|    Jan 19 Thu, 2017 10:36 pm
FLASH NEWS

കാഴ്ചവൈകല്യമുള്ളവരുടെ എഴുത്തിനിരുത്തല്‍; ഇരുളിലകപ്പെട്ടവര്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ശ്രീനിവാസന്‍

Published : 12th October 2016 | Posted By: SMR

കോഴിക്കോട്: ഇരുട്ടിന്റെ ലോകത്ത് തപ്പിത്തടയുന്ന ശ്രീജിന്‍ഷയുടെ കുഞ്ഞുവിരലുകള്‍ ചേര്‍ത്തുപിടിച്ച് അരിയില്‍ ആദ്യാക്ഷരം എഴുതിപ്പിച്ച് ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍. വിജയദശമിനാളില്‍ കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയില്‍ നടന്ന കാഴ്ചവൈകല്യമുള്ളവരുടെ എഴുത്തിനിരുത്തല്‍ ചടങ്ങിലാണ് കാഴ്ച ശക്തിയില്ലാത്ത ശ്രീജിന്‍ഷ നടന്‍ ശ്രീനിവാസന്റെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചത്. ആദ്യം അരിയിലും പിന്നീട് ബ്രെയില്‍ ലിപിയിലും അക്ഷരങ്ങള്‍ കുറിച്ചു. തുടര്‍ന്ന് കംപ്യൂട്ടര്‍ വിദ്യാരംഭവും കുറിച്ചു. സംസാരിക്കുന്ന കംപ്യൂട്ടറില്‍ ഹരിശ്രീ ഗണപതയേ എഴുതുന്നതായിരുന്നു ഈ രീതി. ശ്രീജിന്‍ഷയ്ക്ക് പിന്നാലെ അദിരിദും ഹരിശ്രീ കുറിച്ചു.
വിദ്യാരംഭത്തിന്റെ ഭാഗമായി നടന്ന വായനാരംഭത്തിന്റെ ഉദ്ഘാടനം ആദായനികുതി കമ്മീഷണര്‍ (അപ്പീല്‍സ്) പി എന്‍ ദേവദാസന്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് മൊബിലിറ്റി മുന്‍ മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ ഡോ. ഐഷ ഗുഹരാജ് ഉദ്ഘാടനം ചെയതു. വൈറ്റ്‌കെയിന്‍ വിതരണം ഐഎംഎ വനിതാവിഭാഗം പ്രസിഡന്റ് ഡോ. ബാലാഗുഹന്‍ നിര്‍വഹിച്ചു. കാഴ്ചാപ്രതിബന്ധം മറികടന്ന് 150 പുസ്തകങ്ങള്‍ രചിച്ച ബാലന്‍ പൂതേരിയെ ശ്രീനിവാസന്‍ പൊന്നാട അണിയിച്ചു. ചക്ഷുമതി മാനേജിങ് ട്രസ്റ്റി ഡോ. രാംകമല്‍, കെ ടി അബ്ദുല്‍സത്താര്‍, ട്രാഫിക് സിഐ ടി പി ശ്രീജിത്, കസബ സിഐ പി പ്രമോദ്, പുത്തലത്ത് കണ്ണാശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് പുത്തലത്ത്, അശോകന്‍ ആലപ്രത്ത് സംസാരിച്ചു.—
ചെന്നൈ ഐഐടിയിലെ കെ പി മണി, പി അഖില്‍, ശ്രീജ, അലിമോന്‍ എന്നിവര്‍ ക്ലാസെടുത്തു. കാഴ്ചയുള്ളവരെ പിന്നിലാക്കി സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ വിജയിയായ ദേവികിരണിന്റെ പ്രാര്‍ഥനയോടെയായിരുന്നു ചടങ്ങിന്റെ തുടക്കം. മഹാത്മ ഐ റിസര്‍ച്ച് ഫൗണ്ടേഷന്‍, അന്ധര്‍ക്കായുള്ള പഠനരംഗത്ത്  നൂതന സംവിധാനങ്ങള്‍ ആരംഭിച്ച തിരുവനന്തപുരത്തെ ചക്ഷുമതി അസിസ്റ്റീവ് ടെക്‌നോളജി സെന്റര്‍ എന്നിവയുടെ  സഹകരണത്തോടെയാണ് വിദ്യാരംഭം സംഘടിപ്പിച്ചത്.
അതെസമയം ഡോക്ടര്‍മാരില്‍ ഭൂരിഭാഗത്തിനും— രോഗികളോടല്ല, മരുന്നുകമ്പനികളോടാണ് കടപ്പാടെന്ന്  ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു . മരുന്നുമാഫിയയുടെ നിയന്ത്രണത്തിലാണ് അലോപ്പതി ചികില്‍സ ഇന്ന്.  സ്‌പോണ്‍സര്‍ ചെയ്യുകയും ലോകസവാരിക്ക് അവസരമൊരുക്കുകയും ചെയ്യുന്ന ഈ മാഫിയക്കെതിരേ ഡോക്ടര്‍മാര്‍ മിണ്ടുന്നേയില്ല. ആളുകളെ രോഗികളാക്കുന്ന ചതിക്കുഴികളൊരുക്കുന്ന വന്‍കിട മരുന്നുകമ്പനികളുടെ വലയിലാണിവര്‍- കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാരംഭം കുറിക്കല്‍ ഉദ്ഘാടനം ചെയ്ത് ശ്രീനിവാസന്‍ പറഞ്ഞു.
നമ്മുടെ ജീവിതശൈലി മോശമായതിനാലാണ് രോഗങ്ങളും ആശുപത്രികളും പെരുകുന്നത്. മരുന്ന് വില്‍ക്കാനുള്ള കമ്പനികളുടെ തട്ടിപ്പുകൂടി ചേരുമ്പോള്‍ സ്ഥിതി വഷളാവുന്നു. കാന്‍സറടക്കമുള്ളവയെ വ്യവസായമായാണ് കമ്പനികള്‍ കാണുന്നത്. അതിനാല്‍ വേദനസംഹാരികള്‍ അടിക്കടിയുണ്ടാവുന്നു. മാറാനുള്ള മരുന്നില്ല. എല്ലാ ചികില്‍സാരീതികളും സമന്വയിപ്പിച്ചുള്ള സംവിധാനമാണ് ഇന്നാവശ്യമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക