|    Oct 22 Mon, 2018 5:21 pm
FLASH NEWS

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ പിടിമുറുക്കാന്‍ ബിജെപി രംഗത്ത്‌

Published : 28th September 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് സര്‍ക്കാര്‍തലത്തില്‍ അണിയറ നീക്കം നടത്തിക്കൊണ്ടിരിക്കെ സിന്‍ഡിക്കേറ്റില്‍ കയറിപ്പറ്റാന്‍ ബിജെപി ചരടുവലി തുടങ്ങി. കാലിക്കറ്റില്‍ ഇപ്പോഴുള്ള സിന്‍ഡിക്കേറ്റിന്റെ കാലാവധി അവസാനിച്ചിരിക്കെ സെനറ്റ്-സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ മാസങ്ങളോളം നീളുമെന്നിരിക്കെയാണ് നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് നീക്കമുള്ളത്.ഇരുപതംഗങ്ങള്‍ വരെയുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റില്‍ ഒന്നിലധികം സീറ്റുകളിലാണ് ബിജെപിക്കു കണ്ണുള്ളത്. ബിജെപി നേതാക്കള്‍ക്ക് സര്‍വസമ്മതരായ അധ്യാപക-അഭിഭാഷക മേഖലയില്‍ നിന്നുള്ളവരെയാണ് ഇതിനായി ഒരുക്കിനിര്‍ത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റില്‍ ഒപ്പു വയ്‌ക്കേണ്ടത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറായതാണ് ബിജെപി ഇതിനു വേണ്ടി രംഗത്തിറങ്ങിയത്. ബിജെപി നിര്‍ദേശിക്കുന്നവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പിണറായി സര്‍ക്കാറിന് സമ്മതിക്കേണ്ടിവരും.എതിര്‍ത്താല്‍ ചാന്‍സലര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫയലില്‍ ഒപ്പുവയ്ക്കാതെ താമസിപ്പിക്കുകയോ മടക്കുകയോ ചെയ്യാം. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് ഇടതുപക്ഷത്തിന് ബിജെപിയുടെ ആവശ്യത്തെ അംഗീകരിക്കുകയേ നിര്‍വാഹമുള്ളൂ. സിന്‍ഡിക്കേറ്റില്‍ ബിജെപിക്ക് പ്രവേശനം ലഭിച്ചാല്‍ മറ്റു സര്‍വകലാശാലകളിലും ഇതേ അടവുനയം പയറ്റുന്നതിന് ഇവര്‍ മുന്നിട്ടിറങ്ങുമെന്നാണ് സൂചന. ഷാര്‍ജ സുല്‍ത്താന്റെ ഡി-ലിറ്റ് ചടങ്ങ് ഉള്‍പ്പെടെ രാജ്ഭവനിലേക്ക് മാറ്റിയ ഗവര്‍ണറുടെ നടപടിയോടെ സര്‍ക്കാറിനുമേല്‍ ഗവര്‍ണര്‍ക്കുള്ള പരമാധികാരമാണ് ബിജെപി അരക്കിട്ടുറപ്പിച്ചത്. പിണറായി സര്‍ക്കാറിന്റെ ബിജെപി യോടുള്ള മൃദുസമീപനത്തിന്റെ സംസ്ഥാനത്ത് കൂടുതല്‍ വ്യക്തമാവുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റുകളില്‍ ബിജെപിയുമായി ഇടതുപക്ഷം നീക്കുപോക്കിന് തയ്യാറായിട്ടുണ്ടെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss