|    Oct 16 Tue, 2018 3:53 pm
FLASH NEWS

കാഴ്ചയുള്ളവരെ തോല്‍പിച്ച് ഫാത്തിമ അന്‍ഷി

Published : 18th September 2017 | Posted By: fsq

 

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: ഒരു ഗാനം നന്നായോ എന്നുവിധിക്കേണ്ടത് ശ്രോതാക്കളാണ്. അത്തരമൊരു വിചാരണക്കിരയാക്കിയാല്‍ തലയുയര്‍ത്തിക്കൊണ്ട് ജനങ്ങളെ നോക്കാന്‍ കഴിയുന്ന പാട്ടുകാരിയാണ് പതിനൊന്നുകാരി ഫാത്തിമ അന്‍ഷി. കാഴ്ചയുള്ളവരെ തോല്‍പ്പിച്ച ഫാത്തിമ അന്‍ഷി. ചുമരിലെ പാട്ടുകാരന്റെ  ഗാനംപോലെ നിലക്കാത്ത ഗാനമാണ് അന്‍ഷിയക്ക് ചുറ്റും വെളിച്ചമേകുന്നത്. കണ്ണില്‍ ഇരുട്ടായി ജനിച്ച അന്‍ഷി ലോകം മുഴുവന്‍ കാണുന്നതു കാഴ്ചയുടെ ഉടുപ്പണിയാത്ത  പാട്ടുകളിലൂടെയാണ്. റിയാലിറ്റി ഷോകളിലെ മിന്നും താരമായ ഈ പെണ്‍കുട്ടി സംഗീതത്തിലൂടെ പരിമിതികളെ മറികടക്കുന്നു. സംഗീതത്തില്‍ അന്‍ഷിയുടെ പ്രതിഭ തൊട്ടറിഞ്ഞ സംഗീതാധ്യാപകന്‍ നിസാര്‍ തൊടുപുഴയുടെ  നിര്‍ദ്ധേശ പ്രകാരം പിതാവ് മേലാറ്റൂര്‍ എടപ്പൊറ്റ തൊടുകുഴിക്കുന്നുമ്മല്‍ അബ്ദുല്‍ ബാരിയും ഉമ്മ ഷംലയും മകള്‍ക്കായ് വെളിച്ചമായ് നിന്നു.സംഗീതം ശാസ്ത്രീയമായി പഠിച്ച അന്‍ഷി സ്‌കൂള്‍ കലോത്സവങ്ങളിലെ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും ,കഥാപ്രസംഗത്തിലും ദേശഭക്തിഗാനത്തിലും പലവട്ടം  ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നാലാം ക്ലാസ് മുതല്‍തന്നെ സ്‌കൂള്‍തല മത്സരങ്ങളില്‍ അന്‍ഷി സമ്മാനങ്ങള്‍ നേടുന്നുണ്ട്. പതിനൊന്ന് വയസ്സുള്ള അന്‍ഷി മലപ്പുറം വിളിക്കാപ്പറ്റ അന്ധവിദ്യാലയത്തില്‍ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. ഒരു ചാനലിലെ റിയാലിറ്റിഷോയില്‍ സെമിഫൈനല്‍ വരെ എത്തിയ ഈ മിടുക്കിയിപ്പോള്‍ കുട്ടിപ്പട്ടുറുമാല്‍ റിയാലിറ്റി ഷോയില്‍ മത്സരത്തില്‍ മുന്നേറുന്നുണ്ട്.യൂറ്റിയൂബില്‍ അന്‍ഷിയുടെ പാട്ടുകള്‍ക്ക് കാഴ്ചക്കാര്‍ ലക്ഷങ്ങളാണ്.ഹൃദയം തൊടുന്ന അന്‍ഷിയുടെ പാട്ടുകള്‍ ഒരു നിമിഷം നമ്മെ ഭാവലയതാളം തീര്‍ക്കും. ഏതൊരു ഗാനം ഒരൊറ്റ മാത്രയില്‍ കേട്ടാല്‍ മതി ,അതിന്റെ രാഗം അന്‍ഷി പറയും.ഇപ്പോള്‍ ശാസ്ത്രീയ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സ്‌കൂളിലെ അധ്യാപികയായ സജ്‌നയാണ് ശാസ്ത്രിയ സംഗീതം പഠിപ്പിക്കുന്നത്. ഒരിക്കല്‍ ഒരു സിനിമക്ക് വേണ്ടി പിന്നണിഗായികയായ അന്‍ഷി കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സഹോദരന്‍ ജോണ്‍സ് കണ്ണന്താനം നേതൃത്വം നല്‍കുന്ന അന്ധതയില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന സന്ദേശം നല്‍കുന്ന  പ്രോജക്ട് വിഷന്‍ എന്ന പദ്ധതിയുടെ കേരള ബ്രാന്റ് അംബാസഡറാണ്. ഇന്റര്‍നെറ്റ് വഴി ലോക സംഗീതങ്ങള്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന അന്‍ഷിക്ക് ഏറെ ഇഷ്ടം റഷ്യന്‍ സംഗീതമാണ്.12 ലോക ഭാഷകളും ഇതിനകം അന്‍ഷി പഠിച്ചു കഴിഞ്ഞു.ഉമ്മയാണ് അന്‍ഷിയുടെ ഏറ്റവും നല്ല സുഹൃത്ത്. ഉമ്മയെക്കുറിച്ചാണ് അന്‍ഷി ഏറ്റവും കൂടുതല്‍ പാടിയത്. ഒരിക്കല്‍ കാഴ്ചയുടെ സൗഭാഗ്യത്തിലേക്ക് എത്തുമെന്നാണ് അന്‍ഷിയുടെ വിശ്വാസം. കാണാത്ത  ഉമ്മയുടെ മനോഹരമായ ചിരി കാണണമെനിക്ക് ആദ്യം അന്‍ഷിയുടെ പ്രാര്‍ത്ഥനയാണത്. കാഴ്ചയില്ലായ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് ഒരു നിമിഷം മനസ്സുകൊണ്ട് മടങ്ങിപ്പോകുമ്പോള്‍ ഇനിയും കാണാത്ത ഉമ്മയുടെ അമൂര്‍ത്തമായ മുഖം തെളിയും. സിവില്‍ സര്‍വീസ് എടുക്കണമെന്നാണ് അന്‍ഷിയുടെ സ്വപ്‌നം .സ്വപ്‌നം മാത്രമല്ല അതിനായി ഇപ്പോള്‍ തന്നെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു ഈ മിടുക്കി. പാട്ടില്‍ മാത്രമല്ല മനോഹരമായി കീ ബോര്‍ഡ് വായിക്കുന്നതിലും അന്‍ഷി മിടുക്കിയാണ്. ആകാശവാണിയിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും നിറസാന്നിധ്യമായ അന്‍ഷിയെ മലയാളഗായക രംഗത്തെ കുലപതികളായ യേശുദാസും ഗാനരചയിതാവായ കൈതപ്രം നമ്പൂതിരിയും അംഗീകാരങ്ങളാല്‍ പ്രശംസിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss