|    Mar 25 Sat, 2017 7:14 pm
FLASH NEWS

കാവിവല്‍ക്കരണത്തില്‍ നിന്ന് കാവി മുക്കലിലേക്കൊരു തരംതാഴ്ത്തല്‍

Published : 7th July 2016 | Posted By: G.A.G

smriti-irani
IMTHIHAN-SLUG-small
ഹാവൂ എന്നാലും ബ്രോ..ഇതിത്തിരി കടന്ന കൈയ്യായിപ്പോയി. വിശ്വ പ്രസിദ്ധമായ ജെഎന്‍യു സര്‍വകലാശലയെപ്പോലും ചൂണ്ടുവിരല്‍ കൊണ്ടു വിറപ്പിച്ചു നിര്‍ത്തിയിരുന്ന വീരാംഗനയെ ഒരു സ്ത്രീയും അമ്മയുമാണെന്ന പരിഗണന പോലും നല്‍കാതെ തരം താഴ്ത്തിയത് കൊടുംചതിയായിപ്പോയെന്നു പറയാതിരിക്കാനാവില്ല.
അഞ്ചു കൊല്ലം കൊണ്ട് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ മുഴുവന്‍ അടച്ചുപൂട്ടിച്ച് ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം തിരികെ കൊണ്ടുവരാന്‍ അക്ഷീണപ്രയത്‌നത്തിലായിരുന്ന സവിചോത്തമയെ തുണിയില്‍ ചായം മുക്കാന്‍ നിയോഗിക്കാന്‍ മനുവാദികള്‍ക്കെങ്ങനെ സാധിച്ചു?
നെഹ്‌റുകുടുംബത്തിലെ ഇളമുറ തമ്പുരാനെ നേരിടാനായി മോഡിജി കണ്ടെത്തിയ അവതാരമാണ്. മോഡലിഗും അഭിനയവുമായിരുന്നു പൂര്‍വ്വാശ്രമത്തിലെ തുരുപ്പുചീട്ടുകള്‍ എന്നതിനാല്‍ രാഷ്ട്രീയത്തിലും ശോഭിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല.
രാഹുലിനെ തളക്കാനായില്ലെങ്കിലും അമേത്തിയില്‍ കാവിപാര്‍ട്ടിക്കു വേണ്ടി ബലിയാടാവാന്‍ തയ്യാറായതിന്റെ പാരിതോഷികമായി മോഡിജി തന്റെ കാബിനറ്റില്‍ ഉന്നതപദവി നല്‍കി ആദരിച്ചു. മാനവവിഭവശേഷിമന്ത്രിയുടെ യോഗ്യതയെക്കുറിച്ചായി പിന്നീട് മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടം. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് വാജ്യമാണെന്നായി പിന്നെ കുശുമ്പന്‍മാര്‍. മോഡിഭക്തി ഒറിജിനലാനയതു കൊണ്ട് ആ വക ഏഷണികളൊന്നും പ്രധാനമന്ത്രിയുടെ ദര്‍ബാറില്‍ നിന്നകറ്റിയില്ല. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണത്തിനും ഉന്നതവിദ്യാലയങ്ങളിലെ ദലിത് പീഡനങ്ങള്‍ക്കും എല്ലാ ഒത്താശയും ചെയ്തു നാഗ്പൂരിലെ കാവിതമ്പുരാക്കന്‍മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ നോക്കി. എന്നാല്‍ നാവില്‍ വികടസരസ്വതി കളിയാടിയതുമൂലം കാബിനറ്റിലെ അരുണ്‍ജയ്റ്റിലി അടക്കമുളളവരോട് പലതവണ ഉടക്കേണ്ടി വന്നു. മന്ത്രിസഭയുടെ മൊത്തം പ്രതിഛായ കളഞ്ഞുകുളിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. ഒടുവില്‍ യു.പി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്നായി. എന്നാല്‍ ദലിത് വിരുദ്ധ പ്രതിഛായ പിന്നാക്ക വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കാരണം അതും കൈവിട്ടുപോയി. ഏതായാലും നാഗ്പൂര്‍ തമ്പുരാക്കാന്‍മാരെ പിണക്കികൊണ്ടുളള ആര്‍ക്കും മോദിടീമില്‍ തുടരാനാകില്ലെന്നതാണ് സ്മൃതിയുടെ അനുഭവം തെളിയിക്കുന്നത്.

(Visited 1,005 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക