|    Aug 17 Thu, 2017 7:13 pm
FLASH NEWS

കാലിക്കറ്റ് വാഴ്‌സിറ്റി കാംപസ് യൂനിയന്‍തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിലേക്ക്

Published : 10th November 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി കാംപസില്‍ ഈ മാസം 16ന് നടക്കാനിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന നോമിനേഷന്‍ സൂക്ഷ്മപരിശോധന തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും ആരംഭിച്ചിരുന്നു. എന്നാല്‍, യുയുസി സ്ഥാനത്തേക്ക് എസ്എഫ്‌ഐ സമര്‍പ്പിച്ച നോമിനേഷന്‍ സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കപ്പെടാത്തതിനാല്‍ സൂക്ഷ്മ പരിശോധന വീണ്ടും നിര്‍ത്തിവച്ചു. യുയുസി സ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ നല്‍കിയ നോമിനേഷനില്‍ ഒരാള്‍ രണ്ടുപേരെ പിന്തുണച്ചത് നിയമപരമായി ശരിയല്ലെന്ന് തെളിഞ്ഞിട്ടും റിട്ടേണിങ് ഓഫിസറായ ഇമ്മാനുവല്‍ സൈമണ്‍ എന്ന അധ്യാപകന്‍ അലംഭാവം കാണിക്കുകയായിരുന്നുവെന്ന് എംഎസ്എഫ്, കെഎസ്്‌യു, കാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. തര്‍ക്കത്തെതുടര്‍ന്ന് സൂക്ഷ്്മപരിശോധന നിര്‍ത്തിവച്ചെങ്കിലും ബാക്കി നോമിനേഷനുകള്‍ എണ്ണി തിട്ടപ്പെടുത്താനോ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ഒപ്പുവാങ്ങി സീല്‍ ചെയ്ത പെട്ടിയില്‍ സൂക്ഷിക്കാനോ റിട്ടേണിങ് ഓഫിസര്‍ തയ്യാറായില്ലെന്നും ആരോപിച്ചായിരുന്നു തര്‍ക്കം. യുയുസി സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐക്കാരുടെ നോമിനേഷന്‍ തള്ളാതിരിക്കാന്‍ ഇവരില്‍ നിന്നു വീണ്ടും നോമിനേഷന്‍ വാങ്ങി റിട്ടേണിങ് ഓഫിസര്‍ കള്ളക്കളിക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവന്നാണ് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത്. ആയതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടരണമെന്നും റിട്ടേണിങ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്നലെ പതിനൊന്നര മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഭരണകാര്യാലയം ഉപരോധിച്ചത്. രജിസ്ട്രാറുമായുള്ള ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നും ആവാത്തതിനെ തുടര്‍ന്ന് ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിനാണ് എംഎസ്എഫ്-കെഎസ്‌യു തീരുമാനം. റിട്ടേണിങ് ഓഫിസറുമായുള്ള തര്‍ക്കത്തിനിടയില്‍ പരാതിയുള്ള നോമിനേഷന്‍ ഉള്‍പ്പെടെ എല്ലാം സ്വീകരിച്ചതോടെയായിരുന്നു ഭരണകാര്യാലയം യുഡിഎസ്എഫ് സംഘടനകള്‍ ഉപരോധിച്ചത്. സ്വാശ്രയ വിദ്യാര്‍ഥികളുടെ വോട്ടവകാശം റദ്ദാക്കി എസ്എഫ്‌ഐക്കനുകൂല നിലപാടെടുക്കുന്ന വിസി ഇടതുപക്ഷത്തിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് എംഎസ്എഫ്-കെഎസ്‌യു സംഘടനകള്‍ ആരോപിച്ചു. സമരത്തിന് നിഷാദ്, കെ സലീം, റിയാസ് മുക്കോളി, റംഷാദ്, മുഹ്്്‌സിന്‍, ഇര്‍ഷാദ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക