|    Oct 23 Tue, 2018 12:31 am
FLASH NEWS

കാവല്‍ക്കാരെ പൂട്ടിയിട്ട് മോഷണം: പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവ്

Published : 15th December 2017 | Posted By: kasim kzm

എടക്കര: മൂത്തേടത്ത് കാവല്‍ക്കാരെ പൂട്ടിയിട്ട് വീട്ടില്‍നിന്നും അരക്കോടിയോളം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. മക്കരപറമ്പ് വറ്റല്ലൂര്‍ പുളിയമഠത്തില്‍ ലത്തീഫ്(25), മക്കരപറമ്പ് വറ്റല്ലൂര്‍ കളത്തൊടിക അബ്ദുള്‍ കരീം(35) എന്നിവരെയാണ് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്. വിദേശമലയാളിയായ ചളിക്കപ്പൊട്ടിയിലെ അടുക്കത്ത് കിഴക്കേതില്‍ രാജന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ശിക്ഷ. 2014 ഒക്‌ടോബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. രാജനും കുടുംബവും വിദേശത്തായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. ഇയാളുടെ വീടന് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കാവല്‍ക്കാര്‍ താമസിക്കുന്ന മുറിയുടെ വാതില്‍ പുറത്ത് നിന്നും പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. സ്വര്‍ണം, വജ്ര ആഭരണങ്ങള്‍, വികൂടിയ വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ എന്നിവയടക്കം അരക്കോടിയോളം വിലവരുന്ന സാധനങ്ങളും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാവല്‍ക്കാരും, സിസിടിവി സംവിധാനവും, സെന്‍സറിംഗ് സംവിധാനവും, കാവല്‍ നായകളും ഉള്ള വീട്ടില്‍ നടന്ന കവര്‍ച്ച നാട്ടില്‍ ഏറെ കേളിളക്കം സൃഷ്ടിച്ചിരുന്നു. രാജന്റെ ഭാര്യയും മക്കളും നാട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ തൃശ്ശൂരുള്ള ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. വീട്ടിലുണ്ടായിരുന്ന സിസിടിവി കാമറകളും, ഹാര്‍ഡ് ഡിസ്‌ക്കും പ്രതികള്‍ മോഷ്ടിച്ചിരുന്നു. ഇതോടെ പോലീസ് അന്വേഷണം വഴിമുട്ടിയ സാഹചര്യമുണ്ടായി. ശാസ്ത്രീയ തെളിവെടുപ്പില്‍ പ്രതികളെക്കുറിച്ചുള്ള കാര്യമായ വിവരങ്ങള്‍ ലഭിച്ചതുമില്ല. ഇതേത്തുടര്‍ന്ന് സമാന രീതിയില്‍ മോഷണം നടത്തുന്ന നൂറിലധികം മോഷ്ടാക്കളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷണമുതലുകള്‍ വിവിധയിടങ്ങളില്‍ നിന്നും പോലിസ് വീണ്ടെടുത്തിരുന്നു. സിസിടിവി കാമറകളും, ഹാര്‍ഡ് ഡിസ്‌ക്കും ബത്തേരി പുഴയില്‍നിന്നും കണ്ടെടുത്തിരുന്നു. ഇവരുടെ അറസ്റ്റോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ ഇരുപതോളം മോഷണക്കേസുകള്‍ക്കാണ് തുമ്പുണ്ടായത്. നിരവധി കേസുകളിലെ പ്രതികളായ ഇവര്‍ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ലത്തീഫിനെ മണ്ണാര്‍ക്കാട് പോലിസ് അറസ്റ്റ് ചെയ്ത് ജയില്‍വാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വഴിക്കടവ്, എടക്കര, മങ്കട, പെരിന്തല്‍മണ്ണ, ബത്തേരി, ഗൂഡല്ലൂര്‍, മേലാറ്റൂര്‍, കരുവാരക്കുണ്ട് പോലിസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ മോഷണകേസുകളില്‍ ഇരുവരും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. എടക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ ബഷീര്‍, എസ്‌ഐ പി ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐമാരായ എം അസൈനാര്‍, പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss