|    Dec 15 Sat, 2018 4:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാലഫോര്‍ണിയയില്‍ കാട്ടുതീ; 42 മരണം

Published : 14th November 2018 | Posted By: kasim kzm

സാക്രമെന്റോ: കാലഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് മരിച്ച 13 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തതോടെ മരിച്ചവരുടെ ആകെ എണ്ണം 42 ആയി. കാട്ടുതീ വന്‍ നാശം വിതച്ച പാരഡൈസ് നഗരത്തില്‍ നിന്നാണ് ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 228 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്.
7200 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 15,500 കെട്ടിടങ്ങള്‍ അപകടഭീഷണിയിലാണ്. 1933ലെ ഗ്രിഫ്ത് പാര്‍ക്കിലുണ്ടായ കാട്ടുതീ അപകടത്തിലെ നാശനഷ്ടത്തേക്കാള്‍ കൂടുതലാണിത്. ഗ്രിഫ്ത്തില്‍ 31 പേരാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
കാട്ടുതീയെ തുടര്‍ന്ന് കാലഫോര്‍ണിയയില്‍ നിന്നു മൂന്നുലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. അപകടത്തില്‍പ്പെട്ടവരിലധികവും മുതിര്‍ന്ന പൗരന്മാരായിരുന്നു. രാത്രി പടര്‍ന്ന കാട്ടുതീയില്‍ നിന്നു രക്ഷപ്പെടാന്‍ കാറില്‍ യാത്ര ചെയ്തവരാണ് മരിച്ചവരില്‍ കൂടുതല്‍.
അതേസമയം, അപകടത്തില്‍ നാശനഷ്ടം വര്‍ധിക്കാനുണ്ടായ സാഹചര്യം കാലഫോര്‍ണിയ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന്‍ അന്വേഷിക്കും. കാട്ടുതീക്ക് സാധ്യത വേനല്‍ക്കാലത്താണെന്നിരിക്കെ വലിയതോതില്‍ തീ പടരാന്‍ മറ്റു കാരണങ്ങളുണ്ടോ എന്നാണ് അന്വേഷിക്കുക. ഇലക്ട്രിക്കല്‍ കമ്പനികളുടെ നടപടികളാണോ അപകടത്തിനു കാരണമെന്നും അന്വേഷിക്കും.
ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥയും ചൂടുകാറ്റും മഴയുടെ ലഭ്യതക്കുറവും കാട്ടുതീ വലിയതോതില്‍ പടരാന്‍ കാരണമായതായാണ് പ്രാഥമിക നിഗമനം. നാലു കോടി ജനങ്ങളാണ് കാലഫോര്‍ണിയയിലുള്ളത്. 1970 വര്‍ഷത്തിന്റെ ഇരട്ടിയാണിത്. വനമേഖലയ്ക്കു സമീപം താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും അപകടത്തിന് ആക്കം കൂട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss