|    Oct 24 Wed, 2018 10:13 am
FLASH NEWS

കാലവര്‍ഷമെത്തും മുമ്പേ ജില്ലയില്‍ പനി പടരുന്നു

Published : 29th May 2018 | Posted By: kasim kzm

തൊടുപുഴ: കാലവര്‍ഷമെത്താന്‍ ഇനിയും ദിവസങ്ങള്‍ ശേഷിക്കെ ജില്ലയുടെ വിവിധ മേഖലകളില്‍ പനി പടരുന്നു. ടൈഫോയ്ഡും ഡെങ്കിപ്പനിയും ്അടക്കം റിപോര്‍ട്ട് ചെയ്തതോടെ പകര്‍ച്ചവ്യാധി ഭീഷണിയും ആശങ്കയുയര്‍ത്തുകയാണ്. അതേസമയം, തൊടുപുഴ ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്ക് ടൈഫോയിഡ് സ്ഥീകരിച്ചു. ചികില്‍സയില്‍ കഴിയുന്ന മൂന്നുപേരുടെ കൂടി രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.
അതേസമയം, ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരാന്‍ അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രാഥമിക രക്തപരിശോധന (ഫ്‌ളൈയിങ് ടെസ്റ്റ്) നടത്തിയതില്‍ ഇവര്‍ക്ക് ടൈഫോയ്ഡിന്റെ രോഗലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ വൈറല്‍ പനി ബാധിച്ചാലും ഈ രോഗലക്ഷണങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ വിദഗ്ദ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ കലൂര്‍ ഡിഡിആര്‍സിയിലേക്ക് അയച്ച ഫലമാണ് ഇന്നലെ വന്നത്.
ബാക്കി പത്തു പേര്‍ക്ക് വൈറല്‍ പനിയാണ്. ജില്ല ആശുപത്രിയില്‍ ഇന്നുരാവിലെ 10നാണ് യോഗം. രോഗം വന്ന സാഹചര്യവും അതിന്റെ ഉറവിടങ്ങളും കണ്ടെത്താനാണ് അടിയന്തരമായി യോഗം വിളിച്ചത്. ചിക്കന്‍ പോക്‌സ്, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങളും വിവിധയിടങ്ങളില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിയും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോഴും പനിബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞദിവസം കരിങ്കുന്നത്ത് ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. വണ്ണപ്പുറം, ഇടവെട്ടി, കരിങ്കുന്നം, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കൂത്താടിയുടെ സാന്ദ്രത കൂടുതലാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് അധികൃതര്‍ പറഞ്ഞു.
കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ആറുപേര്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് ചികില്‍സ തേടിയിരുന്നു. ഈ മാസം 160 പേര്‍ക്കു ചിക്കന്‍ പോക്‌സ് പിടിപെട്ടതായാണു കണക്കുകള്‍. ഈമാസം രണ്ടുപേര്‍ക്ക് എലിപ്പനിയും നാലു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും ഏഴു പേര്‍ക്കു ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചിട്ടുണ്ട്.
പനി ബാധിച്ച് ആറായിരത്തിലധികം പേര്‍ ഈ മാസം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികില്‍സ തേടിയതായി അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഈ മാസം രണ്ടു പേര്‍ക്കാണു ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. പനി, ക്ഷീണം, തലവേദന, ഛര്‍ദി, വയറുവേദന, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക, ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചുവയ്ക്കുക, ശുചിത്വം പാലിക്കാത്ത ഇടങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാല്‍ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss