|    Apr 19 Thu, 2018 7:20 pm
FLASH NEWS

കാല്‍പനിക മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ ജനങ്ങള്‍ മറക്കില്ല: എം കെ മനോജ്കുമാര്‍

Published : 24th April 2016 | Posted By: SMR

പെരുമ്പാവൂര്‍: ജനങ്ങളെ കബളിപ്പിക്കാന്‍ കാല്‍പനികമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന യുഡിഎഫും എല്‍ഡിഎഫുമാണ് ഇതുവരെ കേരളം ഭരിച്ചിരുന്നതെന്ന് അവര്‍ മറന്നാലും ജനങ്ങള്‍ മറക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം കെ മനോജ്കുമാര്‍.
തിരഞ്ഞെടുപ്പ് വേളകളില്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ നല്‍കുന്ന മുദ്രാവാക്യങ്ങളും പൊള്ളയായ വാഗ്ദാനങ്ങളുമല്ലാതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനോ ജീവിതനിലാവരം മെച്ചപ്പെടുത്തുന്നതിനോ വേണ്ട പ്രായോഗികമായ ഒരു പദ്ധതിയും ഇവര്‍ നടപ്പില്‍വരുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി പെരുമ്പാവൂരില്‍ ജനവിധി തേടുന്ന വി കെ ഷൗക്കത്തലിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാല് മന്ത്രിസഭാ യോഗങ്ങളിലെടുത്ത എണ്ണൂറിലധികം തീരുമാനങ്ങളില്‍ ഭൂരിഭാഗവും കോര്‍പറേറ്റുകളേയും ഭൂമാഫിയകളേയും സഹായിക്കാനെടുത്തതാണ്. ഇവര്‍ക്ക് ഭരണത്തുടര്‍ച്ച നല്‍കിയാല്‍ കേരളം മൊത്തത്തില്‍ വില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ 35 വര്‍ഷം ഭരിച്ചിട്ടും ഒന്നും ശരിയാക്കാന്‍ കഴിയാതിരുന്ന ഇടതുപക്ഷത്തിന്റെ തട്ടിപ്പ് മുദ്രവാക്യം ജനം തിരിച്ചറിയും. പരസ്പര വിശ്വാസത്തോടെ ജീവിക്കുന്ന കേരളീയരെ തമ്മിലടിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കരുതിയിരിക്കണമെന്നും മനോജ്കുമാര്‍ പറഞ്ഞു.
എസ്ഡിപിഐ-സമാജ്‌വാദി സഖ്യം ഇന്ത്യാ രാജ്യത്ത് ഒരു മൂന്നാം ശക്തിയായി വളര്‍ന്നുവരും. സഫ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി വി കെ ഷൗക്കത്തലിയെ വിജയിപ്പിക്കണമെന്നും മനോജ് കുമാര്‍ ആഹ്വാനം ചെയ്തു.
സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും കുന്നത്തുനാട് മണ്ഡലം സ്ഥാനാര്‍ഥിയുമായ എന്‍ ഒ കുട്ടപ്പന്‍ മുഖ്യാതിഥിയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി വി കെ ഷൗക്കത്തലി, സംസ്ഥാന സമിതി അംഗം ഒ അലിയാര്‍, തിരഞ്ഞെടുപ്പ് കമ്മറ്റി ജന. കണ്‍വീനര്‍ കെ എസ് നൗഷാദ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി പി പി മൊയ്തീന്‍ കുഞ്ഞ്, എസ്പി കോട്ടയം ജില്ലാ പ്രസിഡന്റ് റോയി ചെമ്മനം, എന്‍ഡബ്ല്യൂഎഫ് ഡിവിഷന്‍ സെക്രട്ടറി സുനിത അലി, എസ്ഡിറ്റിയു മേഖലാ പ്രസിഡന്റ് നിഷാദ് വള്ളൂരാന്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എം ഫസല്‍, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി മനാഫ് ഓടയ്ക്കാലി, കെ എ അഫ്‌സല്‍, ബിന്ദു വില്‍സണ്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss