|    Jul 27 Thu, 2017 6:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാവേരി: അപ്പീലില്‍ നിലപാട് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കാവേരി നദീജലക്കേസില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള അപ്പീല്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കര്‍ണാടകയോടും തമിഴ്‌നാടിനോടും കേരളത്തോടും സുപ്രിംകോടതി.
ഇക്കാര്യം ഈ മാസം 24നകം എഴുതി നല്‍കാനും വിധി അതിനുശേഷം പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക തമിഴ്‌നാടിന് പ്രതിദിനം 2000 ക്യൂസെക്‌സ് വെള്ളം നല്‍കണമെന്ന ഉത്തരവ് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നിലനില്‍ക്കുമെന്നും ജസ്റ്റിസുമാരായ ദിപക് മിശ്ര, അമിതവ് റോയ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 1956ലെ അന്തര്‍സംസ്ഥാന നദീജല തര്‍ക്കപരിഹാര നിയമപ്രകാരം ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും അതിനാല്‍ ഈ അപ്പീല്‍ നിലനില്‍ക്കാത്തതാണെന്നും കേന്ദ്രം കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം ആദ്യം പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
ടൈബ്യൂണല്‍ ഉത്തരവിനെതിരായ ഹരജി നിലനില്‍ക്കുന്നതാണെന്ന് ഇന്നലെ വാദത്തിനിടെ കര്‍ണാടക വാദിച്ചു. ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ ഏതെങ്കിലും സംസ്ഥാനം സുപ്രിംകോടതിയെ സമീപിച്ചാല്‍ അതില്‍ ഇടപെടാന്‍ സുപ്രിംകോടതിക്ക് അധികാരമുണ്ടെന്നും കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായ ഫാലി നരിമാന്‍ പറഞ്ഞു. തമിഴ്‌നാടും കോടതിയില്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. പരമോന്നത കോടതിയുടെ അധികാരപരിധിയില്‍ വരാത്ത പദവികളില്ലെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ ശേഖര്‍ നഫാദെ പറഞ്ഞു.
സുപ്രിംകോടതിയുടെ അധികാരം ഭരണഘടനയുടെ 136ാം വകുപ്പ് പ്രകാരം ഉറപ്പാക്കിയതാണ്. ഇതിനെ മറികടക്കാന്‍ 1956ലെ നദീജല തര്‍ക്കപരിഹാരം നിയമത്തിലെ ആറ്(2) വകുപ്പിന് കഴിയില്ലെന്നും നഫാദെ പറഞ്ഞു. കേരളവും ഇരുസംസ്ഥാനങ്ങളോടും യോജിച്ചു. എന്നാല്‍, അപ്പീല്‍ നിലനില്‍ക്കില്ലെന്ന നിലപാടാണ് പുതുച്ചേരി സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇന്നലെയും തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു. തുടര്‍ന്നാണ് നിലപാട് എഴുതി നല്‍കാന്‍ സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടത്.
അതേസമയം, തമിഴ്‌നാടിന് ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ദിവസവും 2000 ക്യൂസെക്‌സ് കാവേരി ജലം വിതരണം ചെയ്യണമെന്ന സുപ്രിംകോടതി നിര്‍ദേശം അനുസരിക്കുമെന്ന് കര്‍ണാടക. സുപ്രിംകോടതി വിധി അനുസരിക്കും. അതില്‍ കൂടുതലൊന്നും പറയാനില്ല-മന്ത്രിസഭാ യോഗത്തിനു ശേഷം നിയമ-പാര്‍ലമെന്ററി കാര്യമന്ത്രി ടി ബി ജയചന്ദ്ര പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക