|    May 28 Sun, 2017 4:14 pm
FLASH NEWS

കാലിക്കറ്റില്‍ ഡിഗ്രി, പിജി കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് തീരുമാനം; ഉത്തരവ് ഇന്നുണ്ടാകും

Published : 6th October 2016 | Posted By: SMR

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസത്തിനു കീഴിലുള്ള ഡിഗ്രി-പിജി കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരം പിന്‍വലിച്ചതിനെതുടര്‍ന്ന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നു നല്‍കിയ ഫയലില്‍ കാലിക്കറ്റ് വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ ഒപ്പുവച്ച് ഇന്ന് ഉത്തരവിറക്കും. 2015 സപ്തംബര്‍ ഒന്നിനായിരുന്നു വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം യുജിസി നിര്‍ത്തലാക്കിയത്. വാഴ്‌സിറ്റിക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ ഡിഗ്രി ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ഡല്‍ഹിയിലുള്ള ആസ്ഥാനത്തു പോയി കാലിക്കറ്റിന്റെ അംഗീകാരം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും യുജിസി ഇതിനു തയ്യാറായിട്ടില്ല.
ഉത്തരേന്ത്യന്‍ ലോബിക്കാരായ യുജിസിയിലെ ഉദ്യോഗസ്ഥരാണ് കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കെതിരു നില്‍ക്കുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷന് വിജ്ഞാപനമിറക്കിയതിനു ശേഷം യുജിസിക്കെതിരേ കോടതിയെ സമീപിക്കാനാണ് സര്‍വകലാശാലാ തീരുമാനം. ഡിഗ്രി-പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രീതിയില്‍ ഫീസുകള്‍ 3000ത്തില്‍ നിന്നു 1500 ആയി കുറയും. പഠനക്കുറിപ്പുകളും സമ്പര്‍ക്ക ക്ലാസുകളും ഉണ്ടായിരിക്കില്ല. പഠനക്കുറിപ്പുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിനാല്‍ പഠിതാക്കള്‍ക്ക് സൗകര്യപ്രദമായിരിക്കുമെന്നാണ് വാഴ്‌സിറ്റി അധികാരികളുടെ വിലയിരുത്തല്‍.
പാരലല്‍ കോളജുകള്‍ക്ക് കൗണ്‍സലിങ് സെന്ററുകളുടെ പദവി നല്‍കിയതാണ് വാഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം യുജിസി റദ്ദാക്കാന്‍ കാരണം. കൗണ്‍സലിങ് സെന്ററുകളുടെ അംഗീകാരം പിന്‍വലിച്ച് പത്രങ്ങളിലൂടെ പരസ്യം നല്‍കിയതിന്റെ രേഖകള്‍ യുജിസിക്ക് ഹാജരാക്കിയിട്ടും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം പുനസ്ഥാപിക്കാന്‍ യുജിസി ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, തമിഴ്‌നാട്ടിലെ നിരവധി സര്‍വകലാശാലകളുടെ സെന്ററുകള്‍ കോഴിക്കോട് ജില്ല ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day