|    Jul 21 Sat, 2018 12:13 am
FLASH NEWS

കാലാവസ്ഥ അനുകൂലം; നെല്‍കര്‍ഷകര്‍ ആവേശത്തില്‍

Published : 9th September 2017 | Posted By: fsq

 

വൈക്കം: കാലാവസ്ഥ അനുകൂലമായത് നെല്‍കര്‍ഷകരെ ആവേശത്തിലാക്കുന്നു. മുന്‍കാലങ്ങളിലെ പോലെ കാലവര്‍ഷം ചതിക്കാത്തത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇത്തവണ ഇടവേളകളില്‍ കൃത്യമായി മഴയെത്തിയത് നെല്‍കൃഷിയ്ക്ക് ഏറെ ഗുണപ്രദമായി. അപ്പര്‍ കുട്ടനാടന്‍ മേഖലയായ വെച്ചൂര്‍ പഞ്ചായത്തില്‍ കതിരിട്ട നെല്‍ച്ചെടികളെല്ലാം നല്ല രീതിയിലാണ് നില്‍ക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു. കൊയ്ത്തു നടക്കുന്ന സമയങ്ങളില്‍ മഴയില്ലാതിരുന്നാല്‍ വലിയ നേട്ടമായിരിക്കും ലഭിക്കുക. പഞ്ചായത്തിലെ 1600ല്‍ അധികം ഏക്കര്‍ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കൃഷി നടന്നിരിക്കുന്നത്. പാടശേഖര സമിതികളെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണു കര്‍ഷകര്‍ക്ക് ഏറെ അനുകൂലം. സര്‍ക്കാര്‍ സംവിധാനങ്ങളും തരക്കേടില്ലാത്ത രീതിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഉമ, ജ്യോതി ഇനത്തില്‍പ്പെട്ട നെല്‍വിത്തുകളാണു വിതച്ചിരിക്കുന്നത്. പഞ്ചായത്തിലെ പുത്തന്‍കരി -250, വലിയപുതുക്കരി-400, മറ്റം പാടം-200, പൂവത്തിക്കരി-600, പട്ടറക്കരി-150, വലിയവെളിച്ചം-200, പന്നയ്ക്കാത്തടം-150, ഇട്ടിയോക്കാടന്‍കരി-250, ദേവസ്വംകരി-150, അരികത്തുകരി-100, മുന്നൂറ്റാംഇടവ്-70 ഏക്കറുകളിലാണ് കൃഷി നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൂറേക്കറില്‍ അധികം പാടശേഖരങ്ങളില്‍ അധികമായി കൃഷി ചെയ്തിട്ടുണ്ട്. കര്‍ഷകരും സ്വയംസഹായ സംഘങ്ങളുമെല്ലാം കൃഷി നടത്തുന്നുണ്ട്. കൊയ്ത്തിനു ശേഷം നെല്ലിനു മതിയായ വില ലഭിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവുമാണ് നേട്ടങ്ങള്‍ക്കിടയിലും കര്‍ഷകരെ പലപ്പോഴും ബലിയാടാക്കുന്നത്. ഇവിടെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട സിവില്‍ സപ്ലൈസ് ആധികാരികള്‍ വീഴ്ച വരുത്തുന്നു. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ വെച്ചൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്കു ഗുണകരമാവുന്ന രീതിയില്‍ ഇതുവരെ എത്തിയിട്ടില്ല.  ഇത്തവണയും മോഡേണ്‍ റൈസ് മില്‍ കര്‍ഷകരെ സഹായിക്കുന്ന രീതിയില്‍ രംഗത്തുവന്നില്ലെങ്കില്‍ ഇടനില ചൂഷണം കര്‍ഷകരെ തകര്‍ക്കുമെന്നുള്ള കാര്യം ഉറപ്പാണ്. ഇവിടെ പഞ്ചായത്തും കൃഷിഭവനുമെല്ലാം ശക്തമായി കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളണം. അല്ലാത്തപക്ഷം വൈക്കത്തിന്റെ നെല്ലറയായ വെച്ചൂരില്‍ കര്‍ഷകര്‍ പലരും നെല്‍കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss