|    Jan 24 Tue, 2017 8:26 am

‘കാഴ്ചയില്ലാത്തവര്‍ക്കൊരു പൂന്തോപ്പ്’ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

Published : 10th August 2016 | Posted By: SMR

ചേളാരി: കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും കായ്കളും പഴങ്ങളും തൊട്ടും മണത്തും കേട്ടും അറിയാനുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോപ്പ് കാലിക്കറ്റ് സര്‍വകലാശാലയി ല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ‘ടെച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍ ഫോര്‍ വിഷ്വലി ഇംപയേര്‍ഡ്’ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നാളെ രാവിലെ 9.30ന് തുറന്നുകൊടുക്കും.
ലോകത്തിന്റെ നിറങ്ങളത്രയും നഷ്ടമായവര്‍ക്കുവേണ്ടിയുള്ള ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍, സ്വന്തം കണ്ണുകള്‍ മൂടിക്കൊണ്ടാണ് വിശിഷ്ടാതിഥികള്‍ പങ്കെടുക്കുക. കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങനെ ഈ സസ്യ-ഫല ശേഖരം പ്രയോജനപ്പെടുന്നുവെന്ന് നേരിട്ട് അനുഭവിച്ചറിയാനാണിത്. വിശിഷ്ടാതിഥികള്‍ക്കൊപ്പം കോഴിക്കോട് കൊളത്തറ വികലാംഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാഴ്ചയില്ലാത്ത വിദ്യാര്‍ഥികളും സംബന്ധിക്കും. മണമുള്ള ഇലകളോ പൂക്കളോ ഉള്ള 65 ഇനം ചെടികള്‍ തുറസ്സായ സ്ഥലത്ത് ഉയര്‍ത്തിയ പ്ലാറ്റ്‌ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ചെടിയുടെയും പേരുകള്‍ സാധാരണ രീതിയിലും ബ്രെയിലിയിലും എഴുതിയിരിക്കുന്നു. കൂടാതെ നെയിം ബോ ര്‍ഡില്‍ പ്രത്യേകതരത്തിലുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സോണിക് ലേബലര്‍ എന്ന പേനയുടെ ആകൃതിയിലുള്ള പ്രത്യേക ഉപകരണംകൊണ്ട് ഈ സ്റ്റിക്കറില്‍ സ്പര്‍ശിച്ചാല്‍ ആ ചെടിയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്പീക്കറിലൂടെ കേള്‍ക്കാന്‍ കഴിയും. ബ്രെയിലി പ്രിന്റിങ് മുംബൈയിലെ സ്ഥാപനത്തിലാണ് ചെയ്തിട്ടുള്ളത്.10 സെന്റ് സ്ഥലത്താണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സസ്യങ്ങള്‍ക്ക് പുറമേ കെട്ടിടത്തിനകത്ത് കാര്‍പോളജി ശേഖരവും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിനകത്ത് സജ്ജമാക്കിയ ഉണങ്ങിയ വിത്തുകളും പഴങ്ങളും മറ്റും ഉള്‍പ്പെട്ട ഈ കാര്‍പോളജി ശേഖരത്തിന്റെ ഉദ്ഘാടനം പി അബ്ദുല്‍ ഹമീദ് എംഎല്‍എ നിര്‍വഹിക്കും.
വിവിധയിനം കള്ളിച്ചെടികളുടെ ശേഖരം ഉള്‍പ്പെടുത്തി ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരുക്കിയ തോട്ടത്തിന്റെ ഉദ്ഘാടനവും അന്നേദിവസം വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ടെച്ച് ആന്റ് ഫീല്‍ ഗാര്‍ഡനു വേണ്ടി 17 ലക്ഷം രൂപ നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക