|    Aug 17 Fri, 2018 5:34 am
Home   >  Todays Paper  >  Page 5  >  

കാലവര്‍ഷക്കെടുതി; കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published : 10th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മഴക്കെടുതികള്‍ ബോധ്യപ്പെട്ടതായും ഇവ ഉള്‍ക്കൊള്ളിച്ച റിപോര്‍ട്ട് ഈ മാസം 20ന് നല്‍കുമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
രണ്ടു ഭാഗങ്ങളായി കേന്ദ്രസഹായത്തിനുള്ള നിവേദനം കേരളം നല്‍കുമെന്നു സംഘത്തെ മുഖ്യമന്ത്രി അറിയിച്ചു. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം ലഭിക്കാനുള്ള നിവേദനവും കേരളത്തിലുണ്ടായ കനത്ത നഷ്ടം ചൂണ്ടിക്കാട്ടി കൂടുതല്‍ സഹായം തേടിയുള്ള പ്രത്യേക നിവേദനവും നല്‍കും. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ മൂലമുള്ള കെടുതികളും കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എ വി ധര്‍മ റെഡ്ഡി, ഫിനാന്‍സ് ജോയിന്റ് ഡയറക്ടര്‍ എസ് സി മീണ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ബീച്ച് ഇറോഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണി, ഗ്രാമവികസന മന്ത്രാലയം അസി. ഡയറക്ടര്‍ ചാഹത് സിങ് എന്നിവരാണ് എത്തിയത്. കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാമത്തെ സംഘം വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷക്കെടുതി വിലയിരുത്തുകയാണ്.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, ജി സുധാകരന്‍, ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, ഡോ. കെ ടി ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ യോഗത്തില്‍ സംബന്ധിച്ചു.
കേന്ദ്രസംഘം ഇന്ന് കോട്ടയത്തെത്തും. പ്രളയദുരിതം വിലയിരുത്താന്‍ രണ്ടാംതവണയാണ് കേന്ദ്രസംഘം കോട്ടയത്തെത്തുന്നത്. ഉച്ചയ്ക്ക് 2.30ന് എത്തുന്ന സംഘം ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തും. വിവിധ മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ കേന്ദ്രസംഘത്തിന് വിശദീകരിക്കും. നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് സംഘം വൈക്കം ഭാഗത്ത് സന്ദര്‍ശനം നടത്തും.
പ്രളയകാലത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍െപ്പടെയുള്ളവര്‍ ചെങ്ങളവും കുമരകവും സന്ദര്‍ശിച്ചു മടങ്ങിയിരുന്നു.
കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം വീണ്ടുമെത്തി നഷ്ടം പൂര്‍ണമായി വിലയിരുത്തുമെന്നാണു കേന്ദ്രമന്ത്രി കിരണ്‍ റിജിജു അന്ന് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാശനഷ്ടത്തെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് തയ്യാറാക്കുന്നതിനായി സംഘം ഇന്ന് ജില്ലയിലെത്തുക. ഏറ്റവും കൂടുതല്‍ പ്രളയക്കെടുതിയുണ്ടായ കോട്ടയം താലൂക്കില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുമോയെന്ന കാര്യം വ്യക്തമല്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss