|    Jan 24 Tue, 2017 4:35 am

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി; ദൂര സ്ഥലങ്ങളില്‍ പരീക്ഷാ സെന്റര്‍ നല്‍കി വിദ്യാര്‍ഥിനികളെ ബുദ്ധിമുട്ടിക്കുന്നു

Published : 21st January 2016 | Posted By: SMR

പൊന്നാനി: രണ്ടാംവര്‍ഷ ബികോം, ബിഎ വിദൂര വിദ്യാഭ്യാസം വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദൂര ദിക്കുകളില്‍ പരീക്ഷാ സെന്ററുകള്‍ നല്‍കി കാലിക്കറ്റ് സര്‍വകലാശാലയുടെ പീഡനം. ആണ്‍ കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള സെന്ററുകള്‍ നല്‍കിയും പെണ്‍കുട്ടികള്‍ക്ക് രണ്ടും മൂന്നും ബസ്സുകള്‍ മാറിക്കയറിയാത്ര ചെയ്യേണ്ട വിദൂര ദിക്കുകളില്‍ സെന്ററുകള്‍ അനുവദിച്ചുമാണ് കാലിക്കറ്റ് സര്‍വകലാശാല ദ്രോഹിക്കുന്നത്.
ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും കനത്ത പ്രതിഷേധത്തിലാണ്. ഇന്നാണ് ബികോം രണ്ടാം വര്‍ഷ പരീക്ഷ ആരംഭിക്കുന്നത്. ബിഎ പരീക്ഷ 29നും. പൊന്നാനി, ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തൊട്ടടുത്ത് പരീക്ഷാ സെന്ററുകള്‍ ഉണ്ടായിട്ടും പൂക്കാട്ടിരി മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് സെന്ററുകള്‍ നല്‍കിയിട്ടുള്ളത്.
പൊന്നാനിയിലുള്ള കുട്ടികള്‍ ഇവിടെ പരീക്ഷയ്ക്ക് എത്തണമെങ്കില്‍ മൂന്ന് ബസ്സുകള്‍ മാറിക്കയറണം. വെളിയങ്കോട് ഭാഗത്ത് നിന്നുള്ളവര്‍ക്കാണെങ്കില്‍ നാലു ബസ്സുകള്‍ മാറിക്കയറിയാലേ പൂക്കാട്ടിരിയില്‍ എത്താനാവൂ. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് സര്‍വകലാശാല ഇത്തരത്തില്‍ ദൂര സ്ഥലങ്ങളില്‍ സെന്ററുകള്‍ നല്‍കിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് വെളിയങ്കോട് സ്വാശ്രയ കോളജിലും പൊന്നാനി എംഇഎസിലും പരീക്ഷാ സെന്ററുകള്‍ അനുവദിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് ഈ ദുരിതം. പരിക്ഷ ഉച്ചയ്ക്ക് ശേഷമാണെന്നതിനാല്‍ തിരിച്ചുള്ള യാത പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പറയുന്നു. പൊന്നാനി ഭാഗങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ സാധാരണ പരീക്ഷാ സെന്ററുകളായി അനുവദിക്കുന്ന കോളജുകളെ പരിഗണിക്കാതെയാണ് യാത്രാക്ലേശം രൂക്ഷമായ ഉള്‍പ്രദേശങ്ങളിലെ സ്ഥാപനങ്ങളെ സര്‍വകലാശാല പരീക്ഷാ സെന്ററുകളായി പരിഗണിച്ചത്. സ്വാശ്രയ ലോബിയുടെ അവിഹിത ഇടപെടലാണ് ഇത്തരത്തില്‍ തീരുമാനിച്ചതിന് പിന്നിലെന്ന് കൗണ്‍സിലിങ്ങ് സെന്ററേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. നിലവില്‍ റഗുലര്‍ െ്രെപവറ്റ് വിഭാഗം വിദ്യാര്‍ഥികളുടെ ഏകീകരിച്ച പരിക്ഷാ സമ്പ്രദായം അവസാനിപ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും സ്വാശ്രയലോബി തന്നെയെന്ന് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കിഴിലെ കൗണ്‍സിലിങ്ങ് സെന്ററുകള്‍ക്ക് പരിക്ഷാ സെന്റര്‍ അനുവദിക്കാന്‍ നിയമമുണ്ടെങ്കിലും അതിന് തയ്യാറാവാതെയാണ് സര്‍വകലാശാല വിദൂര സ്ഥലങ്ങളിലെ കോളജുകളെ പരീക്ഷാ സെന്ററുകളാക്കിയത്. പരിക്ഷാ സെന്റുകളാവാന്‍ കോളജുകള്‍ തയ്യാറാവാത്തതുകൊണ്ടാണ് ഇതെന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊന്നാനി തൃക്കാവിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ സെന്റര്‍ ആവാന്‍ താല്‍പര്യം കാണിച്ചിട്ടും സര്‍വകലാശാല അതു പരിഗണിച്ചിട്ടില്ല. ദൂര ദിക്കുകളില്‍ പരീക്ഷാ സെന്ററുകള്‍ അനുവദിച്ചതിനെതിരേ നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ടോളര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പിഎസ്‌സി ടെസ്റ്റിന് പോലും അപേക്ഷകരായ പെണ്‍കുട്ടികള്‍ക്ക് അടുത്തുള്ള സെന്ററുകള്‍ നല്‍കുമെന്നിരിക്കെ കാലിക്കറ്റ് സര്‍വകലാശാല നിലവിലെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇത്തവണ പരിക്ഷാ സെന്ററുകള്‍ നല്‍കിയതെന്ന് സര്‍വകലാശാലയിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക