|    Nov 17 Sat, 2018 3:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാലഫോര്‍ണിയയില്‍ കാട്ടുതീ; ഒമ്പതു മരണം

Published : 11th November 2018 | Posted By: kasim kzm

സാക്രമെന്റോ: കാലഫോര്‍ണിയയില്‍ മൂന്നിടങ്ങളിലായി കാട്ടുതീ പടരുന്നു. വന്‍ നാശം വിതയ്ക്കുന്ന കാട്ടുതീയില്‍പ്പെട്ട് ഒമ്പതുപേര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. പ്രശ്‌നബാധിത മേഖലയില്‍ നിന്ന് 2,50,000 പേര്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്തു. 6,700 വീടുകള്‍ പൂര്‍ണമായും അഗ്നിക്കിരയായി.
അതേസമയം, അതിശക്തമായി പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നാണ് വിവരം. മൂന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. 35 പേരെ കാണാതായതായി അധികൃതര്‍ പറയുന്നു. ഹോളിവുഡ് സിനിമാ താരങ്ങളുടെ വീടുകളുള്ള മാലിബുവിലും കാട്ടുതീ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ കാറ്റും ഉണങ്ങിയ മരങ്ങളും ഇതിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ ദിവസം ബാറിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട തൗസന്റ്‌സ് ഓക്‌സിലും കാട്ടുതീ പടരുകയാണ്. മാലിബുവില്‍ കാട്ടുതീ നിയന്ത്രണവിധേയമല്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ നിന്ന് ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. ഗായിക ലേഡി ഗാഗ, ഓസ്‌കര്‍ ജേതാവ് സംവിധായകന്‍ ഗുലിര്‍മോ ഡെല്‍ തുടങ്ങി പ്രശസ്തരെ പ്രശ്‌നബാധിത മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു.
അതേസമയം, കാട്ടുതീയില്‍ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഉണങ്ങിയ മരങ്ങള്‍ വെട്ടിമാറ്റാത്തതും വനംവകുപ്പിന്റെ കെടുകാര്യസ്ഥതയുമാണ് കാട്ടുതീ ക്രമാതീതമായി പടരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അപകടകരമാംവിധം കാട്ടുതീ അടുത്ത ആഴ്ചയും തുടരുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ലോസ് ആഞ്ചല്‍സില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയുള്ള തൗസന്റ് ഓക്‌സിലാണ് തീ ആദ്യം പടര്‍ന്നത്. ഹൈവേ മേഖല കടന്നു കാട്ടുതീ തീരപ്രദേശ മേഖലകളിലേക്കും വ്യാപിക്കുകയാണ്. 35,000 ഏക്കര്‍ സ്ഥലം ഇതുവരെ കാട്ടുതീയെടുത്തു. സാക്രമെന്റോയില്‍ 20,000 ഏക്കര്‍ സ്ഥലമാണ് തീയില്‍ അകപ്പെട്ടത്.
പ്ലുമാസ് ദേശീയ വനത്തിലാണ് സംഭവം. പക്ഷേ, പിന്നീട് വേഗത്തില്‍ ജനവാസ മേഖലയായ പാരഡൈസിലേക്ക് തീ പടരുകയായിരുന്നു. 6,700 വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. അതേസമയം, കാട്ടുതീയില്‍ നിന്നു രക്ഷപ്പെടാനായി കാറില്‍ സഞ്ചരിച്ചവരും അപകടത്തില്‍പ്പെട്ടു.
അഞ്ചുപേരുടെ മൃതദേഹം കാറിനു സമീപത്തു നിന്നും മൂന്നുപേരുടെ മൃതദേഹം വീടിനു പുറത്തുനിന്നും ഒരാളുടെ മൃതദേഹം വീടിനകത്തു നിന്നും കണ്ടെത്തി. സാക്രമെന്റോയില്‍ നിന്ന് 93,000 പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss