|    Jan 23 Mon, 2017 1:53 am
FLASH NEWS

കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു; രണ്ടു ദിവസത്തെ നാശനഷ്ടം രണ്ടു കോടി

Published : 2nd July 2016 | Posted By: SMR

കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു ദിവസത്തെ ശക്തമായ മഴയില്‍ ജില്ലയില്‍ രണ്ടു കോടിയോളം രൂപയുടെ നഷ്ടമെന്നു കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ നഷ്ടത്തിന്റെ തോത് ഇനിയും ഉയര്‍ന്നേക്കും.
പ്രാഥമിക കണക്ക് പ്രകാരം 1,89,60,000 രൂപയുടെ നഷ്ടമാണുള്ളത്. ഇതില്‍ ഏറെയും നഷ്ടം വാഴകൃഷി നശിച്ച വകയിലാണ്. വാഴക്കുലയ്ക്ക് മാര്‍ക്കറ്റില്‍ 40ലധികം രൂപ വിലയുള്ളതിനാല്‍ ഭീമമായ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
മാര്‍ക്കറ്റ് വില കണക്കാക്കാതെയുള്ള നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നതിനാല്‍ ഇതു കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസം നല്‍കില്ല. വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പൊഴുതന, വൈത്തിരി, കോട്ടത്തറ പഞ്ചായത്തുകളിലാണ് വാഴകൃഷിക്ക് കനത്ത നഷ്ടം. മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിദുരന്തം കാരണം കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇനത്തില്‍ കോടികളാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
2014 മുതല്‍ 16 വരെ 26 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഇത്രയും തുക കുടിശ്ശിക വന്നതിനിടയ്ക്കാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുളളില്‍ രണ്ടു കോടിയോളം രൂപയുടെ നഷ്ടവുമുണ്ടായത്.
ഈ വര്‍ഷം വരള്‍ച്ചയില്‍ 1.62 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് അധികൃതരുടെ കണക്ക്. ഈ തുകയും നല്‍കിയിട്ടില്ല. ഇതില്‍ 1,43,00,000 രൂപയുടെ നഷ്ടം പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രമാണ്.
വേനല്‍മഴ, വരള്‍ച്ച എന്നിവ കാരണം ഈ വര്‍ഷം 200 ഹെക്റ്റര്‍ സ്ഥലത്തും കൃഷിനാശമുണ്ടായി. 2013ല്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ ഇനത്തില്‍ 2015ല്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. ബാക്കി തുക കിട്ടാത്തത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വാഴകൃഷിയില്‍ നഷ്ടം 54.88 ലക്ഷം
കല്‍പ്പറ്റ: കനത്ത മഴയിലും കാറ്റിലും വ്യാഴാഴ്ച 54,88,500 രൂപയുടെ വാഴകൃഷി നശിച്ചു. സുല്‍ത്താന്‍ ബത്തേരി, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, തൊണ്ടര്‍നാട്, മാനന്തവാടി, വെങ്ങപ്പള്ളി, തവിഞ്ഞാല്‍ കൃഷിഭവനുകളുടെ കീഴിലാണ് കൃഷിനാശം റിപോര്‍ട്ട് ചെയ്തത്.
182 കര്‍ഷകരുടെ 54,885 കുലച്ച വാഴയും 43 കര്‍ഷകരുടെ 26,750 കുലയ്ക്കാത്ത വാഴകളും നശിച്ചു. ഇന്നലെ മഴ കുറവായതിനാല്‍ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക