|    Dec 13 Wed, 2017 1:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചു; നാളെവരെ കനത്ത മഴയ്ക്കു സാധ്യത

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിച്ചു. അടുത്ത അഞ്ചുദിവസം കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നാളെവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 28 വരെ കേരളത്തില്‍ വ്യാപകമായും ലക്ഷദ്വീപില്‍ സാമാന്യം വ്യാപകമായും മഴ ലഭിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത രണ്ടുദിവസം കാറ്റിന്റെ വേഗത 45 മുതല്‍ 55 കിലോമീറ്റര്‍ വരെയാവുന്നതിനാല്‍ മല്‍സ്യബന്ധനം നടത്തുന്നവര്‍ ജാഗ്രതപുലര്‍ത്തണം.
അതേസമയം, മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് ഇതുവരെ ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. 20 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 118 സെന്റിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 89 സെന്റിമീറ്റര്‍ മഴ മാത്രമാണ്. എന്നാല്‍, മണ്‍സൂണ്‍ അവസാനിക്കാന്‍ രണ്ടുമാസംകൂടിയുള്ളതിനാല്‍ മഴലഭ്യതയുടെ കുറവില്‍ ആശങ്കപ്പെടേണ്ടതില്ല. ഇപ്പോഴത്തെ കുറവ് വരും ദിവസങ്ങളിലെ മഴലഭ്യതയില്‍ പരിഹരിക്കാനാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മലയോര, തീരദേശ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മഴ ലഭിക്കുന്നത്. പിറവം, വൈക്കം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിസം ഏറ്റവും അധികം മഴ ലഭിച്ചത്. 9 സെന്റീമീറ്റര്‍ വീതമാണ് ഇവിടെ മഴ ലഭിച്ചത്. ആലുവ, കൊച്ചി എന്നിവിടങ്ങളില്‍ 8 സെന്റിമീറ്റര്‍ വീതവും കൊടുങ്ങല്ലൂര്‍, എറണാകുളം സൗത്ത്, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ 7 സെന്റിമീറ്റര്‍ മഴ ലഭിച്ചു. പൊന്നാനി, പെരുമ്പാവൂര്‍, കോട്ടയം, കായംകുളം, തൊടുപുഴ എന്നിവിടങ്ങളില്‍ 5 സെന്റിമീറ്റര്‍, തളിപ്പറമ്പ്, വടകരഎന്നിവിടങ്ങളില്‍ 4 സെന്റിമീറ്റര്‍ വീതവും മഴ ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക