|    Nov 14 Wed, 2018 1:32 am
FLASH NEWS

കാലവര്‍ഷം കനത്തു; പരക്കെ നാശം

Published : 15th August 2018 | Posted By: kasim kzm

കാസര്‍കോട്/കാഞ്ഞങ്ങാട്/ പടന്ന: കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായി പെയ്യുന്ന മഴയില്‍ പരക്കെ നാശം. മലയോര പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തിങ്കളാഴ്ച രാത്രി നീലേശ്വരം-ഭീമനടി ടൗണില്‍ റോഡിലേക്ക് 30 അടി ഉയരമുള്ള മണ്‍തിട്ടയില്‍ നിന്നും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും രാത്രി ഒരുമണിവരെ പരിശ്രമിച്ചാണ് റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
ബളാല്‍ പഞ്ചായത്തില്‍ ശക്തമായ മഴയില്‍ വലിയ പാറക്കല്ലുകള്‍ ഉരുണ്ട് വീഴുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഈ കാലവര്‍ഷത്തില്‍ രണ്ടുതവണയാണ് വലിയപാറക്കല്ലുകള്‍ ഉരുണ്ടു വീണത്. അശോകച്ചാല്‍, മഞ്ചുച്ചാല്‍, മരുതോം പ്രദേശങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്. ശക്തമായ മഴയില്‍ തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
മഞ്ചേശ്വരം പഞ്ചായത്തിലെ 21ാം വാര്‍ഡ് കൊളക്കബയലു കുച്ചിക്കാട് പ്രദേശത്തെ 90ഓളം കുടുംബങ്ങള്‍ വയലില്‍ മഴവെള്ളം നിറഞ്ഞതിനാല്‍ പുറത്തിറങ്ങാനാവാതെ ദുരിതത്തിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കി.
എന്നാല്‍ ശക്തമായ മഴയുണ്ടായിട്ടും ഇന്നലെ പൊതുഅവധി നല്‍കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയതോടെ പല കൂട്ടികള്‍ക്കും വീട്ടിലെത്താനും ഏറെ ബുദ്ധിമുട്ടി.
പടന്ന തൈക്കടപ്പുറത്തെ നിര്‍മ്മല മനോഹരന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. പൊതാവൂരിലെ ടി വി ഉഷയുടെ വീടും ഭാഗികമായി തകര്‍ന്നു. ചിറ്റാരിക്കാലിലെ ബാലകൃഷ്ണന്റെ കിണര്‍ താഴ്ന്നു. വീടിന് ഒരു മീറ്റര്‍ സമീപമുള്ള കിണര്‍ താഴ്ന്നത് മൂലം വീടിനെയും അപകടാവസ്ഥയിലാക്കിയിട്ടുണ്ട്. പാലാവയല്‍ ഏണിച്ചാലില്‍ ജോസഫ്, സണ്ണിതോമസ് മുരിങ്ങാരത്ത് എന്നിവരുടെ വീട് പൂര്‍ണമായും തകര്‍ന്നു.
ഏണിച്ചാലിലെ ദേവസ്യയുടെ വീട് ഭാഗികമായും തകര്‍ന്നു. പരപ്പയില്‍ ശക്തമായ കാറ്റില്‍ തെങ്ങുമുറിഞ്ഞ് വര്‍ക്ക്‌ഷോപ്പിന്റെ മുകളില്‍ വീണ് ജീവനക്കാരന് പരിക്കേറ്റു. അപകടത്തില്‍ വര്‍ക്ക്‌ഷോപ്പ് ഭാഗികമായി തകര്‍ന്നു. പരപ്പ പള്ളിക്ക് സമീപത്തെ ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള വെല്‍ഡിങ് ഷോപ്പിന് മുകളിലാണ് തെങ്ങ് വീണത്. പായാളത്തെ ബാബു(32)നാണ് പരിക്കേറ്റത്. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡില്‍ മരം പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ ഇടപെടലില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
മഞ്ചേശ്വരം താലൂക്കിലെ കൊടലമുഗറുവിലെ ചന്ദ്രഹാസ ഷെട്ടിയുടെ വീട് ഭാഗികമായി തകര്‍ന്നു. മുളിയാര്‍ കാനത്തൂരില്‍ ശക്തമായ കാറ്റില്‍ മരം പൊട്ടിവീണ് വൈദ്യുതി പോസ്റ്റുകളും കടയും വീടും തകര്‍ന്നു. കവുങ്ങുകളും തെങ്ങളും ഉള്‍പ്പെടെ നിരവധി കാര്‍ഷിക വിളകള്‍ നശിച്ചു.
മുളിയാര്‍ വില്ലേജിലെ രോഹിണി, ബദിയടുക്കയിലെ പ്രേമലതയുടെ വീടിന്റെ കുളിമുറി എന്നിവ മരം വീണ് തകര്‍ന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന പ്രേമലതയെ സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയിലെ ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു. 59.2 ഹെക്ടര്‍ കൃഷിസ്ഥലം നശിച്ചു. 19,99,250 രൂപയുടെ വിളനാശമാണ് കണക്കാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71.35 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ 68.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ക്ലായിക്കോട് വില്ലേജില്‍ ജാനകിയുടെ വീട് പ്ലാവ് വീണ് തകര്‍ന്നു. 50,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അമ്പലത്തറ വില്ലേജില്‍ വല്‍സലയുടെ വീട് മഴയില്‍ ഭാഗികമായി തകര്‍ന്ന്, 20,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
കോളിച്ചാല്‍ പാടിയില്‍ ബിജുവിന്റെ ഷീറ്റിട്ട വീട് പൂര്‍ണമായും തകര്‍ന്നു. മരം വിഴുന്ന ഒച്ചകേട്ട് കുടുംബാംഗങ്ങള്‍ പുറത്തേക്കോടിയതിനാല്‍ അപകടം ഒഴിവായി. പൂടംകല്ല് കരിന്ത്രക്കല്ലിലെ ആച്ചിക്കല്‍ ബിനോയിയുടെ വീടിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു.
രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് അധ്യാപകന്‍ തോമസ് സ്‌കറിയയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാട് സംഭവിച്ചു. ഇന്നലെ വൈകിട്ട് നാലോടെ ചുള്ളിക്കരയില്‍ മരം വീണു ഒരു വൈദ്യുതി തൂണ്‍ ഒടിയുകയും വൈദ്യുതി ലൈന്‍ പൊട്ടുകയും ചെയ്തു. ബളാംതോട് വൈദ്യുതി സെക്ഷനില്‍ പതിനെട്ടാംമൈലിലും മരംവീണ് ആറു വൈദ്യുതതൂണുകള്‍ തകരുകയും വൈദ്യുതി ലൈന്‍ പൊട്ടുകയും ചെയ്തു. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. റോഡുകളെല്ലാം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന നിലയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss