|    Feb 27 Mon, 2017 5:30 pm
FLASH NEWS

കാലാഹാരി ഭൂമി

Published : 6th February 2016 | Posted By: swapna en

 

kala
ഗിഫു മേലാറ്റൂര്‍       

കാലാഹാരി മരുഭൂമിയെന്ന നിലയ്ക്കാണ് അറിയപ്പെടുന്നതെങ്കിലും ഭൂമിശാസ്ത്രപരമായി ഇതിനെ കാലാഹാരിനിമ്‌നം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മണല്‍പ്പരപ്പില്‍ അങ്ങിങ്ങായി എഴുന്നുകാണപ്പെടുന്ന കുന്നുകള്‍ അവക്ഷിത മലനിരകളാണ്. ഇവയൊഴിച്ചാല്‍ ഈ മേഖലയ്ക്ക് തികച്ചും സമതലപ്രകൃതിയാണുള്ളത്. താലത്തിന്റെ ആകൃതിയിലുള്ള ഒരു നിമ്‌നതടമാണ് ഈ പ്രദേശം. ആഫ്രിക്കയില്‍ ഭൂമധ്യരേഖയ്ക്ക് എത്ര ദൂരം വടക്കായാണോ സഹാറ സ്ഥിതിചെയ്യുന്നത്, അത്രയും തന്നെ തെക്കായിട്ടാണ് കാലാഹാരി സ്ഥിതി ചെയ്യുന്നത്. ബോട്‌സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക, അംഗോള എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ പ്രദേശം കിഴക്ക് റൊഡേഷ്യ, ട്രാന്‍സ്‌വാള്‍ എന്നിവിടങ്ങളിലെ പീഠഭൂമികള്‍ മുതല്‍ പടിഞ്ഞാറ് നമീബിയയിലെ ഉന്നതമേഖലകള്‍ വരെയും വടക്ക് സാംബസി നദീതടം മുതല്‍ തെക്ക് ഓറഞ്ചുനദി വരെയും വ്യാപിച്ചിരിക്കുന്നു. എന്നാല്‍, തെക്കുള്ള മൊളപോ, നൊസോബ് നീര്‍ച്ചാലുകളുടെ സംഗമസ്ഥാനം മുതല്‍ വടക്കുള്ള ഓകാവോങ്കോ ചതുപ്പുവരെ ബോട്‌സ്വാനയുടെ പശ്ചിമാര്‍ധം ആകമാനവും വ്യാപിച്ചിട്ടുള്ള മധ്യഭാഗം മാത്രമാണ് തികച്ചും മരുഭൂമിയായുള്ളത്.

ജലസമൃദ്ധമായ കാലം!
സമുദ്രനിരപ്പില്‍നിന്ന് 910 മീ. ഉയരത്തിലായുള്ള കാലാഹാരി മരുപ്രദേശത്ത് തദ്ദേശീയരും യൂറോപ്യരും വസിക്കുന്നു. ശതാബ്ദങ്ങള്‍ക്കു മുമ്പ് കാലാഹാരി ജലസമൃദ്ധമായിരുന്നുവെന്ന് ഇവിടെ ധാരാളമായുള്ള മൃതതാഴ്‌വരകള്‍ വ്യക്തമാക്കുന്നു. വര്‍ഷം മുഴുവന്‍ നീരൊഴുക്കുള്ള നദികള്‍ കാലാഹാരി മരുഭൂമിയുടെ അരികുകളിലൂടെ ഒഴുകുന്നുണ്ട്. കാലാഹാരി മരുപ്രദേശത്തിനു പുറത്ത് ഉദ്ഭവിക്കുന്ന നദികളാണിവ. ഇതില്‍ പ്രധാനപ്പെട്ടവയാണ് ക്വാണ്ടോ (Kwando), അപ്പര്‍ സാംബെസി (Upper Zambezi), കുനീന്‍ (Cunene), ഓറഞ്ച് (Orange) തുടങ്ങിയവ. പ്രധാനമായി മൂന്നു നീര്‍വാര്‍ച്ചാ തടങ്ങളാണ് (draina-ge basins) കാലാഹാരി തടത്തിലുള്ളത്. ഇതില്‍ തടത്തിന്റെ ഉത്തരഭാഗത്തുള്ള ഓകോവാങ്കോ (O-kovango) ഒരു വന്‍നദിയായാണ് തടത്തിലേക്ക് പ്രവേശിക്കുന്നത്. കുറച്ചുദൂരം ഒഴുകിയശേഷം ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ട് ഈ നദി ഏകദേശം 16,835 ച.കി.മീ. വിസ്തൃതിയുള്ള ഒരു ചതുപ്പുപ്രദേശം സൃഷ്ടിക്കുന്നു.

വന്യമൃഗങ്ങള്‍
ജലസമൃദ്ധവും കാടുകൂടിയതുമായ ഉത്തരഭാഗമാണ് വന്യമൃഗങ്ങളുടെ വിഹാരരംഗം. ആന, സിംഹം, പുലി, കാട്ടുപോത്ത്, കാണ്ടാമൃഗം, ജിറാഫ് തുടങ്ങി ഇവിടെ ധാരാളം വന്യമൃഗങ്ങളുണ്ട്. വിവിധയിനം മാനുകള്‍, ജംസ്‌ബൊക്, ഈലന്‍ഡ് തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമായ തെക്കുപടിഞ്ഞാറു ഭാഗത്താണ് ജംസ്‌ബൊക് ഗയിം റിസര്‍വ്. ബോട്‌സ്വാനയുടെ അധീനതയിലുള്ള ഈ സംരക്ഷണമേഖലയെ തുടര്‍ന്നാണ് 19,200 ച.കി.മീ. വ്യാപിച്ചുകിടക്കുന്ന കാലാഹാരി ജംസ്‌ബൊക് നാഷനല്‍ പാര്‍ക്ക്. ദക്ഷിണാഫ്രിക്കയുടെ സംരക്ഷണയില്‍ ഓബ്, നൊസോബ് നദികള്‍ക്കിടയ്ക്കായി 1931ല്‍ സ്ഥാപിതമായ ഈ പാര്‍ക്കിന്റെ പകുതിയും ബോട്‌സ്വാനയുടെ അതിര്‍ത്തിക്കുള്ളിലാണ്.

വറ്റിപ്പോവുന്ന ജലം
വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഇതോഷ പാന്‍ (ഋവേീവെമ ജമി), തെക്കുഭാഗത്തുള്ള മൊളോപോനെസ്സോബ് ശൃംഖല (ങീഹീുീിീീൈയ ട്യേെലാ) എന്നിവയാണ് മറ്റു പ്രധാന നീര്‍വാര്‍ച്ചാ തടങ്ങള്‍. കാലാഹാരി മരുപ്രദേശത്ത് ഒട്ടനവധി ചെറുനിമ്‌നതടങ്ങള്‍ കാണപ്പെടുന്നു. കളിമണ്ണ് അടിഞ്ഞുകൂടി രൂപപ്പെട്ടിരിക്കുന്നതും ആഴം കുറഞ്ഞതുമായ ഈ നിമ്‌നതടങ്ങള്‍ പാന്‍ (ജമി) എന്നാണറിയപ്പെടുന്നത്. മഴക്കാലത്ത് താല്‍ക്കാലിക ജലാശയങ്ങള്‍ ഇവയില്‍ രൂപപ്പെടാറുണ്ടെങ്കിലും പിന്നീട് ഇവയിലെ ജലം ബാഷ്പീകരണം മുഖേന നഷ്ടമാവുകയാണ് ചെയ്യുന്നത്. വരണ്ട സ്‌റ്റെപ് മാതൃകാ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ മേഖലയില്‍ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള വേനല്‍ക്കാലത്ത്, പൊരിയുന്ന ചൂടിന് 47ബ്ബഇഉം ശൈത്യകാല രാത്രികളില്‍ മരവിപ്പിക്കുന്ന തണുപ്പിന് 13ബ്ബഇഉം താപനിലയാണുള്ളത്. ഉത്തരഭാഗത്ത് അന്തരീക്ഷത്തില്‍ ആര്‍ദ്രത താരതമ്യേന കൂടുതലായതിനാല്‍ ഇത്രത്തോളം തീക്ഷ്ണമായ കാലാവസ്ഥാഭേദം അനുഭവപ്പെടുന്നില്ല. ശരാശരി വാര്‍ഷിക വര്‍ഷപാതം 20 സെ. മീറ്ററില്‍ കുറവാണ്. പൂര്‍വോത്തര ദിശയില്‍ വര്‍ത്തമാനമായി വരുന്ന വര്‍ഷപാതം കിഴക്കന്‍ ഭാഗങ്ങളില്‍ 4045 സെ.മീഉം വടക്കരികില്‍ 65 സെ.മീഉം ആണ്. സീമാന്ത മേഖലകളില്‍ മാത്രമായുള്ള വര്‍ഷപാതത്തിലൂടെ ലഭ്യമാവുന്ന ജലം വളരെ പെട്ടെന്ന് വറ്റിപ്പോവുന്നതിനാല്‍ സ്ഥലവാസികള്‍ കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങള്‍
മണല്‍പ്പാടങ്ങളില്‍ ഒഴുകിയവസാനിക്കുന്ന നദികള്‍ എത്തിക്കുന്ന ലവണങ്ങള്‍, അല്‍പ്പമായുള്ള മണ്ണിന് ലവണരസം പകരുന്നു. കാലാഹാരി പ്രദേശത്തെ ചുവന്ന മണ്ണ് ക്ഷാരസ്വഭാവമുള്ളതും ജലം വാര്‍ന്നുപോവുന്ന സ്വഭാവമുള്ളതുമാണ്. കൃഷിക്ക് തീരെ അനുയോജ്യമല്ലാത്ത ഈ മണ്ണില്‍ മുള്‍ച്ചെടികളും പുല്‍ക്കൂട്ടങ്ങളും മാത്രമേ വളരുന്നുള്ളൂ. മധ്യഭാഗത്ത് വിസ്തൃതങ്ങളായ മണല്‍ക്കാടുകളും തുടര്‍ന്ന് കുറ്റിക്കാടുകളും അതിനുമപ്പുറം കാടുകളുമാണുള്ളത്.

ജനജീവിതംബുഷ്‌മെന്‍  വിഭാഗത്തില്‍പ്പെട്ട ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. കാലികളെ മേയ്ക്കലാണ് ഇവരുടെ തൊഴില്‍. പല ഗോത്രങ്ങളായാണ് ഇവര്‍ ജീവിതം നയിക്കുന്നത്. വര്‍ഷകാലത്ത് കൂരകള്‍ മേയുന്ന ഇക്കൂട്ടര്‍ക്ക് സ്ഥിരവാസമില്ല. സംഘങ്ങളായി അലഞ്ഞുനടക്കുന്ന ഇവരുടെ ഓരോ സംഘത്തിനും 75,01,000 ച.കി.മീ. വിസ്തൃതിയില്‍ സഞ്ചാരപരിധിയും നിര്‍ണയിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് കടുത്ത ക്ഷാമമുണ്ടാവുമ്പോള്‍ സംഘത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ ഒറ്റതിരിഞ്ഞ് പാര്‍പ്പുറപ്പിക്കുന്നു. ഒക്‌ടോബര്‍ ആവുന്നതോടെ വീണ്ടും ഇക്കൂട്ടര്‍ ദേശാടനമാരംഭിക്കുകയായി.യൂറോപ്യര്‍ മുഖ്യമായി അധിവസിക്കുന്നത് ഘാന്‍സിയിലാണ്. കാലാഹാരിയുടെ മധ്യഭാഗത്തുകൂടെ കടന്നുപോവുക എളുപ്പമല്ല. ഇതിനായുള്ള പല ആദ്യകാലശ്രമങ്ങളും ദുരന്തങ്ങളായാണ് അവസാനിച്ചത്. 1849ല്‍ ഓറഞ്ച് നദിയിലൂടെ കാലാഹാരി കടന്ന് ങാമി (ചഴമാശ) തടാകതീരത്തെത്തിയ പാശ്ചാത്യനാണ് ഡേവിഡ് ലിവിങ്സ്റ്റന്‍. 1925 മുതലാണ് കാലാഹാരിയിലൂടെ ട്രക്കുകളില്‍ മനുഷ്യര്‍ സഞ്ചരിച്ചുതുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 235 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day