|    Sep 26 Tue, 2017 9:01 am
FLASH NEWS

കാവശ്ശേരി ഉച്ചാര്‍കുളം ചണ്ടിയും പുല്ലും നിറഞ്ഞു; മണ്ണിട്ടുനികത്തിയ ഭാഗം പൂര്‍വസ്ഥിതിയിലാക്കണമെന്ന്

Published : 26th October 2016 | Posted By: SMR

ആലത്തൂര്‍: അറ്റ വേനലിലും വറ്റാത്ത ജലസമൃദ്ധിയുണ്ടായിരുന്ന കാവശ്ശേരി ചുണ്ടക്കാട് ഉച്ചാര്‍കുളത്തിന് ഇപ്പോള്‍ ദുരിതകാലം. ഒന്നര ഏക്കറിലധികം വിസ്തൃതിയിലുള്ള ഈ കുളം ഇന്ന് ചണ്ടിയും പുല്ലും വളര്‍ന്ന് ഉപയോഗശൂന്യമായ നിലയിലാണ്. ഇതിനിടയില്‍ കുളത്തിന്റെ ഒരു ഭാഗം ഉടമസ്ഥര്‍ എന്നവകാശപ്പെടുന്ന ചിലര്‍ മണ്ണിട്ടു നികത്തി. പാറപ്പുറം, കൊടില്‍പ്പാടം, ചുണ്ടക്കാട്, വക്കീല്‍പ്പടി എന്നിവിടങ്ങളില്‍ നിന്നുള്ള ജന വിഭാഗങ്ങള്‍ കുളിയ്ക്കാനും നനയ്ക്കാനും ആശ്രയിച്ചിരുന്ന ഈ കുളത്തിലെ വെള്ളം ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാവശ്ശേരി പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിന്റ അധീനതയിലാണ് ഈ കുളം. ഉച്ചാര്‍ കുളത്തിന്റെ നികുതി അടയ്ക്കുന്നത് ദേവസ്വമാണ്. എന്നാല്‍ സമീപത്തെ സ്ഥലമുടമകളായ സ്വകാര്യ വ്യക്തികള്‍ അവരുടേതാണ് കുളം എന്ന് പറഞ്ഞാണ് ഒരു ഭാഗം നികത്തിയത്.  ദേവസ്വത്തിന്റേതാണ് കുളം എന്ന് ബോധ്യപ്പെട്ട ജനങ്ങള്‍ വീണ്ടും കുളം നികത്താന്‍ വന്നപ്പോള്‍ തടയുകയും വില്ലേജ് ഓഫിസര്‍ എത്തി ജെ.സി.ബി. കൊണ്ടു പോവുകയും ചെയ്തു. ഈ കുളത്തിലേക്ക് പോവുന്ന വഴികളും സ്വകാര്യ വ്യക്തി കമ്പിവേലി കെട്ടി അടച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ ചുണ്ടക്കാട് ഭാഗത്തെ ഉച്ചാര്‍ കുളം ദേവസ്വത്തില്‍ നിന്ന് പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കണമെന്നാണ് പാറപ്പുറം, വക്കീല്‍പ്പടി നിവാസികള്‍ ആവശ്യപ്പെടുന്നത്. നികത്തിയ കുളത്തിന്റെ ഭാഗം പൂര്‍വ സ്ഥിതിയിലാക്കാന്‍ വില്ലേജ് അധികൃതര്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തോ ദേവസ്വമോ കുളം സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍മസമിതി രൂപവത്കരിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭക്തജനങ്ങളും നാട്ടുകാരും മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക