്കുന്നതുവരെ ഇനി കര്‍ണാടകയ്ക്കു വേണ്ടി ഹാജരാവില്ലെന്ന് കര്‍ണാടകയുടെ അഭിഭാഷകന്‍ നരിമാന്‍ പറഞ്ഞു. കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് അറിയിച്ച് കര്‍ണടക മുഖ്യമന്ത്രി നരിമാനയച്ച കത്തും അദ്ദേഹം പരസ്യപ്പെടുത്തി. മുഖ്യമന്ത്രിയുടെ കത്തിനെഴുതിയ മുപടിയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക