|    Jan 16 Mon, 2017 10:53 pm
FLASH NEWS

കാലിത്തൊഴുത്തിന്റെ ദുരിതത്തില്‍ നിന്ന് നേട്ടത്തിന്റെ നെറുകയില്‍ മനു

Published : 24th January 2016 | Posted By: SMR

കെ മുഹമ്മദ് റാഫി

തിരുവനന്തപുരം: കാലിത്തൊഴുത്തിന്റെ ദുരിതജീവിതത്തില്‍ നിന്നു സംസ്ഥാന സ്‌കൂള്‍ കലാമേളയിലെത്തി നടനവിസ്മയം തീര്‍ത്ത് മനു. തലചായ്ക്കാന്‍ ഒരുതുണ്ടു ഭൂമിയോ കൂരയോ ഇല്ലാത്ത മനു കഷ്ടപ്പാടിന്റെ കടുംപാതകള്‍ താണ്ടിയാണ് നേട്ടത്തിന്റെ മൈതാനത്തിലെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി പുകയിലത്തോപ്പ് സ്വദേശിയായ മനു മാതാവിനും ജ്യേഷ്ഠനുമൊപ്പം സ്വകാര്യവ്യക്തിയുടെ കാലിത്തൊഴുത്തിലാണ് താമസം. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ എച്ച്എസ് വിഭാഗം കുച്ചിപ്പുടി, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ മാറ്റുരച്ച മനു തിളങ്ങും വിജയം നേടി. നാലാംസ്ഥാനവും എ ഗ്രേഡുമായി കുച്ചിപ്പുടിയില്‍ മിന്നിയപ്പോള്‍ മാസ്റ്റര്‍പീസായ നാടോടിനൃത്തത്തിലും മനുവിന് എ ഗ്രേഡാണ്.
സംസ്ഥാനതലത്തില്‍ കഴിഞ്ഞ രണ്ടു തവണയും ഇരുവിഭാഗങ്ങളിലും എ ഗ്രേഡ് നേടിയിരുന്നു. കുടവൂര്‍ തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാംതരം വിദ്യാര്‍ഥിയായ മനുവിനും കുടുംബത്തിനും നടി മഞ്ജുവാര്യര്‍ വീടുവച്ചുകൊടുക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍, സ്വന്തമായി വസ്തുവില്ലാത്തതിനാല്‍ ആ സ്വപ്‌നം വിഫലമായി. വീടുവയ്ക്കാന്‍ മിച്ചഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉത്തരവായെങ്കിലും ഇപ്പോള്‍ ഭൂമിയില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞിരിക്കുകയാണ്. പിതാവ് ഉപേക്ഷിച്ചുപോയതിനാലാണ് 10 വര്‍ഷമായി ഈ കുടുംബത്തിന് കാലിത്തൊഴുത്തില്‍ കഴിയേണ്ടിവരുന്നത്. പഠനത്തോടൊപ്പം കലയിലും താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തനിക്കു കിട്ടുന്നത് തുച്ഛമായ വരുമാനമായിട്ടുപോലും മനുവിനെ നാടോടിനൃത്തവും കുച്ചിപ്പുടിയും അമ്മ പഠിപ്പിച്ചു. കുടുംബത്തിന്റെ ബുദ്ധിമുട്ടും മനുവിന്റെ നൃത്തത്തോടുള്ള അഭിനിവേശവും മനസ്സിലാക്കിയ നൃത്താധ്യാപകന്‍ കഠിനംകുളം സ്വദേശി ഐവിന്‍ പ്രതിഫലം വാങ്ങാതെ ഒമ്പതു വര്‍ഷമായി മനുവിനെ നൃത്തം അഭ്യസിപ്പിക്കുന്നു. നൃത്തപരിശീലനത്തിനും കാലിത്തൊഴുത്ത് തന്നെയാണ് മനുവിന് ആശ്രയം. പുലര്‍ച്ചെ നാലിന് എഴുന്നേറ്റു മാതാവിനൊപ്പം പശുവിനെ പരിപാലിച്ച ശേഷമാണ് ഈ നടനപ്രതിഭ സ്‌കൂളില്‍ പോവുന്നതും നൃത്തം അഭ്യസിക്കുന്നതും. ജീവിത പ്രാരബ്ധങ്ങളുടെ കാലിത്തൊഴുത്തില്‍ മനുവിന് കലയെ വിട്ടുപോവാന്‍ മനസ്സുവരുന്നില്ല. പഠനത്തോടൊപ്പം കലയും മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കാതെ വിഷമിക്കുന്നതിനിടയിലും മനക്കരുത്തിന്റെ പ്രതീകമായ മകന്‍ നടനവേദിയില്‍ താരമായതിന്റെ സന്തോഷത്തിലാണ് മാതാവ് മായ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക