|    Jan 24 Tue, 2017 12:52 pm
FLASH NEWS

കാലാവസ്ഥാ വ്യതിയാനം എങ്ങനെ?

Published : 13th April 2016 | Posted By: SMR

slug-sasthram-samoohamഇന്നു ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്താണ്? മാധ്യമങ്ങളില്‍ നോക്കിയാല്‍ അതു വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണെന്നേ തോന്നൂ. ചിലപ്പോള്‍ അതുപോലുമല്ല. രാഷ്ട്രീയക്കാരുടെയും പിന്നെ സ്വാര്‍ഥതാല്‍പര്യക്കാരുടെയും വ്യക്തിജീവിതവും അവരുടെ കിടപ്പറരഹസ്യങ്ങളുമാണ് ഇന്ന് ജനം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതും എന്നാണ് ചില മാധ്യമങ്ങളെങ്കിലും കരുതുന്നത്.
മാധ്യമങ്ങളെല്ലാം മാറ്റിവച്ചിട്ട് ചിന്തിച്ചുനോക്കൂ. ഏറ്റവും കൂടുതലായി നാമെല്ലാം സംസാരിക്കുന്നത് എന്തിനെപ്പറ്റിയാണ്? സഹിക്കാവുന്നതിലപ്പുറമായ ചൂട് അല്ലേ? പാമരനും പണ്ഡിതനും തൊഴിലാളിയും മുതലാളിയും ഒരുപോലെ പരാതിപ്പെടുന്ന കാര്യമാണ് ഈ വര്‍ഷത്തെ ഉഷ്ണം. ഇതെന്താണിങ്ങനെയൊരു ഉഷ്ണം?
ഇന്നു ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവൃത്തിയുടെ ഫലമായുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവു വര്‍ധിക്കുന്നു. ഇത് ഒരു കമ്പിളിപ്പുതപ്പുപോലെ ചൂട് പുറത്തേക്കു പോവുന്നത് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നു. ഇതിനു ഭൗമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ് കൂടാതെ മീഥൈന്‍, ഓസോണ്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. ഇക്കൂട്ടത്തില്‍ ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് കാര്‍ബണ്‍ഡയോക്‌സൈഡാണ്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂട് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍, ഹരിതഗൃഹവാതകങ്ങളുടെ അളവ് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിക്കുന്നത്.
ഭൗമതാപനം സംഭവിക്കുന്നത് സാവധാനത്തിലാണ്. പക്ഷേ, ഭൂമിയുടെ ശരാശരി താപനില വര്‍ധിക്കുന്നത് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നത് മറ്റു പലതിനെയും ബാധിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവയില്‍ ചിലവയാണ് കടല്‍നിരപ്പുയരുക, മഴയുടെ അളവ് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാവുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക തുടങ്ങിയവ. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ 2007ല്‍ പ്രസിദ്ധീകരിച്ച നാലാമത്തെ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇവ ലോകത്തിലെല്ലാവരെയും ബാധിക്കുന്നതാണ്. അതിനു പരിഹാരം കാണാനാണ് ഐക്യരാഷ്ട്രസഭ ഭൗമ ഉച്ചകോടിയും ക്യോട്ടോ സമ്മേളനവും വിളിച്ചുചേര്‍ത്തത്. ഈ പരമ്പരയിലെ ഒടുവിലത്തേതാണ് കഴിഞ്ഞ 2015 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പാരിസില്‍ നടന്നത്. കാലാവസ്ഥാ വ്യതിയാനം ഭയാനകമായ യാഥാര്‍ഥ്യമാണെന്നും അതിനെ നിയന്ത്രിക്കാനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും പ്രമുഖ രാജ്യങ്ങള്‍ സമ്മേളനത്തില്‍ വച്ചു തീരുമാനിച്ചു. എന്നാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാവാന്‍ സാധ്യതയുള്ള വന്‍ അപകടങ്ങള്‍ ഒഴിവാക്കാനാവശ്യമായ നടപടികളെപ്പറ്റി സമ്മേളനത്തില്‍ തീരുമാനമുണ്ടായില്ല.
കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രശ്‌നമാണ്. ഈ വര്‍ഷത്തെ ചൂട് അസഹനീയമാണെങ്കില്‍ വരാനിരിക്കുന്ന വര്‍ഷങ്ങളിലെ ചൂട് ഇതിനേക്കാള്‍ കഠിനമാണെന്ന് ഓര്‍മിക്കണം. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എല്ലാകാലത്തെയും ഏറ്റവും ഉയര്‍ന്നതാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. അതായത്, ഓരോ വര്‍ഷവും അത് പുതിയ റെക്കോഡ് സ്ഥാപിക്കുകയാണ്. അതുകൊണ്ട് ഈ വര്‍ഷത്തെ ചൂടിനേക്കാള്‍ അധികമാവും അടുത്ത വര്‍ഷത്തേത്. അതിലുമധികമാവും അതിനടുത്ത വര്‍ഷത്തെ താപനില.
മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ശീതീകരണി ഉപയോഗിച്ചോ മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റിയോ കഴിഞ്ഞുകൂടാനായെന്നു വരാം. എന്നാല്‍, അത് എല്ലാവര്‍ക്കും സാധ്യമാവില്ല. മൃഗങ്ങളുടെയും സസ്യങ്ങളുടെയും സ്ഥിതി അതിലും കഷ്ടമാണ്. അവയ്ക്കും ജീവിതം അസഹ്യമായിത്തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവുകളുണ്ട്. ചിലയിനം മല്‍സ്യങ്ങള്‍ ഉഷ്ണം കുറഞ്ഞ പ്രദേശങ്ങളിലേക്കു കൂട്ടത്തോടെ പലായനം ചെയ്തിരിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. അതുപോലെ പര്‍വതപ്രദേശങ്ങളില്‍ വളരുന്ന ചില ചെടികള്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്തേക്കു മാറിയതായും റിപോര്‍ട്ടുകളുണ്ട്. 1956നും 2005നും ഇടയ്ക്ക് ആഗോള ശരാശരി താപനില ഓരോ 10 വര്‍ഷവും ഏതാണ്ട് 0.13 ഡിഗ്രി വര്‍ധിക്കുന്നതായാണ് യുഎന്‍ സമിതി അവരുടെ നാലാമത്തെ റിപോര്‍ട്ടില്‍ കണ്ടെത്തിയത്. 1995-2006 കാലഘട്ടത്തിലെ 11 വര്‍ഷവും താപനില പുതിയ റെക്കോഡ് സ്ഥാപിക്കുകയായിരുന്നു. അതായത്, ഉപകരണങ്ങള്‍ ഉപയോഗിച്ച് താപനില അളക്കാന്‍ തുടങ്ങിയശേഷം ഇത്രയും ചൂട് ഉണ്ടായിട്ടില്ല എന്നര്‍ഥം.
ഇനി ആഗോളതാപനം കേരളത്തെ എങ്ങനെയെല്ലാം ബാധിക്കാം എന്നു പരിശോധിക്കാം. ഇതു പലവിധത്തില്‍ നമ്മെ ബാധിക്കാം. ഒന്നാമതായി നമുക്കുതന്നെ ചൂടിനെ നേരിടാന്‍ കഴിയാതാവുകയാണ്. അതിനു ജലസ്രോതസ്സുകള്‍, ജലാശയങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ സംരക്ഷിക്കുന്നത് സഹായിക്കും. എന്നാല്‍, നാമിന്നു ചെയ്യുന്നത് അതിനു നേരെ വിപരീതമായ പ്രവൃത്തികളാണ്. മരങ്ങള്‍ എന്തെങ്കിലും കാരണം പറഞ്ഞു മുറിച്ചുമാറ്റാന്‍ എന്തു താല്‍പര്യമാണ് നമുക്ക്! പ്രായമായ മരങ്ങള്‍ മറിഞ്ഞുവീഴുന്നു, ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് ആളപായമുണ്ടാവുന്നു തുടങ്ങിയ ന്യായീകരണങ്ങള്‍ നാം കണ്ടെത്തുന്നുണ്ട്. പ്രായമായ മരങ്ങള്‍ക്ക് താങ്ങുകൊടുത്തും വലിയ ശിഖരങ്ങള്‍ക്ക് താങ്ങുനല്‍കിയും സംരക്ഷിക്കാവുന്നതേയുള്ളൂ. അതുപോലെ റോഡിന് വീതികൂട്ടണം എന്നതാണ് സാധാരണ കേള്‍ക്കുന്ന മറ്റൊരു ന്യായം. വികസനം എല്ലാവര്‍ക്കും വേണമല്ലോ! എങ്കില്‍ എന്തുകൊണ്ട് വശത്തുനില്‍ക്കുന്ന മരങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചുകൂടാ? അതു സാധ്യമാണുതാനും. അല്ലെങ്കില്‍ ഒരു മരം മുറിക്കുമ്പോള്‍ എന്തുകൊണ്ട് പുതിയതായി രണ്ടെണ്ണം നട്ടുവളര്‍ത്തിക്കൂടാ? ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ മക്കള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനാവാത്ത സാഹചര്യമാണു വരുക എന്നു മനസ്സിലാക്കിയാലെങ്കിലും നാം എന്തെങ്കിലും പ്രവര്‍ത്തിച്ചുതുടങ്ങുമോ?
കേരളസമൂഹം കാലവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ എന്തെല്ലാം ചെയ്യണം? ചൂടുകൂടുമ്പോള്‍ കടല്‍നിരപ്പ് ഉയരും എന്നതിനു തര്‍ക്കമില്ല. പാരിസിലെ സമ്മേളനം തീരുമാനിച്ച നടപടികള്‍ കൈക്കൊള്ളുകയും അവ വേഗത്തില്‍ തന്നെ ആഗോളതലത്തില്‍ നടപ്പാക്കുകയും ചെയ്താലും വ്യാവസായികവിപ്ലവത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയില്‍ ഒതുക്കാനാവും എന്നാണ് പ്രതീക്ഷ. അത് സാധ്യമായാല്‍ തന്നെ കടല്‍നിരപ്പ് കാര്യമായി ഉയരും. ആഗോള താപനില രണ്ടു ഡിഗ്രി ഉയര്‍ന്നാല്‍ കടല്‍നിരപ്പ് 10 മീറ്റര്‍ ഉയരാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പല ദ്വീപുകളും കടലിനടിയിലാവും. ആലപ്പുഴ നഗരത്തിന്റെ ശരാശരി ഉയരം ഒന്നോ ഒന്നരയോ മീറ്ററാണ്. കടല്‍നിരപ്പ് 10 മീറ്റര്‍ ഉയര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് സങ്കല്‍പിക്കാവുന്നതേയുള്ളൂ.
ചൂടു കൂടുമ്പോള്‍ കാര്‍ഷിക വിളകളുടെ ഉല്‍പാദനക്ഷമത കുറയുമെന്നതാണ് മറ്റൊരു പ്രശ്‌നം. ചൂടിനെ ചെറുക്കാനാവുന്ന നെല്ലിനങ്ങള്‍ നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സാമ്പത്തികസ്ഥിതിയെ പിടിച്ചുനിര്‍ത്തുന്ന റബര്‍, തേയില, കുരുമുളക് തുടങ്ങിയ വിളകളുടെ കാര്യത്തില്‍ നാം എന്താണു ചെയ്യാന്‍ പോവുന്നത്? അതുപോലെ രോഗങ്ങളുടെ കാര്യത്തിലും കാര്യമായ ആഘാതമാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ എല്ലാ രംഗങ്ങളിലും വലിയ വെല്ലുവിളികളാണ് നേരിടാന്‍ പോവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 856 times, 5 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക