|    Oct 16 Tue, 2018 6:50 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കാല്‍പ്പന്തുമായി കളത്തിലിറങ്ങി ഇന്ത്യന്‍ താരങ്ങള്‍

Published : 8th November 2017 | Posted By: fsq

 

തിരുവനന്തപുരം: മഴമേഘങ്ങള്‍ തലയ്ക്കുമുകളില്‍ താണ്ഡവമാടിയിട്ടും അണചോരാത്ത ആവേശവുമായി ഒഴുകിയെത്തിയ നീലക്കടല്‍ ആര്‍ത്തുവിളിച്ചു… ഇന്ത്യ… ഇന്ത്യ.. കടലിരമ്പം പോലെ അതു ഗാലറിയെ ഇളക്കിമറിച്ചു. മൂന്നര പതിറ്റാണ്ടിനുശേഷം തലസ്ഥാനത്തെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തെ അക്ഷരാര്‍ത്ഥത്തില്‍ കേരളക്കര നേഞ്ചേറ്റുകയായിരുന്നു. മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഇന്നലെ രാവിലെ മുതല്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബും പരിസരവും ആവേശലഹരിയിലായിരുന്നു. സ്റ്റേഡിയത്തിലേക്കുള്ള പ്രധാനപാതകളുടെ ഇരുവശങ്ങളിലും രാവിലെമുതല്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ നീലക്കുപ്പായക്കാര്‍ ഇടംപിടിച്ചു. വൈകീട്ട് ഗ്രൗണ്ടിലേക്ക് പ്രവേശനം ആരംഭിച്ച് ഏറെ വൈകാതെ വിവിധ വര്‍ണങ്ങളിലായിരുന്ന ഗാലറി നീലക്കടലായി മാറി. ഇരുടീമുകളേയും ആര്‍പ്പുവിളികളോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. ന്യൂസിലന്‍ഡ് താരങ്ങള്‍ക്കു പിന്നാലെ ടീം ഇന്ത്യ എത്തിയതോടെ ആവേശം അണപൊട്ടി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലി ഗാലറിക്കുനേരെ കൈവീശിയതോടെ ജനസഞ്ചയം ഇളകിമറിഞ്ഞു. ഇതിനിടെ മഴ അല്‍പനേരം മാറിനിന്നതോടെ ഡ്രസിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലിറങ്ങിയ ന്യൂസിലന്‍ഡ് താരങ്ങളും കേരളത്തിന്റെ സ്‌നേഹം നേരിട്ടറിഞ്ഞു. ആര്‍പ്പുവിളികള്‍ അലയടിച്ചതോടെ ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോദി ഗാലറിയെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചു. വീണ്ടും ഗാലറിയില്‍ ആവേശത്തിന്റെ കടലിരമ്പം. ഗാലറിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാണ് കീവിസ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്. ഇതിനിടെ, മഴ കളി തടസ്സപ്പെടുത്തിയതോടെ വീണുകിട്ടിയ ഇടവേളയില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിയുടെ നേതൃത്വത്തിലുള്ള യുവനിര ഫുട്‌ബോളുമായി ഗ്രൗണ്ടിലേക്കിറങ്ങി. ക്രിക്കറ്റിനെ മാത്രമല്ല, ഫുട്‌ബോളിനേയും ആവേശത്തോടെ നെഞ്ചേറ്റിയ കേരളക്കര ടീമിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചു. വിരാടിനു പുറമെ ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, മുഹമ്മദ് സിറാജ്, മനീഷ് പാണ്ഡെ എന്നിവരാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുമായി കാണികളെ ആവേശത്തിലാക്കിയത്. ജസ്പ്രീത് ബുംറയും ദിനേശ് കാര്‍ത്തിക്കും ഒപ്പം ഗ്രൗണ്ടിലിറങ്ങിയെങ്കിലും ഔട്ട്ഫീല്‍ഡ് പരിശോധിച്ച ശേഷം ഇരുവരും ഡ്രസിങ് റൂമിലേക്ക് മടങ്ങി. കോച്ച് രവി ശാസ്ത്രിയെ സാക്ഷിനിര്‍ത്തിയാണ് താരങ്ങള്‍ ഫുട്‌ബോളില്‍ ഒരുകൈ നോക്കിയത്. ബാറ്റുകൊണ്ട് മാത്രമല്ല, കാല്‍പ്പന്തുകളിയിലും താന്‍ പെര്‍ഫെക്ടാണെന്ന പ്രകടനമാണ് കോഹ്്‌ലി പുറത്തെടുത്തത്. ക്യാപ്റ്റന്റെ മാന്ത്രികത ക്രിക്കറ്റില്‍ മാ്രതമല്ല ഫുട്‌ബോളിലും മാസ്മരികമാണെന്ന് ഗ്രീന്‍ഫീല്‍ഡിലെ കാണികള്‍ക്കും ബോധ്യമായി. രോഹിതും മനിഷ് പാണ്ഡെയും അരമണിക്കൂര്‍ പരിശീലനം നടത്തി മടങ്ങിയെങ്കിലും കോഹ്്‌ലിയും മറ്റുള്ളവരും പിന്നേയും കളിതുടര്‍ന്നു. ഇതിനിടെ ലോകേഷ് രാഹുലും ഒപ്പം കൂടിയതോടെ മികച്ചൊരു ബാറ്റിങ് കൂട്ടുകെട്ട് കണ്ട പ്രതീതിയായിരുന്നു കാണികള്‍ക്ക്. ആരാധകര്‍ക്ക് വേണ്ടുവോളം ആസ്വാദനനിമിഷങ്ങള്‍ സമ്മാനിച്ചശേഷമാണ് കോഹ്്‌ലിയും കൂട്ടരും ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss