|    Nov 21 Wed, 2018 1:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാഴ്ചയില്ല; പ്രദീപിനോട് ബസ് ഓടിക്കാന്‍ പറഞ്ഞ് കെഎസ്ആര്‍ടിസി

Published : 10th September 2018 | Posted By: kasim kzm

നിസാര്‍ ഇസ്മയില്‍

പൊന്‍കുന്നം: വലതുകണ്ണിനു പൂര്‍ണമായും കാഴ്ചയില്ലെങ്കിലും പ്രദീപിന് ബസ് ഓടിക്കാന്‍ നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി. ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ റിപോര്‍ട്ടില്‍ 30 ശതമാനം കാഴ്ചവൈകല്യം എന്നു രേഖപ്പെടുത്തിയതാണ് ഇദ്ദേഹത്തിനു ബസ് ഓടിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കാരണം. കോര്‍പറേഷന്റെ പുതിയ തീരുമാന പ്രകാരം 40 ശതമാനം വൈകല്യമുള്ളവര്‍ക്ക് മറ്റു ചുമതലകളിലേക്ക് മാറ്റംനല്‍കിയാല്‍ മതിയെന്ന നിലപാടാണ് പ്രദീപിന് ഇക്കാര്യത്തില്‍ തടസ്സമാവുന്നത്. അതോടെ അദര്‍ ഡ്യൂട്ടിക്ക് അര്‍ഹത നഷ്ടപ്പെട്ടു വണ്ടിയോടിക്കേണ്ട ദുസ്ഥിതിയിലാണ് ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ പ്രദീപ്കുമാര്‍. തമ്പലക്കാട് കുറ്റിമാക്കല്‍ എസ് പ്രദീപ്കുമാര്‍ തന്റെ ദുരവസ്ഥ മൂലം ജോലി ചെയ്യാനാവാതെ വിട്ടുനില്‍ക്കുകയാണിപ്പോള്‍. രക്തസമ്മര്‍ദം മൂലം 2013ലാണു വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടത്. കൂടാതെ ഇടയ്ക്കിടെ അപസ്മാരം മൂലം തലചുറ്റി വീഴും. ഏതാനും മാസം മുമ്പ് ചേന്നാട് റൂട്ടില്‍ ബസ്സോടിക്കുന്നതിനിടെ ഇത്തരത്തില്‍ ബോധക്ഷയം വന്ന് ബസ് അപകടത്തില്‍പ്പെട്ടിരുന്നു. സ്‌റ്റോര്‍ കീപ്പറായും വെഹിക്കി ള്‍ സൂപ്പര്‍വൈസറായും സെക്യൂരിറ്റിയായും തസ്തികമാറ്റം വഴി ജോലി ചെയ്തു. എന്നാല്‍ പുതിയ തീരുമാന പ്രകാരം ഇനി അത്തരം ഡ്യൂട്ടി ചെയ്യാനാവില്ല. പഴയ തസ്തികയില്‍ ജോലി ചെയ്യേണ്ടി വരും. വലതുകണ്ണിനു കാഴ്ചയില്ലാത്തതിനാല്‍ പിന്നാലെയെത്തുന്ന വാഹനങ്ങളെ കണ്ണാടിയിലൂടെ കാണാനാവാത്തതു വിഷമമുണ്ടാക്കുന്നുണ്ട്. ഷണ്ടിങ് ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാണെങ്കിലും അനുമതി കിട്ടിയിട്ടില്ല. ശമ്പളമില്ലാതായതോടെ ദുരിതജീവിതം നയിക്കുകയാണിദ്ദേഹം. രണ്ടു പെണ്‍മക്കളും രോഗികളാണ്. മൂത്തമകള്‍ 17 വയസ്സുള്ള ലക്ഷ്മി പി നായര്‍ക്കും ഇളയ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി കാവ്യ പ്രദീപിനും ഹൈഡ്രോസിഫാലസ് എന്ന രോഗമാണ്. തലച്ചോറില്‍ വെള്ളം കെട്ടിനിന്ന് തല വലുതാവുന്ന അവസ്ഥ. കാവ്യ ഇതിനിടെ വീണു കൈയൊടിഞ്ഞു. 4000 രൂപയോളം പ്രതിമാസം ചികില്‍സയ്ക്കു തന്നെ വേണം. ഭാര്യ ജയമോള്‍ അയല്‍പക്കത്തെ കുട്ടികള്‍ക്കു ട്യൂഷനെടുത്താണിപ്പോള്‍ മക്കളുടെയും ഭര്‍ത്താവിന്റെയും ചികില്‍സയ്ക്കു പണം കണ്ടെത്തുന്നത്. അനര്‍ഹരായ നിരവധി പേര്‍ സ്വന്തം ജോലി ചെയ്യാതെ അദര്‍ ഡ്യൂട്ടി തരപ്പെടുത്തുന്നു എന്നു കണ്ടെത്തിയാണു കോര്‍പറേഷന്റെ തീരുമാനം. പക്ഷേ തങ്ങളെപ്പോലെ അര്‍ഹിക്കുന്നവരെ പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് പ്രദീപ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss