|    Nov 17 Sat, 2018 2:23 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കാലൊടിഞ്ഞ തത്ത ചിറകൊടിച്ചു

Published : 27th October 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു
നമ്മുടെ രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സിബിഐ) കൂട്ടിലടയ്ക്കപ്പെട്ട തത്ത എന്ന് വിമര്‍ശിച്ചത് സുപ്രിംകോടതിയാണ്. ദേശീയ മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യം നേടിയ ഈ തത്ത പരാമര്‍ശം നടന്നത് കൃത്യം അഞ്ചുവര്‍ഷം മുമ്പാണ്. രാജ്യത്താകമാനം അഴിമതി ഒരു കാന്‍സര്‍ രോഗം പോലെ വ്യാപിച്ച ഒരു കാലഘട്ടത്തിലായിരുന്നു സുപ്രിംകോടതിയുടെ പ്രതീകാത്മകമായ വിമര്‍ശനം. മന്‍മോഹന്‍സിങിന്റെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തില്‍ നടമാടിയ ലക്ഷം കോടികളുടെ അഴിമതി സജീവമായിരുന്ന കാലമായിരുന്നു അത്. സുപ്രിംകോടതിയുടെ കൂട്ടിലടയ്ക്കപ്പെട്ട തത്തയ്ക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരം കിട്ടിയിരുന്നു. ഈ കൂടും തത്തയുമായി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും കന്യാകുമാരി മുതല്‍ കശ്മീരം വരെ സഞ്ചരിച്ചു. അവരുടെ പ്രസംഗവാചകങ്ങളില്‍ ഉടനീളം തത്ത കടന്നുവന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച തത്തപ്രയോഗം ബിജെപി കൊണ്ടുവന്നതാണെന്നുപോലും പലരും തെറ്റിദ്ധരിക്കുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും പുറംലോകം കാണാത്ത തത്ത മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലേറ്റി. അനന്തവിഹായസ്സില്‍ ചിറകടിച്ചു പറക്കേണ്ട തത്തയെ തടവറയില്‍ അടച്ചിട്ടതില്‍ മാറത്തടിച്ചു നിലവിളിച്ച മോദിജി പ്രധാനമന്ത്രിയുമായി. തത്തയെ കളിപ്പിച്ച് വോട്ടുവേട്ട നടത്തിയ അമിത്ഷാ രാജ്യത്തിന്റെ പ്രധാന അധികാരകേന്ദ്രവുമായി. അതോടെ വെളിച്ചം കാണാത്ത, ശുദ്ധവായു ശ്വസിക്കാത്ത, പറന്നുയരാന്‍ മോഹിക്കുന്ന തത്ത കൂട്ടിലിരുന്ന് സന്തോഷംകൊണ്ട് തുള്ളിച്ചാടി. പാവം തത്തയ്ക്ക് മോചനമായി എന്ന് പക്ഷിസ്‌നേഹികളില്‍ പലരും പ്രതീക്ഷിക്കുകയും ചെയ്തു.
പക്ഷേ, നടന്നത് ഏറെ ദുഃഖകരം. നാളെ തുറന്നുവിടുമെന്ന് മോഹിപ്പിച്ച് നാലര വര്‍ഷത്തോളം തത്തയെ ഇരുമ്പഴിക്കുള്ളിലാക്കിനിര്‍ത്തി. ഒടുക്കം ഒരു തത്തയെ കൂടി കൂട്ടിലടച്ചു. ഇനിയൊരിക്കലും ഇരുട്ടില്‍ നിന്ന് വെളിച്ചത്തേക്കു കടത്തിവിടില്ലെന്ന സന്ദേശവും നല്‍കി. പക്ഷികളില്‍ താരപദവിയാണ് തത്തയ്ക്കുള്ളത്. നയനാനന്ദകരമായ കാഴ്ച. അതേസമയം തത്തയുടെ കൊക്കിന് മറ്റൊരു പക്ഷികള്‍ക്കുമില്ലാത്ത സവിശേഷതയുണ്ട്. അക്രമകാരിയാണ്. കൊക്കിന് നല്ല മൂര്‍ച്ചയുമുണ്ട്. ഏറെക്കാലം കൂട്ടില്‍ കിടന്ന് നരകയാതന അനുഭവിക്കുന്ന തത്തയ്ക്ക് മിണ്ടിപ്പറയാനെങ്കിലും ഒരാളാവട്ടെ എന്നു കരുതിയാവാം ഒരു തത്തയെ കൂടി അങ്ങോട്ട് അയച്ചത്. എന്നാല്‍, നടന്നത് നേരെ വിപരീതമാണ്. അങ്ങു ദൂരെ ഗുജറാത്ത് ഭാഗത്തുനിന്നു പറന്നുവന്ന തത്ത ഏട്ടന്‍തത്തയെ വേണ്ടവിധം കൈകാര്യം ചെയ്തു. വലത്തെ കാല്‍ തല്ലിയൊടിച്ചു. ഏട്ടന്‍തത്ത ഏറെനേരം പൊട്ടിക്കരഞ്ഞു. വിരുന്നുകാരനെ അനുനയിപ്പിച്ച് സ്‌നേഹബഹുമാനത്തോടെ കഴിയാമെന്ന് പിന്നീട് ആലോചിച്ചുറപ്പിച്ചു. എന്തുചെയ്യാം? ഇടത്തെ കാലും തല്ലിയൊടിക്കാനാണ് പരാക്രമിയായ വിരുന്നു വന്ന തത്ത മുതിരുന്നത്. ജീവഭയത്താല്‍, ഗത്യന്തരമില്ലാതെ തടവിലെ മൂത്ത തത്ത പരാക്രമിയുടെ ചിറകുകള്‍ ഒടിച്ചു. തമ്മില്‍ത്തമ്മില്‍ കൊത്തുകൂടി ചാവാനൊരുമ്പെട്ട തത്തകളെ മെരുക്കിയെടുക്കാന്‍ ഉടമസ്ഥര്‍ പതിനെട്ടടവും പ്രയോഗിച്ചുനോക്കി. മാസങ്ങള്‍ നീണ്ട ഈ പരിശ്രമം ഫലിക്കാതെ വന്നപ്പോള്‍ ഉടമസ്ഥര്‍ക്ക് അറ്റകൈ പ്രയോഗം തന്നെ വേണ്ടിവന്നു. നേരം വെളിച്ചമാവാന്‍പോലും കാത്തുനില്‍ക്കാതെ നട്ടപ്പാതിരയ്ക്ക് കൂടുതുറന്ന് കാലൊടിഞ്ഞ തത്തയെയും ചിറകൊടിഞ്ഞ തത്തയെയും ഉടമസ്ഥര്‍ മാറ്റി പ്രത്യേകം തടവറകളിലടച്ചു. ചുറ്റിലും കാവലും ഏര്‍പ്പെടുത്തി.
കൂടുപൊട്ടിച്ച് തത്തകള്‍ പുറത്തുപോയാലോ? പഴയ കൂട് തല്ലിപ്പൊളിക്കാതെ അതില്‍ പുതിയൊരു തത്തയെ പാര്‍പ്പിക്കുകയും ചെയ്തു. തങ്ങള്‍ സൃഷ്ടിച്ചുവിട്ട തത്തകളുടെ സങ്കടകരമായ കാഴ്ച പരമോന്നത നീതിപീഠത്തെ തന്നെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ടാവാം. ഇക്കാര്യത്തില്‍ കോടതിക്ക് കുറ്റബോധം ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് പ്രമുഖ നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നത്. കാരണം, പുറംലോകം ഇതുവരെ കേട്ടിട്ടില്ലാത്ത കൂട്ടിലടച്ച തത്തയുടെ കാര്യം വെളിപ്പെടുത്തുമ്പോള്‍ പരമോന്നത നീതിപീഠം വളരെ ഗൗരവപ്പെട്ട ഒരു കാര്യം കൂടി ഓര്‍മിച്ചിരുന്നു. തത്തയുടെ പിന്നാലെ നടക്കുന്നതിനിടയില്‍ ഏവരും അതങ്ങ് മറന്നു. രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കാനും വിശ്വാസ്യത വീണ്ടെടുക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് അന്നു സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ കോടതി തന്നെ അതിനു മുതിരേണ്ടിവരുമെന്നാണ് ഉത്തരവില്‍ പറഞ്ഞത്.
നാലരവര്‍ഷക്കാലം തത്തയെ പാലും തേനും നല്‍കി തടവറകളില്‍ പോറ്റിവളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയുടെ ഈ ഉത്തരവിന് കടലാസിന്റെ വിലപോലും കല്‍പ്പിച്ചില്ല. കൂട്ടില്‍ രണ്ടാമത്തെ തത്തയെ പാര്‍പ്പിച്ചപ്പോഴും രണ്ടു തത്തകള്‍ പരസ്പരം തമ്മിലടിച്ചപ്പോഴും തത്തകള്‍ക്ക് സാരമായ പരിക്കേറ്റപ്പോഴും അവശരായ തത്തകളെ കൂട്ടില്‍ നിന്നു മാറ്റി മറ്റു തടവറകളില്‍ അടയ്ക്കപ്പെട്ടപ്പോഴും പരമോന്നത നീതിപീഠം കണ്ണടച്ചുപിടിച്ചു എന്നതാണ് ആരോപണം. കാലൊടിഞ്ഞ തത്തയും ചിറകൊടിഞ്ഞ തത്തയും തങ്ങളുടെ അവശതകള്‍ മറന്ന് നീതിപീഠത്തിലേക്കു വന്നപ്പോള്‍ അഞ്ചുവര്‍ഷം മുമ്പു പുറപ്പെടുവിച്ച ഉത്തരവ് പൊടിതട്ടിയെടുക്കാന്‍ ബഹുമാനപ്പെട്ട കോടതി ശ്രമിക്കുന്നത് സന്തോഷകരമാണ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss