|    Nov 14 Wed, 2018 11:51 pm
FLASH NEWS

കാലവര്‍ഷം: ജില്ലയില്‍ 7.23 കോടിയുടെ നാശനഷ്ടം

Published : 17th June 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷത്തെത്തുടര്‍ന്ന് ഇതുവരെ 7.23 കോടിയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. 12 വീടുകള്‍ പൂര്‍ണമായും 160 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇവയ്ക്ക് 47,52,800 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതിനുപുറമെ 6.76 കോടി രൂപയുടെ കാര്‍ഷിക നഷ്ടം ഉണ്ടായിട്ടുണ്ട്. ആകെ 7,23,81,883 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കാര്‍ഷിക നഷ്ടം ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത്. കാലവര്‍ഷം 41 വില്ലേജുകളെ ബാധിച്ചു. 121.5 ഹെക്ടര്‍ പ്രദേശത്തെ നെല്‍ക്യഷി വെള്ളത്തിലായി. 2,02,199 കുലച്ച വാഴകള്‍ കാറ്റില്‍ വീണു. 38,576 കുലക്കാത്ത വാഴകളും നശിച്ചു. ടാപ്പിങ് നടത്തുന്ന 4,302 റബര്‍ മരങ്ങളും ടാപ്പിങ് നടത്താത്ത 470 റബര്‍ മരങ്ങളും കടപുഴകി വീണു. 1,280 കായ്ക്കുന്ന കുരുമുളക് ചെടികള്‍ നശിച്ചു.  ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തരണം ചെയ്യാന്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട് ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കാനും ആവശ്യമായവരെ മാറ്റി പാര്‍പ്പിക്കാനും കഴിഞ്ഞു. റമദാന്‍ ദിവസങ്ങളിലും ജില്ലയിലെ ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടാന്‍ തയ്യാറായിനിന്നു. റവന്യൂ ഓഫിസുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമാക്കി. മണ്‍സൂണ്‍ തുടങ്ങിയ മെയ് 29 മുതല്‍ ജില്ലയില്‍ ഇതുവരെ 428.23 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചത്. ജൂണ്‍ 14 ന് മാത്രം 141.03 മില്ലിമീറ്റര്‍ മഴ പെയ്തു. 15 ന്  22.053 മില്ലിമീറ്റര്‍ മഴയും പെയ്തു. ഏറനാട് താലൂക്കിലെ മൂന്ന് വില്ലേജുകളിലാണ് ഉരുള്‍പൊട്ടിയത്. പെരകമണ്ണ വില്ലേജിലെ ചാത്തല്ലൂര്‍, ഊര്‍ങ്ങാട്ടിരിയിലെ വള്ളിപ്പാലം, വെറ്റിലപ്പാറയിലെ കൂരംകല്ല് എന്നിവടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. 30 കുടുംബങ്ങളെ ദുരിതാശ്വാസ ക്യംപിലുള്‍പ്പെടുത്തി.   132 പേര്‍ക്ക് സൗജന്യ ഭക്ഷണവും മറ്റും നല്‍കിയതായും കലക്ടര്‍ പറഞ്ഞു. ജിഎല്‍പിഎസ് പെരുമ്പത്തൂര്‍, ചാത്തല്ലൂര്‍ ബദല്‍ സ്‌കൂള്‍, മഞ്ചേരി വില്ലേജ് ഓഫിസ് ബില്‍ഡിങ്, പുള്ളിപ്പാടം വില്ലേജ് കമ്മ്യൂണിറ്റി ഹാള്‍ എന്നിവടങ്ങളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ പുള്ളിപ്പാടം തുടരുന്നുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ നാലുപേര്‍ മരിച്ചിരുന്നു. താനൂരില്‍നിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയ ഹംസ, കരിമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട നിസാമുദ്ദീന്‍, പുല്‍പ്പറ്റയില്‍ കുളത്തില്‍മുങ്ങി മരിച്ച അബ്ദുല്‍ മുനീര്‍, കുതിരപ്പുഴയില്‍ മുങ്ങിമരിച്ച അബ്ദുര്‍റഹിമാന്‍ എന്നിവരാണ് ദുരന്തത്തിനിരയായത്. നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും ജില്ലയിലെത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ നമ്പറില്‍ വിളിക്കാം(1077).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss