|    Feb 21 Tue, 2017 4:28 am
FLASH NEWS

കാലാവസ്ഥാ വ്യതിയാനത്തിനിടയിലും മരമഞ്ഞള്‍ പൂത്തു

Published : 14th November 2016 | Posted By: SMR

മാനന്തവാടി: അപൂര്‍വമായി മാത്രം കണ്ടുവരുന്ന മരമഞ്ഞള്‍ പുഷ്പിച്ചു. അത്യപൂര്‍വമായി മാത്രമാണ് ഇതു പുഷ്പിക്കുക. ജൈവവൈവിധ്യത്തിന്റെ കലവറയായ പേര്യ കുഞ്ഞോം ജീന്‍പൂള്‍ മേഖലയില്‍പെട്ട ബോയ്‌സ് ടൗണിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മരമഞ്ഞള്‍ പുഷ്പിച്ചത്. മാനന്തവാടി രൂപതയുടെ സാമൂഹികസേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴിലാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ബ്രഹ്മഗിരി മലനിരകളില്‍പെട്ട കൊട്ടിയൂര്‍ വനമേഖലയിലെ പാല്‍ച്ചുരത്തിന്റെ മേല്‍ത്തട്ടാണ് ബോയ്‌സ് ടൗണ്‍. നിത്യഹരിത വനങ്ങളിലും ഈര്‍പ്പം കൂടിയ ഫലഭൂയിഷ്ഠമായ മണ്ണിലും മരമഞ്ഞള്‍ വളരും. ഇന്തോനീസ്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് മരമഞ്ഞള്‍ പ്രധാനമായി കണ്ടുവരുന്നത്. മരത്തെ ചുറ്റിവളരുന്ന വള്ളിപ്പടര്‍പ്പാണിത്. ഇലകള്‍ വെറ്റിലയുടേതിനു സമാനമാണ്. 25 വര്‍ഷം മുമ്പ് തിരുനെല്ലി കാടുകളില്‍ നിന്ന് ശേഖരിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നട്ടുപിടിപ്പിച്ച മൂന്നു ചെടികളാണ് ഇപ്പോള്‍ പുഷ്പിച്ചിട്ടുള്ളത്. രണ്ടു മാസത്തിനുള്ളില്‍ കായകള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബോട്ടണിസ്റ്റ് ബിജു പറഞ്ഞു. മഴക്കുറവും കലാവസ്ഥാ വ്യതിയാനവും മൂലം ആശങ്കയിലായ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ തൃക്കൈപ്പറ്റ മുക്കംകുന്നിലുള്ള വണ്ടര്‍കേവ്‌സ് എന്നറിയപ്പെടുന്ന കുന്നിനു മുകളില്‍ ഗുഹകള്‍ക്കിടയില്‍ മരമഞ്ഞള്‍ പ്രകൃതിദത്തമായി വളരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവ പുഷ്പിക്കുകയും കായകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് സ്ഥലമുടമ അബ്രഹാം പറഞ്ഞു. പൂവും കായും ഇലകളും ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കുമെങ്കിലും വള്ളിത്തണ്ടുകളാണ് കൂടുതലായി മരുന്നിന് എടുക്കുന്നത്. കൊസീനിയം പെനസ്‌ട്രേറ്റം എന്നതാണ് ശാസ്ത്രീയ നാമം. ജൈവശാസ്ത്രജ്ഞരും കാര്‍ഷിക മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരും വളരെ പ്രതീക്ഷയോടെയാണ് മരമഞ്ഞള്‍ പുഷ്പിച്ചതിനെ കാണുന്നത്. മരത്തോട് ചേര്‍ന്ന് വളരുന്നതിനാല്‍ ആദിവാസികള്‍ ഇതിനെ മരത്തി എന്നാണ് വിളിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക