|    Nov 22 Thu, 2018 4:01 pm
FLASH NEWS

കാല്‍ മുറിച്ചുമാറ്റേണ്ടിവന്ന രോഗിക്ക് ഒരുലക്ഷം രൂപ നല്‍കണമെന്ന്

Published : 9th May 2018 | Posted By: kasim kzm

തൃശൂര്‍: യഥാസമയം ചികിത്സ നല്‍കാത്തതുകാരണം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട രോഗിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
സംഭവത്തെകുറിച്ച് അനേ്വഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കമ്മീഷന്‍ ഉത്തരവ് പാലിക്കാത്ത തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. മലയാളത്തിലുള്ള പരാതികള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി അയക്കുന്ന ആരോഗ്യവകുപ്പിന്റെ രീതി പരാതിക്കാരുടെ അജ്ഞത ചൂഷണം ചെയ്യലാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ മാനിച്ചുകൊണ്ട് പരാതികള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.തൃശൂര്‍ എല്‍ത്തുരുത്ത് ലാലൂര്‍ സ്വദേശി ആന്റണിക്കാണ് ദുരനുഭവം ഉണ്ടായത്. 2017 ഏപ്രില്‍ നാലിനുണ്ടായ ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ ആന്റണിയെ അന്നുതന്നെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തതിനെകുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അനേ്വഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇടതുകാലിന്റെ മുട്ടിനു താഴെ എല്ലിന്റെ ഉള്ളില്‍കൂടി പിന്‍ തുളച്ചുകയറി യുക്ലാമ്പ് ഫിറ്റ് ചെയ്ത് അഞ്ച് കിലോ മണല്‍ നിറച്ച സഞ്ചിയടക്കം കിഴികെട്ടി രാത്രി മുഴുവന്‍ തന്നെ സ്ട്രച്ചറില്‍ കിടത്തിയതായി പരാതിയില്‍ പറയുന്നു. കിടക്ക ഒഴിവില്ലാത്തതിനാല്‍ പിന്നീട് നിലത്ത് കിടത്തി. വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും വിവരം പറഞ്ഞെങ്കിലും തിരിഞ്ഞുനോക്കിയില്ല. മുട്ടുനു താഴെ നിന്നും ദുര്‍ഗന്ധവും വെള്ളവും വന്നു തുടങ്ങി.
നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ആന്റണിയെ സന്ദര്‍ശിച്ച ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ് പിന്‍ അഴിച്ചുമാറ്റി സ്‌കാന്‍ ചെയ്തപ്പോള്‍ പഴുപ്പുണ്ടെന്നും കീറികളയണമെന്നും പറഞ്ഞ് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കാല്‍ മുറിക്കണമെന്ന് ബന്ധുക്കളെ അിറയിച്ചു. കാല്‍ മുറിച്ചില്ലെങ്കില്‍ പഴുപ്പ് വൃക്കയിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കാല്‍ മുറിച്ചു. അച്ഛനും അമ്മയും പെണ്‍കുട്ടികളുമടങ്ങുന്ന ആന്റണിയുടെ കുടുംബം വരുമാനമാര്‍ഗമില്ലാതെ ദുരിതത്തിലാണ്.കമ്മീഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. തോംസി അനില്‍ ജോണ്‍സന്‍ തന്റെ വകുപ്പധ്യക്ഷന് നല്‍കിയ റിപ്പോര്‍ട്ടാണ് കമ്മീഷനിലേക്ക് അയച്ചുതന്നത്. ഡോ. തോംസീ അനില്‍ ചികിത്സാ സഹായത്തിനുള്ള മെഡിക്കല്‍ ബില്‍ ഒപ്പിട്ട് നല്‍കിയില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. റിപ്പോര്‍ട്ട് ചോദിക്കുമ്പോള്‍ പരാതിക്കാരന്റെ മൊഴിയെടുക്കാതെ ഏകപക്ഷീയമായി തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമാനുസൃതമല്ലെന്ന് ഉത്തരവില്‍ പറഞ്ഞു. ചികിത്സാരേഖകള്‍ പരിശോധിക്കാതെയും തെളിവെടുക്കാതെയും നടത്തുന്ന പ്രഹസനങ്ങള്‍ നിയമവാഴ്ചക്ക് നിരക്കുന്നതല്ലെന്നും ഉത്തരവില്‍ പറഞ്ഞു.
പരാതികള്‍ അനേ്വഷണവിചാരണ ചെയ്യുമ്പോള്‍ കമ്മീഷന് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ടെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു.  യഥാസമയം ചികിത്സിച്ചിരുന്നെങ്കില്‍ സ്വന്തം കാല്‍ സംരക്ഷിക്കാമായിരുന്നു എന്ന പരാതിക്കാരന്റെ വാദം പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ചികിത്സാ സഹായത്തിനുള്ള ബില്ലിലും സര്‍ട്ടിഫിക്കേറ്റിലും ഒപ്പിട്ട് നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന പരാതി ആരോഗ്യവകുപ്പധികൃതര്‍ പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് രണ്ടാഴ്ചക്കകം രേഖകള്‍ പരിശോധിച്ച് തീര്‍പ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പരാതിക്കാരന് നല്‍കിയ ചികിത്സയെകുറിച്ച് സമഗ്രമായ അനേ്വഷണം വേണം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യവകുപ്പിലെ ഉന്നതതല ടീമിന് ചുമതല നല്‍കണം. അനേ്വഷണ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കണം. പരാതിക്കാരന് സര്‍ക്കാര്‍ മറ്റേതെങ്കിലും സമാശ്വാസം നല്‍കിയിട്ടുണ്ടോ എന്ന് ജില്ലാ കലക്ടര്‍ ഒരു മാസത്തിനകം അറിയിക്കണം. കേസ് ഇന്ന് തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss