|    Nov 19 Mon, 2018 12:16 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍

Published : 17th July 2018 | Posted By: kasim kzm

പരിസ്ഥിതി നിയമങ്ങള്‍- 2  –   എസ്  പി  രവി
പുല്ലൂരാംപാറയില്‍ 12 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ അതിനു തൊട്ടുമുമ്പത്തെ വര്‍ഷമായിരുന്നു. 2016ലെ അതികഠിനമായ വേനലും വരള്‍ച്ചയും കഴിഞ്ഞ വര്‍ഷത്തെ ഓഖി ദുരന്തവും മറക്കാറായിട്ടില്ലല്ലോ. കഴിഞ്ഞ മാസം അവസാനമാണ് സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നായ ശംഖുമുഖത്തിന്റെ വലിയൊരു ഭാഗം കടലെടുത്തുപോയത്.
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതീവ ഗൗരവത്തിലെടുക്കേണ്ടതാണ്. താരതമ്യേന സുരക്ഷിതം എന്നു കരുതിയിരുന്ന കേരളത്തിന്റെ കടല്‍ത്തീരത്തും ചുഴലിക്കാറ്റുണ്ടാവാമെന്ന് ഓഖി നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ കൂടുതലായും കൂടുതല്‍ ശക്തിയിലും ഉണ്ടാവും എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന പ്രത്യാഘാതങ്ങളിലൊന്നായി പറയുന്നത്. ഇന്ത്യയില്‍ തന്നെ നിരവധി അനുഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. നമ്മുടെ തീരപ്രദേശങ്ങളെല്ലാം ദുരന്തസാധ്യതാമേഖലകളായി മാറുകയാണ്. കടല്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതിനു പുറമേയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം മാറുന്ന മഴയുടെ താളത്തിലും കാണാം. സംസ്ഥാനത്ത് പൊതുവില്‍ മഴ കുറയുമെന്നാണു കണക്കാക്കപ്പെടുന്നതെങ്കിലും പെയ്യുന്ന മഴ അതിശക്തമാവാനുള്ള സാധ്യത ഏറെയാണ്. അത്തരം മഴയാണ് മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും പെട്ടെന്നുള്ള പ്രളയങ്ങള്‍ക്കും സാധ്യത കൂട്ടുന്നത്. പല വര്‍ഷങ്ങളിലും മഴ തീരെ കുറയുന്നത് ജല, കാര്‍ഷിക മേഖലകളില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാക്കുന്നു. ചില വര്‍ഷങ്ങളില്‍ ഉണ്ടാവുന്ന അതിവൃഷ്ടിയെ നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. പഴയകാലത്ത് പ്രളയങ്ങളെ പലപ്പോഴും കര്‍ഷകര്‍ പ്രതീക്ഷയോടെയാണു കണ്ടിരുന്നത്. എന്നാലിന്ന് പ്രളയതടങ്ങളെല്ലാം ജനവാസമേഖലകളായതോടെ ചെറിയ വെള്ളപ്പൊക്കംപോലും നമുക്കു താങ്ങാനാവില്ല. മഴകൊണ്ടു മാത്രം ഉണ്ടാവുന്ന വെള്ളപ്പൊക്കങ്ങളേക്കാള്‍ അണക്കെട്ടുകള്‍ പെട്ടെന്ന് തുറന്നുവിടുമ്പോഴുണ്ടാവുന്ന പ്രളയങ്ങള്‍ കൂടുതല്‍ അപകടകരമാവാം.
2014ലെ സുപ്രിംകോടതി വിധിക്കുശേഷം മുല്ലപ്പെരിയാര്‍ വിഷയം അണക്കെട്ടിനു തൊട്ടുതാഴെയുള്ള പഞ്ചായത്തുകളില്‍ താമസിക്കുന്നവരുടേതു മാത്രമായി ഒതുങ്ങിയിരിക്കുന്നു. എന്നാല്‍, കാലാവസ്ഥാവ്യതിയാനം മുല്ലപ്പെരിയാര്‍ അണക്കെട്ടിനുള്ള ഭീഷണി വര്‍ധിപ്പിക്കുന്നത് നമ്മള്‍ ശ്രദ്ധിക്കുന്നില്ല. ഡല്‍ഹി, റൂര്‍ക്കി ഐഐടികള്‍ നേരത്തേ നടത്തിയ പഠനങ്ങളില്‍, റിക്റ്റര്‍ സ്‌കെയിലില്‍ ആറിനു മുകളിലുള്ള ഭൂചലനമുണ്ടാവുകയോ പ്രളയത്തില്‍ അണക്കെട്ട് നിറഞ്ഞ് അതിനു മുകളിലൂടെ (155 അടിക്കു മുകളില്‍) വെള്ളമൊഴുകുകയോ ചെയ്താല്‍ അണക്കെട്ട് തകരാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും 2013ലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലുണ്ടായ മഴ വലിയ മുന്നറിയിപ്പാണ്. അണക്കെട്ട് മിക്കവാറും നിറഞ്ഞിരിക്കുന്ന വേളയില്‍ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ടു ദിവസത്തിലധികം തുടര്‍ച്ചയായി അതിശക്തമായ മഴ പെയ്താല്‍ അതീവഗുരുതരമായ സ്ഥിതിയുണ്ടാകും.
ദുരന്തസാധ്യതകള്‍ ഇനിയുമേറെയുണ്ട്. ഇവ തടയുന്നതിനും മുന്‍കൂട്ടി പ്രവചിക്കുന്നതിനും ദുരന്തമുണ്ടായാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇരകള്‍ക്ക് ദീര്‍ഘകാല പുനരധിവാസം ഉറപ്പിക്കുന്നതിനും എന്തു സംവിധാനങ്ങളാണുള്ളത്? അവ എത്രമാത്രം കാര്യക്ഷമമാണ് എന്ന് പരിശോധിക്കപ്പെടണം. ആവശ്യത്തിന് ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്ത ദുരന്തനിവാരണ അതോറിറ്റിയുടെ പരിമിതികള്‍ മാധ്യമങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ദുരന്തസാധ്യതാ ഭൂപടത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടേണ്ടതിന്റെ ആവശ്യകതയും ഇന്നുള്ള 1ഃ50,000 സ്‌കെയിലിലുള്ള മാപ്പ് 1ഃ500 സ്‌കെയിലില്‍ ആക്കേണ്ടതിന്റെ പ്രാധാന്യവും പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാലാവസ്ഥാപ്രവചനം സംബന്ധിച്ച സാങ്കേതികവിദ്യകള്‍ ഏറെ മുന്നേറിയിട്ടുണ്ട്. എങ്കിലും സൂക്ഷ്മതലത്തില്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്തുന്നതിന് ഇപ്പോഴും പരിമിതികളുണ്ട്. അപകടങ്ങളുണ്ടായാല്‍ ഉടനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ മുന്‍കൈയില്‍ നടക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു യൂനിറ്റ് വടക്കന്‍ കേരളത്തില്‍ വേണമെന്നും ദുരന്തസാധ്യതാ മേഖലകളിലെങ്കിലും പൊതുജനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാന പരിശീലനം നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ വളരെ പ്രസക്തമാണ്. ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരങ്ങള്‍ക്കും കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാകേണ്ടതുണ്ട്.
ദുരന്തസാധ്യതകള്‍ കുറയ്ക്കുകയാണ് പരമപ്രധാനം. ഇതിനു പക്ഷേ, ഭരണകൂടങ്ങളുടെയും പൊതുസമൂഹത്തിന്റെയും കാഴ്ചപ്പാടുകളില്‍ അടിസ്ഥാനമാറ്റങ്ങള്‍ ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണം നിലനില്‍പ്പിന് അനിവാര്യമാണെന്ന തിരിച്ചറിവുണ്ടാകണം. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കനുസരിച്ചും സ്വാധീനങ്ങളുപയോഗിച്ചും ചൂഷണം ചെയ്യാവുന്നതല്ല പ്രകൃതിവിഭവങ്ങളെന്നും അവ ഇനി വരാനിരിക്കുന്ന തലമുറകള്‍ക്ക് അവകാശപ്പെട്ടതാണെന്നും ബോധ്യപ്പെടണം. ജലത്തെയും മണ്ണിനെയും ആവാസവ്യവസ്ഥകളെയും അറിഞ്ഞുകൊണ്ടുള്ള പുരോഗതി മാത്രം മതിയെന്ന് തീരുമാനിക്കാനാവണം: അത് പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്നതും തലമുറകളോടുള്ള നീതി ഉറപ്പാക്കുന്നതുമാണെന്ന ബോധ്യം വേണം. പശ്ചിമഘട്ട പരിസ്ഥിതി പുനസ്ഥാപനം അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കണം. കടലോരജനതയുടെ നിലനില്‍പ്പിനുള്ള നടപടികള്‍ സംബന്ധിച്ച സമഗ്രപഠനം നടത്തണം.
പ്രകൃതിയെ നശിപ്പിക്കുന്ന വികസന തീവ്രവാദം ഇനിയും അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍, ദുരന്തങ്ങളെ മുന്നറിയിപ്പുകളായിക്കണ്ട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഒരു ശക്തിക്കും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനാവില്ല.        ി

(അവസാനിച്ചു.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss