|    Jan 25 Wed, 2017 3:11 am
FLASH NEWS

കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവര്‍ത്തന നിലവാരം വിലയിരുത്താന്‍ നാക് ടീം 27ന് എത്തും

Published : 27th July 2016 | Posted By: SMR

കോഴിക്കോട്: നാഷനല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍- നാക് ടീം ജൂലൈ 27 മുതല്‍ 30 വരെ കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിക്കും.രാജ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളുടെ പ്രവര്‍ത്തനനിലവാരം വിലയിരുത്തി മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നിശ്ചയിക്കാനുള്ള ടീമിന്റെ സന്ദര്‍ശനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ എണ്ണം, സര്‍വകലാശാലാ പരിധിയിലുള്ള പ്രദേശത്തിന്റെ വിസ്തൃതി, കോളജുകളുടെ എണ്ണം എന്നിവയിലെല്ലാം കേരളത്തിലെ ഏറ്റവും വലുപ്പമുള്ള സര്‍വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ലഭിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എസ് പി ത്യാഗരാജന്റെ നേതൃത്വത്തില്‍ ഒമ്പത് അംഗങ്ങളാണ് നാക് ടീമിലുള്ളത്. കാംപസിലെ എല്ലാ പഠനവകുപ്പുകളിലും സന്ദര്‍ശനം നടത്തുന്ന സംഘം അധ്യാപകരുമായി ആശയവിനിമയം നടത്തും. പഠനവിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രത്യേക പവര്‍ പോയിന്റ് നാക് ടീമിന് മുമ്പില്‍ വൈസ് ചാന്‍സലര്‍ സമര്‍പ്പിക്കും.
പരീക്ഷാഭവന്‍ ഉള്‍പ്പെടെ കാംപസിലെ മറ്റ് ഓഫിസുകളിലും റസിഡന്‍ഷ്യല്‍ ഏരിയകളിലും ടീം എത്തും. കാംപസിലെ സി എച്ച് മുഹമ്മദ് കോയ ലൈബ്രറി, അഡ്മിഷന്‍ ഡയറക്ടറേറ്റ്‌സ് കംപ്യൂട്ടര്‍ സെന്റര്‍, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, യൂനിവേഴ്‌സിറ്റി പാര്‍ക്ക്, സ്റ്റേഡിയം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മാധവ ഒബ്‌സര്‍വേറ്ററി, സയന്‍സ് ബ്ലോക്ക് തുടങ്ങിയവയെല്ലാം സംഘം സന്ദര്‍ശിക്കും. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യമായി താമസിച്ച് പഠിച്ച് ബിരുദം നേടാനായി വയനാട്ടിലെ ചെതലയത്ത് സ്ഥാപിച്ച ഗോത്രവര്‍ഗ പഠനകേന്ദ്രവും നാക് ടീം സന്ദര്‍ശിക്കുന്നുണ്ട്. ബുദ്ധിവികാസം കുറഞ്ഞ കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സേവനം ആരംഭിച്ച സിഡിഎംആര്‍പിയും സംഘം വിലയിരുത്തും.
സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനവും വിലയിരുത്തും. 27ന് രാവിലെ ഒമ്പതിനാണ് സംഘം കാംപസില്‍ സന്ദര്‍ശനം നടത്തുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക