|    Jul 23 Mon, 2018 1:22 pm
FLASH NEWS

കാലവര്‍ഷം കനത്തു; താഴ്ന്ന ഭാഗങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍

Published : 18th September 2017 | Posted By: fsq

 

തൃശൂര്‍: ജില്ലയില്‍ രണ്ടു ദിവസമായി പെയ്ത കനത്തമഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. പലയിടത്തും കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.  തീരദേശ പ്രദേശവാസികളും മഴയെതുടര്‍ന്ന് കടലേറ്റ ഭീഷണിയിലാണ്. പെരിങ്ങാവ് പാണ്ടിക്കാവ് സെക്കന്റ് സ്ട്രീറ്റിന്റെ പാടത്തിനടുത്ത ഭാഗത്തെ റോഡില്‍ വെള്ളം കയറി 14 വീട്ടുകാര്‍ ദുരിതത്തിലായി. പാണ്ടിക്കാവ് സെക്കന്റ് സ്ട്രീറ്റിന്റെ അവസാന ഭാഗത്തെ റോഡാണ് പൂര്‍ണമായും വെള്ളത്തിലായത്. റോഡ് ഉയര്‍ത്തി പണിയാത്തതുമൂലമാണ് മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായത്. വെള്ളമൊഴുകി പോകുന്നതിനായി കാനയുമില്ല. ബാക്കിയുള്ള റോഡുകളെല്ലാം ഉയര്‍ന്നതായതിനാല്‍ എല്ലാ വെള്ളവും ഒഴുകിയെത്തുന്നതും ഇവിടെയാണ്. മലിനജലം കിണറുകളിലെത്തുന്നതു പ്രശ്—നം സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നിരവധിതവണ ഗ്രാമസഭയിലടക്കം പരാതി നല്‍കിയിട്ടും കൗണ്‍സിലറടക്കമുള്ളവരുടെ ഭാഗത്തു നിന്ന് അനുകൂല നടപടികളൊന്നുമുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.കൊടുങ്ങല്ലൂര്‍ കനത്ത മഴയില്‍ കൊടുങ്ങല്ലൂര്‍ മേഖലയില്‍ നാഷനഷ്ടം. വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലപ്രദശങ്ങളിലും റോഡ് ഗതാഗതം നിലച്ചു. പഴയ മേത്തല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും എറിയാട് പഞ്ചായത്തിലെ അഴീക്കോട്, എറിയാട്, മാടവന തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നൂറോളം വീടുകള്‍ വെള്ളത്തിനടയിലായി. മൂന്നോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇനിയും ക്യാമ്പുകള്‍ തുറക്കാനാണ് റവന്യൂ വകുപ്പും പൊലീസും തീരുമാനിച്ചിട്ടുള്ളത്. കടല്‍ക്ഷോഭം കൂടിയതിനാല്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് ജില്ല കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റില്‍ പലസ്ഥലങ്ങളിലും മരങ്ങള്‍ വീട് വൈദ്യുതി ബന്ധം തകരാറിലായി. നഗരസഭയിലെ പുല്ലൂറ്റ് മണ്ണാറത്താഴം. പന്തീരാംപാല, നാരായണ മംഗലം എന്നീ സ്ഥലങ്ങളിലും എടവിലങ്ങ് പഞ്ചായത്തിലും മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഇവിടെയും വൈദ്യുതിയില്ലാത്ത അവസ്ഥയാണ്.  വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കനോലി കനാല്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ പല കുടുംബങ്ങളും ബന്ധുക്കളുടെ വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. മാള: മൂന്ന് ദിവസത്തിലധികമായി തുടരുന്ന മഴയില്‍ താഴ്ന്ന ഭാഗങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലായി. വട്ടക്കോട്ടയില്‍ പുരയിടത്തിലെ കിണര്‍ ഇടിഞ്ഞു താഴുകയും മാളപള്ളിപ്പുറത്ത് പുരയിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീഴുകയുമുണ്ടായി. വട്ടക്കോട്ട ചക്കാമഠത്തില്‍ സുമതിയുടെ വീടിന് സമീപത്തെ കിണറാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ ഇടിഞ്ഞു താണത്. കിണറിന്റെ സംരക്ഷണ ഭിത്തിയും മോട്ടോറും താഴേക്ക് പോയി. മാളപള്ളിപ്പുറം കോലഞ്ചേരി പൊറിഞ്ചുവിന്റെ പുരയിടത്തിലെ ചുറ്റുമതിലാണ് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞു വീണത്. അഞ്ചു മീറ്ററിലധികം ഭാഗത്തെ മതില്‍ തകര്‍ന്നീട്ടുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും താഴ്ന്ന ഭാഗങ്ങളില്‍ ഒന്നായ കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. കുണ്ടൂര്‍, ആലമിറ്റം, തിരുത്ത, കഴിഞ്ചിത്തറ, കൊളത്തേരി, കൊച്ചുകടവ്, പള്ളിബസാര്‍ തുടങ്ങിയ പ്രദേശങ്ങളും അന്നമനട ഗ്രാമപഞ്ചായത്തിലെ നെടുമിറ്റം, വെണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം വിവാഹങ്ങള്‍ക്കും മറ്റ് നിരവധി ചടങ്ങുകള്‍ക്കും ഒട്ടേറെ ദുരിതമായി. ഈ ചടങ്ങുകള്‍ക്കെത്താനും കുട്ടികളും പ്രായമായവരുമടക്കമുള്ള ജനങ്ങള്‍ എത്താനായി ദുരിതത്തോടൊപ്പം അധികച്ചെലവും വഹിക്കേണ്ടി വന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss