|    Mar 30 Thu, 2017 12:26 pm
FLASH NEWS

കാല്‍നൂറ്റാണ്ടു മുമ്പ്

Published : 27th July 2016 | Posted By: SMR

മാറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കുമാവില്ല എന്ന വിക്റ്റര്‍ ഹ്യൂഗോയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് കാല്‍നൂറ്റാണ്ട് മുമ്പ് അന്നത്തെ ധനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റാണ് ഇന്ത്യയിലേക്ക് ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും വാതിലുകള്‍ തുറന്നുകൊടുത്തത്. 1991 ജൂലൈ 24ന് ആയിരുന്നു അത്.
25 വര്‍ഷത്തിനുശേഷം ആഗോളവല്‍ക്കരണത്തെ വിലയിരുത്തുമ്പോള്‍ എന്താണ് ഇതിനകം ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍? ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും അഴിമതിയും തുടച്ചുമാറ്റുമെന്നായിരുന്നു ഡോ. മന്‍മോഹന്‍സിങിന്റെ വാഗ്ദാനങ്ങള്‍. അവ ഇന്നും സ്വപ്‌നമായി അവശേഷിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. സോഷ്യലിസം എന്ന വാക്ക് കേട്ടുകേള്‍വിപോലുമില്ലാതായി. ലൈസന്‍സ്‌രാജിന് അന്ത്യമുണ്ടായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടി. പകരം ആഗോള മൂലധനശക്തികളും കുത്തകകളും സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, കൃഷി, മാധ്യമം, വ്യവസായം, വാണിജ്യം, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി എല്ലാ രംഗങ്ങളിലും വിദേശ സ്വകാര്യ കമ്പനികള്‍ അവസാനവാക്കായി. ചെറുകിട കച്ചവടക്കാര്‍ വരെ തഴയപ്പെട്ടു.
നവമുതലാളിത്തത്തില്‍ നൈതികമൂല്യങ്ങള്‍ക്കോ പൊതുജനതാല്‍പര്യങ്ങള്‍ക്കോ അല്ല പ്രാധാന്യമെന്ന സത്യം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വിപണിയില്‍ ആഗോള മൂലധനശക്തികള്‍ തമ്മിലുള്ള മല്‍സരമാണു നടന്നുകൊണ്ടിരിക്കുന്നത്. വെള്ളംപോലും കച്ചവടോല്‍പന്നമായി മാറി. ജീവവായുവും ഉടനെ വിപണിയിലെത്തുമെന്നു കേള്‍ക്കുന്നു. രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അകലം വര്‍ധിച്ചിരിക്കുന്നു. സമ്പത്ത് സമൂഹത്തിന്റെ താഴെതലങ്ങളിലേക്ക് വിതരണംചെയ്യപ്പെടാത്തിടത്തോളം കാലം രാജ്യത്തെ വളര്‍ച്ചാനിരക്കു മാത്രം വര്‍ധിച്ചിട്ട് എന്തുകാര്യം?

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day