|    Mar 21 Wed, 2018 10:25 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കാലവര്‍ഷവും സമ്പദ്ഘടനയും

Published : 14th April 2016 | Posted By: SMR

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയായിരുന്നു ജനങ്ങള്‍ അനുഭവിച്ചത്. പക്ഷേ, ഇത്തവണ ജൂണ്‍ മാസത്തില്‍ കാലവര്‍ഷം ആരംഭിക്കുമ്പോള്‍ അതു മെച്ചപ്പെട്ട വര്‍ഷപാതം നല്‍കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തവണ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും എന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം. പൊതുവില്‍ കാലവര്‍ഷക്കാലത്ത് ശരാശരി 89 സെന്റീമീറ്റര്‍ മഴയാണു ലഭിക്കുന്നത്. ഇത്തവണ ഈ ശരാശരി മഴയുടെ 106 ശതമാനം ലഭ്യമാവുമെന്നാണു വിലയിരുത്തല്‍.
കടുത്ത വരള്‍ച്ച നേരിടുന്ന ജനതയെ സംബന്ധിച്ചിടത്തോളം ഇതു വളരെ ആശ്വാസദായകമായ വാര്‍ത്തയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ അഞ്ചു വര്‍ഷമെങ്കിലും ശരാശരിയില്‍ കുറഞ്ഞ മഴയാണു രാജ്യത്ത് ലഭിച്ചത്. അതിന്റെ ഫലമായി കാര്‍ഷിക മേഖലയില്‍ കടുത്ത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. പലേടത്തും വരള്‍ച്ച സ്ഥിരം പ്രതിഭാസമായി. കാര്‍ഷികോല്‍പാദനരംഗത്ത് വലിയ തിരിച്ചടിയാണ് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായത്. ലത്തൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ വറ്റിവരണ്ടതിനെത്തുടര്‍ന്നു ജനങ്ങള്‍ക്കു കുടിവെള്ളം തീവണ്ടി മാര്‍ഗം എത്തിക്കേണ്ട അവസ്ഥയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കൊടും വരള്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ വരള്‍ച്ചയ്ക്കിടയിലും വന്‍തോതില്‍ ജലം പാഴാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം പോലുള്ള ഉല്‍സവങ്ങള്‍ നടത്തുന്ന പ്രവണതയ്‌ക്കെതിരേ ഈയിടെ സുപ്രിംകോടതി തന്നെ ശക്തമായ താക്കീതു നല്‍കുകയുണ്ടായി.
ജലം പാഴാക്കപ്പെടുന്നു എന്നതു മാത്രമല്ല ഇന്ത്യയിലെ പ്രശ്‌നം. ലഭ്യമാവുന്ന മഴ തന്നെ വലിയതോതില്‍ പാഴായിപ്പോവുകയാണ്. രാജ്യത്ത് ജലസേചന സംവിധാനങ്ങള്‍ ഇന്നും അപര്യാപ്തമാണ്. ജല സംഭരണത്തിനും സംരക്ഷണത്തിനുമുള്ള സംവിധാനങ്ങളും ഇനിയും വേണ്ട വിധം വികസിപ്പിക്കുന്നതില്‍ രാജ്യം വിജയിച്ചിട്ടില്ല. ഇതിന്റെയൊക്കെ ഫലമായി ലഭ്യമായ ജലം പോലും കൃഷിക്കും ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയുന്നില്ല. ഇന്ത്യയുടെ വന്‍ നദികളും മറ്റു ജലസംഭരണികളും വന്‍തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണ് എന്ന വസ്തുതയും സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗുരുതരമാക്കി മാറ്റുന്നുണ്ട്.
ചുരുക്കത്തില്‍, ജലസംഭരണവും സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളില്‍ അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നദികളുടെ സംരക്ഷണത്തിനും മലിനീകരണം തടയുന്നതിനും പ്രത്യേക പദ്ധതികള്‍ സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം മേഖലകളില്‍ നല്‍കുന്ന ഊന്നല്‍ വളരെ സ്വാഗതാര്‍ഹവുമാണ്.
ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളവും മഴ സംബന്ധിച്ച പ്രവചനങ്ങള്‍ ആഹ്ലാദകരമാണ്. കാര്‍ഷികോല്‍പാദന രംഗത്തെ ഉണര്‍വ് സമ്പദ്ഘടനയെ മൊത്തത്തില്‍ ശക്തിപ്പെടുത്തും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഉല്‍പാദന രംഗം പ്രതിസന്ധി നേരിടുകയാണ്. പ്രതീക്ഷിത വളര്‍ച്ചാനിരക്കു കൈവരിക്കുന്നതിലും നാം പരാജയപ്പെടുകയായിരുന്നു. വരും വര്‍ഷം ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു ചിത്രം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss