|    May 28 Sun, 2017 1:08 am
FLASH NEWS

കാലാവധി തീര്‍ന്നിട്ടും ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസിലെത്തിയത് വിവാദമാവുന്നു

Published : 2nd October 2016 | Posted By: SMR

കെ വിജയന്‍മേനോന്‍

ഗുരുവായൂര്‍: കാലവധി തീര്‍ന്നിട്ടും ദേവസ്വം മുന്‍ അഡ്മിനിസ്റ്റ്രേറ്റര്‍ ഓഫിസിലെത്തിയത് വിവാദമാവുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധികചുമതല വഹിച്ചിരുന്ന തൃശൂര്‍ ജില്ലാ സബ്കലക്ടര്‍ ഹരിതാ വി. കുമാര്‍ ഇന്നലെ ദേവസ്വം ഓഫിസില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫിസില്‍ എത്തിയതാണ് വിവാദമായത്.
മൂന്നുമാസത്തെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന സബ ്കലക്ടര്‍ ഹരിതാ വി കുമാറിന്റെ കാലാവധി വെള്ളിയാഴ്ച്ച അവസാനിച്ചിരുന്നു. ചട്ടപ്രകാരം കാലാവധി അവസാനിച്ചാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ചുമതല ഒഴിഞ്ഞുകൊടുക്കാന്‍ വേണ്ടി മാത്രമെ പദവിയില്‍ ഇരിക്കാന്‍ പാടുകയുള്ളു. എന്നാല്‍ കാലാവധി കഴിഞ്ഞ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്നലെ ഓഫിസിലെത്തി ഫയലുകള്‍ പരിശോധിച്ചതാണ് വിവാദമായത്. രാവിലെ ഔദ്യോഗിക വാഹനത്തിലാണ് സബ് കലക്ടര്‍ ദേവസ്വം ഓഫിസിലെത്തിയത്.
കാലാവധി കഴിഞ്ഞ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസിലെത്തി ഫയല്‍ പരിശോധിക്കുന്നതറിഞ്ഞ് എത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ സബ് കലക്ടറുടെ ഗണ്‍മാന്‍ തടഞ്ഞു. ഇതേ കുറിച്ച് മാധ്യമ പ്രവര്‍ത്തകരും, ദേവസ്വം ജീവനക്കാരും സബ് കലക്ടറോട് കാര്യ തിരക്കിയപ്പോള്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ചുമതല നല്‍കാനാണ് എത്തിയതെന്നായിരുന്നു മറുപടി.
വൈകുന്നേരം ചുമതലയേല്‍ക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സ്ഥാനം കൈമാറാന്‍ രാവിലെ എത്തിയത് എന്തിനാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സംഭവം വിവാദമായെന്ന് വ്യക്തമായതോടെ സബ് കലക്ടര്‍ ഉച്ചക്ക് പന്ത്രണ്ടരയോടെ സ്ഥലംവിട്ടു. ഉച്ചക്ക് ശേഷം ചുമതലയേല്‍ക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സ്ഥാനം കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് താന്‍ ഓഫിസിലെത്തിയതെന്നാണ് കാറില്‍ കയറുംമുമ്പ് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്ന സി എന്‍ അച്യുതന്‍ നായരെ കാലാവധി പൂര്‍ത്തിയാകും മുമ്പേ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചാണ്  ഹരിത വി കുമാറിന് ജൂലൈ ഒന്നിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. ദേവസ്വത്തിലെ നിലവിലെ ഭരണസമിതിയെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ചതാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാറുമായി ഭരണസമിതിക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ദേവസ്വത്തിലെ കോണ്‍ഗ്രസ്സ് സംഘടനാ ജീവനക്കാര്‍ രംഗത്ത് വന്നിരുന്നു. കാലാവധി കഴിഞ്ഞ് ഇന്നലെ ഓഫിസിലെത്തിയ അവര്‍ക്ക് ചില സുപ്രധാന ഫയലുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ ജീവനക്കാര്‍ വിസമ്മതം പ്രകടിപ്പിച്ചതായും അറിയുന്നുണ്ട്.
വൈകീട്ട് നാലരയോടെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി സി സി ശശിധരന്‍ ചുമതലയേറ്റു. നഗരകാര്യ ഉപഡയറക്ടര്‍ സി സി ശശിധരനാണ് പുതിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി ഇന്നലെ ചുമതലയേറ്റത്.
അഡ്മിനിസ്‌ട്രേറ്ററുടെ നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ മൂന്ന് ഉദ്യോഗസ്ഥരുടെ പാനലില്‍ നിന്നാണ് ദേവസ്വം ഭരണസമിതി ശശിധരന്റെ പേര് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. പയ്യന്നൂര്‍ സ്വദേശിയായ ശശിധരന്‍ നേരത്തെ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയായിരുന്നു. നേരത്തെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി എന്‍ അച്യുതന്‍ നായരെ കാലാവധി പൂര്‍ത്തിയാകും മുമ്പ് ഈ സര്‍ക്കാര്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് പദവിയില്‍ നിന്ന് മാറ്റുകയായിരുന്നു. സബ് കലക്ടറായ ഹരിത വി കുമാറാണ് ജൂലൈ ഒന്ന് മുതല്‍ അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല വഹിച്ചു വരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day