|    Dec 15 Sat, 2018 7:48 pm
FLASH NEWS
Home   >  Sports  >  Football  >  

കാല്‍പന്ത് ലോകം മറക്കില്ല ലോകകപ്പിലെ ഈ ഹെഡ്ഡര്‍ ഗോളുകള്‍

Published : 10th June 2018 | Posted By: vishnu vis

 

മുജീബ് പുള്ളിച്ചോല

കാലുകൊണ്ട് മാത്രമല്ല, തലകൊണ്ടും വേണമെങ്കില്‍ പന്ത് ഗോള്‍ വലയിലെത്തിക്കും. കളിയുടെ തലവര തന്നെ മാറ്റിയ ചില ഫഌയിങ് ഹെഡ്ഡര്‍ ഗോള്‍ അസുലഭ മൂഹര്‍ത്തങ്ങളാണ് കളിയാസ്വദകര്‍ക്ക് സമ്മാനിക്കുക. അത്തരം തലകളില്‍ നിന്നു വിരിഞ്ഞ തല കൊണ്ട് വലയിലേക്ക് കുത്തിയിട്ട ചരിത്രത്തില്‍ ഇടം പിടിച്ച ഗോളുകള്‍ ഇവിടെഓര്‍ത്തെടുക്കാം

ജെഫ് ഹോസ്റ്റസിന്റെ ഹാട്രിക് ഗോള്‍

1966 ലെ ലോകകപ്പ് ഫൈനല്‍, ഇഗ്ലണ്ടിന്റെ വിഖ്യാത താരമായ ഹോസ്റ്റസ് ഫൈനലില്‍ പശ്ചിമ ജര്‍മനിക്കെതിരേയാണ് ഹെഡ്ഡറിലൂടെ ആ മനോഹര ഗോള്‍ വലയിലെത്തിച്ചത്. ഫൈനലിന്റെ ആദ്യ പകുതി. കളി ഇഞ്ചോടിഞ്ച് പോരില്‍ ആവേശം സമ്മാനിക്കുന്ന നിമിഷങ്ങള്‍. സൂപ്പര്‍ താരമായ ഹോസ്റ്റ് ജര്‍മന്‍ പ്രതിരോധത്തിന് ഇടയില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്നു. മുന്നേറ്റക്കാരന്‍ ബേബി മൂറിന് പിഴച്ചില്ല. പന്ത് ക്രോസ് ചെയ്തത് ഹോസ്റ്റസിന്റെ തലയിലേക്ക്. വായുവില്‍ പറന്ന് പൊങ്ങി ഹോസ്റ്റസ് ആ ഗോള്‍ വലയിലാക്കി. ലോകകപ്പിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതിച്ചേര്‍ത്ത ആ ഗോളിന്റെ മികവില്‍ ഇഗ്ലണ്ട് ജര്‍മനിയെ 4-2ന് തകര്‍ത്ത് സ്വര്‍ണ കപ്പ് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ ഫൈനലിന്റെ ആദ്യ പകുതിയില്‍ ഹാട്രിക് നേടുന്ന ഏക താരമെന്ന ബഹുമതിയും ഹോസ്റ്റസ് ഈ ഗോളിലുടെ സ്വന്തമാക്കി.

പെലെയുടെ മാന്ത്രിക ഹെഡ്ഡര്‍

ഇറ്റലിയെ 4-1ന് തകര്‍ത്ത് ബ്രസീല്‍ കിരീടമുയര്‍ത്തിയ 1970ലെ ലോകകപ്പ്. ഇറ്റലിയെ നിഷ്പ്രഭമാക്കുന്നതായിരുന്നു ബ്രസീലിന്റെ മുന്നേറ്റം. കളിയില്‍ ബ്രസീലിന്റെ ആധിപത്യം. ഇറ്റലിയുടെ പെനല്‍റ്റി ബോക്‌സിന് സമീപം നിലയുറപ്പിച്ച  പെലെക്ക് റിവേലിനോയുടെ ഉഗ്രന്‍ ക്രോസ്. ഉന്നം പിഴക്കാതെ ഇറ്റലിയുടെ ബോക്‌സിലെത്തിയ പന്ത് അമാനുഷികമായ ഉയരത്തില്‍ വായുവിലൂടെ പറന്ന് തലകൊണ്ട് പന്ത് പെലെ ഇറ്റലിയുടെ വലയിലെത്തിച്ചു. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഹെഡ്ഡര്‍ ഗോളുകളിലൊന്നായി ഇന്നും ലോക ഫുട്‌ബോളിന്റെ ഇതിഹാസം പെലെയുടെ ഈ മാസ്മരിക ഗോള്‍ അടയാളപ്പെടുത്തുന്നു.

ലെച്‌കോവിന്റെ ഡൈവിങ് ഹെഡ്ഡര്‍

1994 ലോകകപ്പില്‍ ജര്‍മനിക്കെതിരേ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ബള്‍ഗേറിയുടെ മിന്നും താരം യോര്‍ദ്ദാന്‍ ലെച്‌കോവിന്റെ ഡൈവിങ് ഹെഡ്ഡര്‍ പിറക്കുന്നത്. കളിതീരാന്‍ 12 മിനിറ്റ് ബാക്കി നില്‍ക്കെ പെനല്‍റ്റി ബോക്‌സിന് പുറത്തുനിന്നും ഉയര്‍ന്നു വന്ന പന്ത് ഡൈവിങ് ഹെഡ്ഡറിലൂടെ വലയിലേക്ക് കുത്തിയിട്ടപ്പോള്‍ ന്യൂയോര്‍ക്കിലെ ജൈന്റ് സ്‌റ്റേഡിയം ആര്‍പ്പുവിളിച്ചു. ലെച്‌കോവ് നേടിയ ഈ തീപ്പൊരി ഗോളിന്റെ ബലത്തിലാണ് ബള്‍ഗേറിയ ജര്‍മനിയെ 2-1ന് തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്നത്. 94 ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നു ലെച്‌കോവിന്റെ ഈ തകര്‍പ്പന്‍ ഗോള്‍.

സിദാന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍

1998ലെ ലോകപ്പ് മറന്നിട്ടുണ്ടാവില്ല, സിനദിന്‍ സിദാന്‍ എന്ന അതുല്യപ്രതിഭയുടെ തിളക്കത്തില്‍ ബ്രസീലിനെ 3-0ന് കീഴടക്കി ഫ്രാന്‍സ് കപ്പ് ഉയര്‍ത്തിയ വര്‍ഷം. സൂപ്പര്‍ താരം സിദാന്‍ കളം നിറഞ്ഞ് കളിക്കുന്നു, എങ്ങും സിദാന്‍ ആരവം. കോര്‍ണറില്‍ നിന്നും ബ്രസീല്‍ ബോക്‌സിലേക്ക് ഉയര്‍ന്നു വന്ന പന്തിനെ സിദാന്‍ തലവച്ച് മാസ്മരിക ഹെഡ്ഡിലൂടെ ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. ബോക്‌സില്‍ നിന്നും അസാമാന്യ ഉയരത്തില്‍ ചാടിയാണു സിദാന്‍ ഈ ഗോള്‍ സ്വന്തമാക്കിയത്. 98 ലോകകപ്പിലെ അതിസുന്ദരമായ ഗോളായിരുന്നു സിദാന്റെ ഈ ഗോള്‍

പുയോള്‍ നേടിയത് മിന്നും ഗോള്‍
2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്. സെമിഫൈനലില്‍ ജര്‍മനിയുമായുള്ള പോര്. ഉരുക്ക് മതിലിനാല്‍ പേരുകേട്ടതാണ് ജര്‍മനിയുടെ പ്രതിരോധ നിര. പക്ഷെ, സ്‌പെയിനിന്റെ ഡിഫന്‍ഡര്‍ കാര്‍ലോസ് പുയോളിനെ ഇതൊന്നും കീഴ്‌പ്പെടുത്തിയില്ല. മിഡ് ഫീല്‍ഡര്‍ സാവിയുടെ അളന്നു മുറിച്ചുള്ള കോര്‍ണര്‍ കിക്ക്. ജര്‍മന്‍ കാവല്‍ക്കാര്‍ക്കിടയിലൂടെ പക്ഷിയെപ്പോലെ പറന്ന് പുയോള്‍ പന്തിന് തലവച്ചു. ഉന്നം പിഴക്കാതെ ജര്‍മനിയുടെ വലയില്‍ പന്തെത്തി. പുയോളിന്റെ ഈ ഗോളിന്റെ ബലത്തിലാണ് കരുത്തരായ ജര്‍മനിയെ ഒരു ഗോളിന് കീഴടക്കി സ്‌പെയിന്‍ ഫൈനലിലെത്തിയതും ആദ്യ ലോകകപ്പ് സ്വന്തമാക്കിയതും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss