|    Nov 19 Mon, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാളക്കൂറ്റന്‍മാര്‍ കൊമ്പുകുലുക്കുമോ?

Published : 1st July 2018 | Posted By: kasim kzm

മോസ്‌കോ: 81,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന നാലാം പ്രീക്വാര്‍ട്ടറില്‍ 2010ലെ കിരീട ജേതാക്കളായ സ്‌പെയിന്‍ റഷ്യന്‍പടയെ മുട്ടുകുത്തിച്ച് നാട്ടുകാരെ കണ്ണീരിലാഴ്ത്തുമോ… 2010ലെ കിരീട നേട്ടം രാപകലില്ലാതെ ആഘോഷിച്ച സ്‌പെയിനിന് പക്ഷേ, അടുത്ത ലോകകപ്പില്‍ ആദ്യ ഘട്ടത്തില്‍ തന്നെ മടങ്ങാനായിരുന്നു വിധി. എന്നാല്‍, ടീം പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്ന ഈ ലോകകപ്പിനു ശേഷം സ്പാനിഷ് ടീമില്‍ നിന്ന് എന്നന്നേക്കുമായി വിട പറയുന്ന സൂപ്പര്‍ താരം ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് രണ്ടാം ലോകകപ്പ് സമ്മാനിച്ച് മികച്ചൊരു വിട നല്‍കാനുറച്ചാവും ടിക്കിടാക്കയുടെ നാട്ടങ്കക്കാര്‍ റഷ്യക്കെതിരേ ബൂട്ടണിയുക. ലോക 70ാം നമ്പര്‍ ടീമിനെ ലോക 10ാം നമ്പര്‍ ടീം നേരിടുമ്പോള്‍ സ്പാനിഷ് പട മുന്നോട്ടു കുതിക്കുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് ചിറകു മുളയ്ക്കുമോ എന്നതിനുള്ള മറുപടി ഇന്നു രാത്രി 9.20ഓടെ അറിയാം. എന്നാല്‍, റാങ്കിങിലൊന്നും വലിയ കാര്യമില്ലെന്നു തെളിയിച്ച് ലോക ഒന്നാം നമ്പര്‍ ടീമായ ജര്‍മനി പുറത്തു പോയതോടെ അക്കാര്യത്തെ ഓര്‍ത്ത് റഷ്യന്‍ ടീമിന് ആശങ്കയില്ല. പണ്ട് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്നപ്പോള്‍ നേടിയ നാലാം സ്ഥാനമാണ് ഇന്നും റഷ്യക്കാര്‍ക്ക് ഓര്‍ക്കാന്‍ വക നല്‍കുന്നത്. എന്നാല്‍, സ്വതന്ത്രരായതിനു ശേഷം ആകെ മൂന്നു ലോകകപ്പില്‍ പന്ത് തട്ടിയ റഷ്യ ഈ ലോകകപ്പിലൂടെ ആദ്യമായാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇന്ന് സ്‌പെയിനിനെ അട്ടിമറിച്ച് നാട്ടുകാരുടെ മുന്നില്‍ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനത്തോടെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയര്‍.ഗ്രൂപ്പില്‍ ഇവര്‍ഗ്രൂപ്പ് ബിയില്‍ രണ്ടു സമനിലയും ഒരു ജയവും നേടിയാണ് സ്‌പെയിന്‍ അവസാന ആറില്‍ കടന്നത്. അതും നിര്‍ണായകമായ അവസാന മല്‍സരത്തില്‍ അവസാന നിമിഷത്തില്‍ വാറിലൂടെ മൊറോക്കോയെ 2-2ന്റെ സമനിലയില്‍ തളച്ച്. ഗ്രൂപ്പില്‍ സമനില വഴങ്ങിയും ഒരു ഗോളിന് ജയിച്ചും പ്രീക്വാര്‍ട്ടറില്‍ കടന്ന സപെയിനിന്റെ പരാജയസാധ്യതയും തള്ളിക്കളയാനാവില്ല. കരുത്തരായ പോര്‍ച്ചുഗലുമായി ലോകകപ്പിന്റെ ആദ്യ ദിനം 3-3ന്റെ സമനിലയില്‍ പിരിഞ്ഞ ടീം രണ്ടാം മല്‍സരത്തില്‍ ഇറാനെ 1-0നാണ് വെന്നിക്കൊടി നാട്ടിയത്. പിന്നീട് നടന്ന മൂന്നാം മല്‍സരത്തിലൂടെയാണ് സ്‌പെയിന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. അതേസമയം, ലോകകപ്പിലെ മറ്റു ഗ്രൂപ്പുകളെ അപേക്ഷിച്ച് ദുര്‍ബല ടീമെന്നറിയപ്പെടുന്ന ഗ്രൂപ്പ് എയില്‍ നിന്നു രണ്ടാം സ്ഥാനവുമായാണ് റഷ്യ പ്രീക്വാര്‍ട്ടറിനിറങ്ങുന്നത്. ഉറുഗ്വേയും സൗദി അറേബ്യയും ഈജിപ്തും അടങ്ങിയ ഗ്രൂപ്പില്‍ ചാംപ്യന്‍മാരായ ഉറുഗ്വേയോട് മാത്രമാണ് റഷ്യ പരാജയപ്പെട്ടത്. അവരോട് 3-0ന് പരാജയപ്പെട്ടാണ് റഷ്യ സ്‌പെയിനിനെതിരേ ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമുകളിലൊന്നുമായി സ്‌പെയിന്‍ ഏറ്റുമുട്ടുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രകടമായ പ്രതിരോധത്തിന്റെ പിഴവുകള്‍ കാറ്റില്‍പ്പറത്തി ടീമിനെ ഇറക്കാനാണ് കോച്ച് ഹീറോ ശ്രമിക്കുക. കളിക്കളത്തിലെ ആരവംകളിക്കാരെക്കാള്‍ ആരാധകരുടെ പിന്തുണയാണ് റഷ്യന്‍ ടീമിനെ ഗ്രൂപ്പ് ഘട്ടം കടത്തിയത് എന്നു വേണമെങ്കില്‍ പറയാം. ലോകകപ്പില്‍ ഇതുവരെയുള്ള ടോപ്‌സ്‌കോറര്‍മാരില്‍ മൂന്നു ഗോളുകള്‍ വീതം നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്‌പെയിനിന്റെ ഡീഗോ കോസ്റ്റയും റഷ്യയുടെ ഡെനിസ് ചെറിഷേവും നേരില്‍ പോരടിക്കുന്നു എന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്. മൊറോക്കോയ്‌ക്കെതിരേ സമനില ഗോള്‍ കണ്ടെത്തിയ സ്‌ട്രൈക്കര്‍ ഇയാഗോ ആസ്പാസിലും ടീം വിശ്വാസമര്‍പ്പിക്കുന്നുണ്ട്. കളിക്കളത്തിലിറങ്ങിയ 382 മിനിറ്റ് കൊണ്ട് ആറു ഗോള്‍ നേടിയ താരത്തിനൊപ്പം നിര്‍ത്താന്‍ പറ്റിയ മറ്റൊരു സ്പാനിഷ് താരവും നിലവിലില്ല. എങ്കിലും മികച്ച ഫിനിഷിങ് നടത്താന്‍ സാധിക്കാത്ത മുന്നേറ്റവും ടീമിന് തലവേദനയാണ്. ഈ ലോകകപ്പില്‍ സ്പാനിഷ് വല ലക്ഷ്യമായി പാഞ്ഞ ആറു ഷോട്ടില്‍ അഞ്ചും വഴങ്ങിയ ഡേവിഡ് ഡി ജിയയിലാണ് ടീം ആശങ്ക പ്രകടിപ്പിക്കുന്നത്. എന്നാല്‍, പ്രീമിയര്‍ ലീഗിലെ മികച്ച താരമാണെന്നതിനാല്‍ കോച്ച് ഫെര്‍ണാണ്ടോ ഹീറോ താരത്തെ ഇറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയേസ്റ്റയ്ക്ക് കിരീടം സമ്മാനിച്ചു മടങ്ങാന്‍ വിജയം അനിവാര്യമായ സ്‌പെയിനിനെ കീഴ്‌പ്പെടുത്തി ചരിത്രം രചിക്കാനായി സ്വന്തം നാട്ടുകാരുടെ മുന്നില്‍ റഷ്യ ഇറങ്ങുമ്പോള്‍ കളിക്കളത്തില്‍ തീപന്തങ്ങള്‍ പായുമെന്നുറപ്പ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss