|    Aug 22 Tue, 2017 10:51 am
FLASH NEWS

കാളികാവ് ഗ്രാമപ്പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത

Published : 22nd July 2016 | Posted By: SMR

കാളികാവ്: മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്ന കാളികാവ് ഗ്രാമപ്പഞ്ചായത്തില്‍ ഈ മാസം അവസാനത്തോടെ ഭരണമാറ്റത്തിന് സാധ്യത. ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പരസ്പരം ഏറ്റുമുട്ടിയിരുന്നു.
യുഡിഎഫ് ഭരിച്ചിരുന്ന മുന്‍ ഭരണസമിതിക്കെതിരേ അഴിമതി ആരോപണമുന്നയിച്ച് യൂത്ത്‌ലീഗ് നടത്തിയ മാര്‍ച്ചോടെയാണ് കാളികാവില്‍ മുന്നണിക്കുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായി പരസ്പരം ശക്തിപ്രകടനങ്ങളും പൊതുയോഗങ്ങളും പോര്‍വിളികളും നടന്നു. ചെറിയ തോതില്‍ കൈയാങ്കളിയും നടന്നു. ഇതോടെ മുന്നണി ബന്ധം പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലേക്കും ബ്ലോക്ക് ഡിവിഷനുകളിലേക്കും ഇരു പാര്‍ട്ടികളും പരസ്പരം ഏറ്റുമുട്ടി. തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്തില്‍ സിപിഎം 8 വാര്‍ഡുകളിലും കോണ്‍ഗ്രസ് 6 വാര്‍ഡിലും ലീഗ് 5 വാര്‍ഡിലും വിജയിച്ചു. സിപി എമ്മും ലീഗും പരസ്പര ധാരണയോടെയായിരുന്നു ഏതാനും വാര്‍ഡുകളില്‍ മല്‍സരിച്ചത്. ഇതോടെ ബദ്ധ വൈരികളായി കോണ്‍ഗ്രസും ലീഗും മാറി. തിരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് മുന്നണി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്നണി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും ആദ്യ പകുതിയെ ചൊല്ലി തര്‍ക്കം ശക്തമാവുകയായിരുന്നു.
തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ലീഗ് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് സീറ്റുളള സിപിഎം അംഗങ്ങളായ എന്‍ സൈദാലി പ്രസിഡന്റായും സി ഖൗലത്ത് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും സിപിഎമ്മും ലീഗും പരസപര സഹകരണത്തോടെയാണ് മല്‍സരിച്ചത്. എന്നാല്‍, നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസും ലീഗും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്.
ചില സ്ഥലങ്ങളില്‍ ഭിന്നത തുടര്‍ന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ എ പി അനില്‍കുമാറിന് നേടാനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ യോജിപ്പ് നിലനിര്‍ത്തി മുന്നണി സംവിധാനം പുനസ്ഥാപിക്കാനാണ് ഇപ്പോള്‍ നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നിരുന്നു. മണ്ഡലം കമ്മിറ്റി അംഗങ്ങളും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളും വാര്‍സ് പ്രസിഡന്റുമാര്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍ പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് ചേര്‍ന്നത്. യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ 24ന് ഉമ്മന്‍ചാണ്ടി മലപ്പുറത്തെത്തുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, വി വി പ്രകാശ് തുടങ്ങിയ പ്രമുഖ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. പഞ്ചായത്തിലെ ആദ്യ പകുതി പ്രസിഡന്റ് പദവി മുസ്‌ലിംലീഗിന് വിട്ടുനല്‍കിയേക്കും.
ജില്ലയിലെ ലീഗുമായി ഇടഞ്ഞ് നില്‍ക്കുന്ന മറ്റ് പഞ്ചായത്തുകളില്‍കൂടി അന്നേ ദിവസം പ്രശനം പരിഹരിക്കുമെന്നാണറിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക