|    Jan 20 Fri, 2017 9:49 pm
FLASH NEWS

കാലിക്കറ്റ് രജിസ്ട്രാര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനങ്ങള്‍; എതിര്‍പ്പുകളെ പ്രതിരോധിച്ച് തീരുമാനമെടുക്കാന്‍ സിപിഎം നിര്‍ദേശം

Published : 1st August 2016 | Posted By: SMR

തേഞ്ഞിപ്പലം: ലീഗ് നോമിനിയായ കാലിക്കറ്റ് വാഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദിനെ പുറത്താക്കുന്നതിനും ഹൈക്കോടതി സ്റ്റാന്‍ഡിങ് കോണ്‍സലിനെ മാറ്റുന്നതിനും കാംപസിലെ ഇടതുപക്ഷ ജീവനക്കാരുടെ അധ്യാപക-അനധ്യാപക സര്‍വീസ് സംഘടനകളും ഇടതുപക്ഷ യുവജന-വിദ്യാര്‍ഥി സംഘടനകളും തിടുക്കം കൂട്ടുമ്പോഴും എതിര്‍പ്പുകള്‍ പ്രതിരോധിച്ച് വളരെ സാവധാനത്തില്‍ മാത്രം തീരുമാനമെടുത്താല്‍ മതിയെന്ന് ഇടതുപക്ഷ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് സിപിഎം നിര്‍ദേശം.
പാര്‍ട്ടിയുടെ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രമേ ഈ കാര്യത്തില്‍ നടപടി പാടുള്ളൂവെന്നാണ് സംസ്ഥാനനേതൃത്വം വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാലിക്കറ്റ് വിസിയും രജിസ്ട്രാറും ലീഗ് നോമിനികളും പിവിസിയും പരീക്ഷാ കണ്‍ട്രോളറും കോണ്‍ഗ്രസ് നോമിനികളുമാണ്. ഫിനാന്‍സ് ഓഫിസര്‍ മാത്രമാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്.  രജിസ്ട്രാര്‍ക്കെതിരായി ആരോപണങ്ങള്‍ കൊണ്ടുവന്ന് സ്ഥാനത്തുനിന്നു മാറ്റി ഇടതുപക്ഷ അധ്യാപകസംഘടനയില്‍പ്പെട്ട പ്രഫസറെ രജിസ്ട്രാര്‍ സ്ഥാനത്ത് അഞ്ചുവര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിനാണു നീക്കം.
അധ്യാപകനിയമനങ്ങള്‍ പാര്‍ട്ടിതാല്‍പര്യങ്ങള്‍ക്കനുസരിച്ച് പൂര്‍ത്തിയാക്കണമെങ്കില്‍ ഇടതുപക്ഷ സഹയാത്രികന്‍ രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സ്ഥാനത്ത് വരണമെന്നതാണ് ഇടതുപക്ഷ സംഘടനകളുടെ കാഴ്ചപ്പാട്. സംസ്ഥാനത്ത് ലീഗിന്റെ പ്രതിനിധിയായി കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ മാത്രമാണ് രജിസ്ട്രാറുള്ളത്. കേരളയിലെ രജിസ്ട്രാര്‍ കാലിക്കറ്റ് വിസിയായതോടെയാണ് ലീഗിന് രജിസ്ട്രാര്‍ തസ്തിക ഒന്നായി ചുരുങ്ങിയത്. എന്നാല്‍, ഇടതുപക്ഷ നീക്കത്തെ പ്രതിരോധിച്ച് കാലിക്കറ്റ് രജിസ്ട്രാറെ സംരക്ഷിക്കുന്നകാര്യത്തില്‍ ലീഗ് നേതാക്കള്‍ ഒരുനീക്കവും ഇതുവരെ നടത്തിയിട്ടില്ല. ഹൈക്കോടതി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്തുനിന്നു സന്തോഷ് മാത്യുവിനെ നീക്കം ചെയ്ത് പാര്‍ട്ടിതാല്‍പര്യത്തിനനുസരിച്ച് നിയമനം നടത്തുന്നതിനും തീരുമാനമുണ്ട്.
ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കേരള പിവിസി ഡോ. വീരമണികണ്ഠന്റെ ആരോപണവിധേയമായ ഗവേഷണപ്രബന്ധം കോപ്പിയടിച്ചതാണെന്ന വിഷയവിദഗ്ധരുടെയും അന്വേഷണസമിതിയുടെയും റിപോര്‍ട്ട് അംഗീകരിക്കും. ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍നിന്നു കോടതി നിര്‍ദേശത്താല്‍ പിരിച്ചുവിട്ട അധ്യാപകന്‍ ഡോ. സോമന്‍ കടലൂരിന് മലയാളം, ഫോക്‌ലോര്‍ പഠനവിഭാഗങ്ങളില്‍ ജോലി നല്‍കുന്ന കാര്യത്തിലും വിവിധ അധ്യാപകരുടെ പ്രമോഷന്‍ കാര്യങ്ങളിലും തീരുമാനമെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക