|    May 25 Fri, 2018 6:43 am
FLASH NEWS

കാലാവസ്ഥാ വ്യതിയാനം: തൊഴിലാളികളെ പ്രതിസന്ധിയിലാക്കി മല്‍സ്യക്ഷാമം രൂക്ഷം

Published : 22nd November 2016 | Posted By: SMR

ചാവക്കാട്: മല്‍സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി മല്‍സ്യക്ഷാമം രൂക്ഷമാകുന്നു. കാലവസ്ഥാ വ്യതിയാനം തുടരുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരള തീരത്തുനിന്നു മല്‍സ്യങ്ങള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യമാണ് ഗവേഷകര്‍ മുന്‍കൂട്ടി കാണുന്നത്. ചാകരയെന്ന പ്രതിഭാസം തന്നെ ഇല്ലാതാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തീരത്തോടൊപ്പം കടലും ചുട്ടുപഴുക്കുന്നതോടെ മല്‍സ്യ—ങ്ങ ള്‍ കൂട്ടമായി പലായനം ചെയ്യും. ചാകര പ്രതീക്ഷിച്ചിരിക്കുന്ന തീരങ്ങള്‍ അങ്ങിനെ പട്ടിണിയിലായിരിക്കും. ട്രോളിങ് നിരോധനസമയത്ത് കടലില്‍ കൊയ്ത്ത് നടത്തുന്ന പരമ്പരാഗത മല്‍സ്യബന്ധന  വള്ളങ്ങള്‍ കടലില്‍ ഇറങ്ങിയിട്ടില്ല. ചൂട് കൂടിയതോടെ മല്‍സ്യങ്ങള്‍ ആഴക്കടലിലേക്ക് പിന്‍വലിഞ്ഞതും ആഴക്കടല്‍ മല്‍സ്യബന്ധനം വര്‍ധിച്ചതുമാണ് മല്‍സ്യ—ലഭ്യത കുറയാന്‍ കാരണം. ചരിത്രത്തില്‍ ഏറ്റവും വലിയ വറുതിയാണ് തീരം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചതും ഇന്ധന വില വര്‍ധനവും കാരണം പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് മല്‍സ്യക്ഷ ാമംകൂടി വന്നതോടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഒരു വള്ളം കടലില്‍ ഇറങ്ങി തിരിച്ചു വരണമെങ്കില്‍ കുറഞ്ഞത് 5000 രൂപയുടെ മണ്ണെണ്ണയെങ്കിലും വേണ്ടിവരും. അത് മുതലാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ ബോട്ടുകളും വള്ളങ്ങളും കരയില്‍ തന്നെ. മുമ്പ് കിലോഗ്രാമിന് 40-50 രൂപ വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 100 രൂപയിലധികമാണ് വില. അയലയ്ക്ക് വില 150 വരും. ചെമ്മീന്‍ ചാകരയില്‍ എത്തിയിരുന്ന പൂവാലന്‍ ചെമ്മീന്‍, നാരന്‍ ചെമ്മീന്‍ എന്നിവ കിട്ടാക്കനിയായിരിക്കുകയാണ്. സുലഭമായിരുന്ന ചൂര, ആവോലി, സ്രാവ്, കണവ, ഞണ്ട് തുടങ്ങിയവയ്ക്ക് ഇപ്പോള്‍ ആശ്രയം ഇതര സംസ്ഥാനങ്ങളാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ചാവക്കാട് തീരത്ത് മാത്രം മല്‍സ്യ—ബന്ധനത്തെ ആശ്രയിച്ചുകഴിയുന്നത്. മീന്‍ പിടിക്കുന്നവര്‍, ഐസിലിടുന്നവര്‍, തലച്ചുമടായി വാഹനങ്ങളില്‍ കയറ്റുന്നവര്‍, ചില്ലറ വില്‍പ്പനക്കാര്‍ തുടങ്ങി മത്സ്യബന്ധന ശൃംഖല വലുതാണ്. ചാവക്കാട് മേഖലയില്‍ പുത്തന്‍കടപ്പുറം, ബ്ലാങ്ങാട്, മുനക്കകടവ്, എടക്കഴിയൂര്‍ തീരങ്ങളില്‍ വാണിജ്യമേഖലയുടെ പ്രധാന ആശ്രയം മീനാണ്. ഇടക്കിടെ ചാകരയുടെ ആരവങ്ങള്‍ രൂപപ്പെട്ടിരുന്ന കടലോരത്ത് കുറച്ചു കാലമായി അതിന്റെ ലാഞ്ചനകളൊന്നുമില്ല. പലര്‍ക്കും തുച്ഛവരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ലോണെടുത്താണ് പലരും മല്‍സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. ഉണക്കമല്‍സ്യം കയറ്റി അയക്കുന്നവര്‍ക്കും ദുരിതം തന്നേയാണ്. വളളക്കാരില്‍ നിന്നും മല്‍സ്യം മൊത്തമായെടുത്തു കടല്‍തീരത്തിട്ട് ഉണക്കുന്ന ഇക്കൂട്ടരെ ഇപ്പോള്‍ കാണാനേയില്ല. എടക്കഴിയൂര്‍, പുത്തന്‍ കടപ്പുറം തീരങ്ങളിലാണ് മല്‍സ്യം ഉണക്കല്‍ വ്യാപകമായിരുന്നത്. ഒരു വള്ളം കടലിലിറക്കി തിരിച്ചു വരണമെങ്കില്‍ അയ്യായിരം രൂപ മുതല്‍ ഇന്ധനച്ചെലവ് വരും. പ്രതീക്ഷ കൈവെടിയാതെ ദിവസങ്ങള്‍ കടലില്‍ പണിയെടുത്തിട്ടും ഒന്നും കിട്ടാതെ വള്ളം ഉടമയും തൊഴിലാളികളും വന്‍ കടക്കെണിയിലായതോടെ പല വള്ളങ്ങളും കരയ്ക്ക്ക്ക് കയറ്റി വെച്ചിരിക്കുകയാണ്. കുടുംബത്തിന്റെ നിത്യനിദാന ചെലവിന് പുറമെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കണ്ടത്തൊനാവാതെ പ്രയാസപ്പെടുകയാണ് ഇവര്‍. അതുകൊണ്ടു തന്നെ മല്‍സ്യക്ഷാമം കാരണം കടുത്ത ജീവിത പ്രയാസത്തിലായ തൊഴിലാളികളില്‍ പലരും മറ്റു തൊഴിലുകള്‍ തേടുന്ന തിരക്കിലാണ് മല്‍സ്യത്തെഴിലാളികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss