|    Oct 23 Tue, 2018 2:30 am
FLASH NEWS
Home   >  Editpage  >  Article  >  

കാലാവസ്ഥാ പ്രതിസന്ധി നിര്‍ണായകം

Published : 7th February 2018 | Posted By: kasim kzm

ജറമി  കോര്‍ബിന്‍

ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവായ ലേഖകന്‍, മനുഷ്യാവകാശദിനത്തില്‍ യുഎന്‍ മനുഷ്യാവകാശസമിതിയുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്: രണ്ടു മാസം മുമ്പ് ഇക്കാര്യം ഊന്നിപ്പറയുന്നതിന് ഈ വേദി ഉപയോഗിക്കുമെന്ന് ആന്റിഗ്വ, ബാര്‍ബുഡ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണിന് ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നു. അന്താരാഷ്ട്രസമൂഹം വിഭവങ്ങളെ സമാഹരിക്കുകയും ലോകത്ത് ഏറ്റവുമധികം മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങള്‍ അതിന്റെ ചെലവു വഹിക്കുകയും വേണം. അതുകൊണ്ട് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള മലിനീകരണം നടത്തുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങളോട് എനിക്ക് ആവശ്യപ്പെടാനുള്ളത് ഒന്നാമതായി, ലോകത്തെമ്പാടുമുള്ള ദുരന്തങ്ങളോടു പ്രതികരിക്കാന്‍ തങ്ങളുടെ ശേഷി കൂടുതല്‍ വികസിപ്പിക്കുക എന്നതാണ്. ലോകത്തെ ഏറ്റവും മികച്ച പരിശീലനം നേടിയ, ഉന്നതനിലവാരമുള്ള ബ്രിട്ടിഷ് സായുധസേനയുടെ അനുഭവസമ്പത്തിനെ മാനവിക അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണം. ഇറ്റലി അതിന്റെ ബഹുമുഖശേഷിയുള്ള നാവികസേനയുടെ കാര്യത്തില്‍ നമുക്കു മാതൃകയാണ്. രണ്ടാമതായി, പാരിസ്ഥിതികമായ തകര്‍ച്ചയുടെ ചെലവ് സാമ്പത്തികനയങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയെന്നതാണ്. ലേബര്‍ പാര്‍ട്ടി ബ്രിട്ടന്റെ ബജറ്റ് ഓഫിസുമായി ബന്ധപ്പെട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.മൂന്നാമത്തെ കാര്യം, കാലാവസ്ഥാ സംബന്ധിയായ ചരിത്രപ്രാധാന്യമുള്ള പാരിസ് ഉടമ്പടിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. അവസാനമായി, ദുരിതാശ്വാസത്തിന്റെ ഭാഗമായി ഉണ്ടായ കടങ്ങള്‍ റദ്ദുചെയ്യുന്നത് സംബന്ധിച്ച് ഗുരുതരവും അടിയന്തരവുമായ നടപടികള്‍ കൈക്കൊള്ളുകയെന്നതാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടയില്‍  അന്തര്‍ദേശീയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ പ്രയാസപ്പെടുന്ന രാജ്യങ്ങള്‍ നേരിടുന്ന അനീതിക്കെതിരേ നാം ഒരു അന്താരാഷ്ട്ര സമൂഹമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.  ബുര്‍ക്കിനാ ഫാസോ പ്രസിഡന്റ് തോമസ് സന്‍കര അട്ടിമറിയില്‍ വധിക്കപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് 1987ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂനിറ്റിയില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ നാം ഓര്‍ക്കേണ്ടതാണ്: ”നമുക്ക് കടം തിരിച്ചടയ്ക്കാനാവില്ല. നാം കടം തിരിച്ചടച്ചില്ലെങ്കില്‍ കടം തന്നവര്‍ മരിക്കില്ല. എന്നാല്‍, കടം തിരിച്ചടച്ചാല്‍ നമ്മള്‍ മരിക്കും.”വളര്‍ന്നുവരുന്ന കാലാവസ്ഥാ പ്രതിസന്ധി ഇതിനകം തന്നെ സമാനതകളില്ലാത്തവിധം ഒരുപാട് ജനങ്ങളെ ബാധിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം അഭയാര്‍ഥികളുടെയും പലായനം ചെയ്ത ആളുകളുടെയും എണ്ണത്തില്‍ ലോകത്ത് ഇന്നേവരെ ഇല്ലാത്ത രീതിയില്‍ വര്‍ധനയുണ്ടായിരിക്കുകയാണ്. അഭയാര്‍ഥികളും നമ്മെപ്പോലെ മനുഷ്യരാണ്. എന്നാല്‍ നമ്മില്‍ നിന്നു വിഭിന്നമായി അക്രമങ്ങളും പീഡനവും കാലാവസ്ഥാ വ്യതിയാനവും കാരണം അവര്‍ക്കു സ്വന്തം ഭവനങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു. 1951ലെ അഭയാര്‍ഥി കരാറിന്റെ ലക്ഷ്യങ്ങളും വാഗ്ദാനങ്ങളും എങ്ങനെ നിറവേറ്റുമെന്നതാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ ധാര്‍മിക പരീക്ഷണങ്ങളിലൊന്ന്. അഭയാര്‍ഥികളെ സംരക്ഷിക്കുകയെന്ന അതിന്റെ അടിസ്ഥാനതത്ത്വം വളരെ ലളിതമാണ്. എന്നിട്ടും ആഗോള സമ്പദ്ഘടനയുടെ വെറും 2.5 ശതമാനം മാത്രം സംഭാവന ചെയ്യുന്ന 10 രാജ്യങ്ങളാണ് ലോകത്തെ അഭയാര്‍ഥികളില്‍ പകുതിയിലേറെ തീറ്റിപ്പോറ്റുന്നത്. ലോകത്തെ സമ്പന്നരാഷ്ട്രങ്ങള്‍ പൊതുമാനവികത ഉയര്‍ത്തിപ്പിടിച്ച് അഭയാര്‍ഥികളെ സഹായിക്കാന്‍ തയ്യാറാവണം. സിറിയയില്‍ അനേകലക്ഷം പേരാണ് രാജ്യത്തിനകത്തും പുറത്തും അഭയാര്‍ഥികളായി കഴിയുന്നത്. റോഹിന്‍ഗ്യന്‍ ജനത മ്യാന്‍മര്‍ പൗരത്വത്തെക്കുറിച്ച് ഉറപ്പില്ലാതെ തിരിച്ചുപോവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചില മനുഷ്യാവകാശ വിഷയങ്ങള്‍ ബ്രിട്ടിഷ് ഭരണകൂടം മുറുകെപ്പിടിക്കുമെങ്കില്‍ മറ്റു ചില വിഷയങ്ങളില്‍ അതു നിശ്ശബ്ദമാണ്. യമനില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷവും വലുതുമായ മനുഷ്യാവകാശ ലംഘനങ്ങളോട് ഒട്ടേറെ ബ്രിട്ടിഷ് നേതാക്കള്‍ മനപ്പൂര്‍വം കണ്ണടയ്ക്കുന്നു. ഇത്തരം സമീപനം നമ്മുടെ വിശ്വാസ്യതയും മറ്റു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള കഴിവും ദുര്‍ബലപ്പെടുത്തും. കഴിഞ്ഞവര്‍ഷം ബ്രിട്ടന്‍ യമനിന് നല്‍കിയ സഹായം 150 ദശലക്ഷം പൗണ്ട് ആയിരുന്നു. സൗദിഅറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതു വഴി ബ്രിട്ടിഷ് ആയുധക്കമ്പനികള്‍ നേടിയ ലാഭത്തേക്കാള്‍ എത്രയോ കുറവാണിത്. ഈ നയം നമ്മുടെ രാജ്യത്തിന്റെ മുന്‍ഗണനകളെക്കുറിച്ചും യമനില്‍ ഇപ്പോള്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നമ്മുടെ സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചും എന്താണ് പറയുന്നത്? റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ വംശഹത്യയെക്കുറിച്ച് സംസാരിക്കാനുള്ള നമ്മുടെ വിശ്വാസ്യത മ്യാന്‍മറിന് ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് സമഗ്രമായ പരിഹാരം സംബന്ധിച്ചും രണ്ടു രാജ്യമെന്ന നിര്‍ദേശത്തെപ്പറ്റിയും നമ്മുടെ ഭരണകൂടം വെറുതെ വാചകമടി നടത്തുകയാണ്. ഫലസ്തീന്‍ ജനത നേരിടുന്ന അതിക്രമങ്ങളെയും അടിച്ചമര്‍ത്തലിനെയും കുറിച്ച് ബ്രിട്ടന്‍ കണ്ട ഭാവം നടിക്കുന്നില്ല. യുഎന്‍ ജനറല്‍ അസംബ്ലി 70 വര്‍ഷത്തിനുശേഷമാണ് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ ഒരു വോട്ടെടുപ്പ് നടത്തിയത്. ചരിത്രപരമായി ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന് അരനൂറ്റാണ്ട് തികഞ്ഞു. ഫലസ്തീന്‍ ജനത ദൈനംദിനം അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലി സമാധാന സംഘടനകളായ ഗുഷ് ഷാലോം, പീസ് നൗ എന്നിവയില്‍ നമുക്ക് മാതൃകയുണ്ട്. ഫലസ്തീനില്‍ നടക്കുന്ന തുടരെത്തുടരെയുള്ള അധിനിവേശവും അനധികൃത കുടിയേറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സമാധാനത്തിനു മുന്നിലുള്ള തടസ്സവുമാണ്. അധിനിവിഷ്ട ഫലസ്തിന്‍ ഉള്‍പ്പെടുന്ന ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം സമാധാനശ്രമങ്ങള്‍ക്കു ഭീഷണിയുയര്‍ത്തുന്നു. അന്തര്‍ദേശീയതലത്തില്‍ തന്നെ അത് അപലപിക്കപ്പെട്ടു. ഈ തീരുമാനം വീണ്ടുവിചാരമില്ലാത്തതും പ്രകോപനപരവുമാണ്. മാത്രമല്ല, അത് ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനുള്ള രാഷ്ട്രീയപരിഹാരത്തിനു തിരിച്ചടിയുമാണ്. സപ്തംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസംഗം സമാധാനത്തിനു വലിയ ഭീഷണിയായി. ബഹുസ്വരത, മനുഷ്യാവകാശം, അന്താരാഷ്ട്ര നിയമം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കടന്നാക്രമണം നമ്മെ അസ്വസ്ഥമാക്കുന്നു. ഇറാന്റെ ആണവകരാറിനെ തള്ളിപ്പറയേണ്ട സമയമല്ല ഇപ്പോള്‍. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ഇറാനും ലോകശക്തികളും തമ്മിലുള്ള ഒരു പ്രധാന കരാറാണത്. കരാര്‍ യുഎസ് തള്ളിക്കളയുന്നത്  മധ്യപൂര്‍വദേശത്തെ മാത്രമല്ല, കൊറിയന്‍ ഉപദ്വീപിനെയും അപകടത്തിലാക്കുന്നു. അമേരിക്ക തെഹ്‌റാനുമായുള്ള ആണവകരാര്‍ നിരാകരിക്കുമ്പോള്‍ അത് നിരായുധീകരണത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന് വടക്കന്‍ കൊറിയന്‍ ഭരണകൂടത്തിന് വിശ്വസിക്കാന്‍ കഴിയുമോ? ട്രംപും കിം ജോങ് ഉന്നും തങ്ങളുടെ അബദ്ധവും അസൂയയും നിറഞ്ഞ അധിക്ഷേപങ്ങളിലൂടെ ആണവയുദ്ധമെന്ന ഭീകര ഭീഷണിയുയര്‍ത്തുന്നു. പൊതുവായുള്ള മുഴുവന്‍ മനുഷ്യത്വത്തോടെയും ഈ രണ്ടു നേതാക്കളോടും എനിക്കു പറയാനുള്ളത്, ഇതൊരു കളിയല്ലെന്നും ഇതില്‍ നിന്ന് അവര്‍ പിന്മാറണമെന്നും മാത്രമാണ്. യുദ്ധവും അക്രമവും ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല. അക്രമം അക്രമത്തെ മാത്രമാണ് ജനിപ്പിക്കുന്നത്. 2016ല്‍ ഭീകരവാദത്തില്‍നിന്നുണ്ടായ മരണത്തിന്റെ ഏകദേശം നാലില്‍ മൂന്നു ഭാഗവും  ഇറാഖ്, അഫ്ഗാനിസ്താന്‍, സിറിയ, നൈജീരിയ, സോമാലിയ എന്നീ അഞ്ചു രാജ്യങ്ങളിലായിരുന്നു. അതിനാല്‍ നമുക്ക് യുദ്ധത്തിന്റെയും ഭീകരതയുടെയും ഇരകള്‍ക്കുവേണ്ടി നിലകൊള്ളുകയും അന്താരാഷ്ട്ര നീതി എന്നത് യാഥാര്‍ഥ്യമാക്കുകയും ചെയ്യാം. ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരോട് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ ആയുധ കയറ്റുമതി അന്താരാഷ്ട്ര നിയമാനുസൃതമാണെന്നും അതോടൊപ്പം അത് ചില ധാര്‍മികമൂല്യങ്ങള്‍ക്ക് അനുഗുണമാണെന്നും ഉറപ്പുവരുത്തുക. അതായത്, മനുഷ്യരാശിക്കെതിരായ ആക്രമണങ്ങളും  മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതിന് വ്യക്തമായ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യരുത്. ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരില്‍ ബ്രിട്ടന്‍ പെടും. അതുകൊണ്ട് നാം തീര്‍ച്ചയായും നമ്മുടെ അന്താരാഷ്ട്ര മൂല്യങ്ങള്‍ക്ക് വിലകൊടുത്തേ മതിയാവൂ. ആയുധ വ്യവസായത്തെ മറ്റു സാമൂഹിക ഉപയോഗങ്ങളുള്ള വ്യവസായങ്ങളായി പരിവര്‍ത്തനം ചെയ്യാനുള്ള വഴികള്‍ നാം അന്വേഷിക്കണം.അതിനാലാണ് ഞാന്‍ സമീപകാലത്തെ യുഎസ് പ്രതിനിധിസഭയുടെ ഒരു പ്രമേയത്തെ സ്വാഗതം ചെയ്യുന്നത്. ഒന്നാമതായി, പ്രമേയം യമന്റെ നാശത്തില്‍ അമേരിക്കയുടെ പങ്ക് ശരിവയ്ക്കുന്നുണ്ട്. രണ്ടാമതായി, ഈ സൈനിക ഇടപെടലിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിട്ടില്ലെന്ന് അതു വ്യക്തമാക്കുന്നു. രണ്ടും ചരിത്രത്തിലാദ്യമാണ്. ചരിത്രത്തില്‍ മുമ്പ് കാണാത്തവിധം  കോളറ രോഗം പടര്‍ന്നുപിടിക്കുന്ന രാജ്യമാണ് യമന്‍. സമാധാനത്തെ നാം ഗൗരവത്തില്‍ പിന്തുണയ്ക്കുന്നുവെങ്കില്‍ നാം അന്താരാഷ്ട്ര സഹകരണം, സമാധാന സംരക്ഷണം എന്നിവ ശക്തിപ്പെടുത്തണം. കഴിഞ്ഞവര്‍ഷങ്ങളില്‍ സമാധാനപാലനത്തിന് ഗണ്യമായ സംഭാവന നല്‍കാത്ത ബ്രിട്ടന് ഇതില്‍ ഒരു പ്രധാന പങ്കു വഹിക്കാനുണ്ട്. സമാധാനം, നയതന്ത്രം, മനുഷ്യാവകാശങ്ങള്‍ക്കുള്ള പിന്തുണ എന്നിവയ്‌ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയായിരിക്കാനുള്ള അവസരം ലേബര്‍ പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നു. ഞങ്ങളുടെ നയതന്ത്രശേഷിയും കോണ്‍സുലര്‍ സര്‍വീസുകളും ഇതിനു യോഗ്യമാക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള ബ്രിട്ടിഷ് എംബസികളില്‍ ഞങ്ങള്‍ മനുഷ്യാവകാശ ഉപദേശകരെ നിയമിക്കുന്നതാണ്. മനുഷ്യാവകാശവും നീതിയും ഐക്യരാഷ്ട്രസഭയെ പിന്തുണയ്ക്കാനുള്ള പ്രതിബദ്ധതയുമായിരിക്കും ഞങ്ങളുടെ വിദേശനയത്തിന്റെ കാതല്‍. അന്താരാഷ്ട്ര സഹകരണത്തിനും പ്രവര്‍ത്തനത്തിനും യുഎന്‍ ഒരു സവിശേഷ വേദിയാണ്. സെക്രട്ടറി ജനറല്‍ ഗുത്തേറഷിന്റെ പരിഷ്‌കരണ പരിപാടികള്‍ വിജയിക്കുന്നതിന് അംഗരാജ്യങ്ങളുടെ സഹായം വേണം. ഐക്യരാഷ്ട്രസഭയുടെ രക്ഷാ കൗണ്‍സില്‍ കൂടുതല്‍ പ്രാതിനിധ്യസ്വഭാവമുള്ളതായി മാറണം. അതു സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മേഖലയില്‍ സജീവമാവുകയും ചെയ്യണം.   നമുക്ക് കൂടുതല്‍ സമാധാനമുള്ള ലോകത്ത് ജീവിക്കാം. ഒരു നല്ല ജീവിതസൃഷ്ടിക്ക് സഹായിക്കാനുള്ള ആഗ്രഹം നമ്മുടെ എല്ലാവരുടെയും ഉള്ളിലെരിയുന്നുണ്ട്. ആദ്യം ബോംബിടുക, പിന്നീട് സംസാരിക്കുക എന്ന നയം ഇനി പാടില്ല. ഇനിയും വിദേശനയത്തില്‍ ഇരട്ടത്താപ്പുകളുണ്ടാവരുത്. ആഭ്യന്തരലാഭങ്ങള്‍ക്കു വേണ്ടി ആഗോള രാഷ്ട്രീയ ഇടപെടലുകളെ ഇനിയും ബലിയാടാക്കരുത്.                   ി(അവസാനിച്ചു.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss