|    Jan 20 Fri, 2017 11:25 am
FLASH NEWS

കാലത്തിന്റെ ആശ്ലേഷം ആവോളം നുകര്‍ന്ന കവി

Published : 14th February 2016 | Posted By: SMR

സഫീര്‍ ഷാബാസ്

മലപ്പുറം: കാലത്തിന്റെ ആശ്ലേഷം ഒഎന്‍വിയോളം ലഭ്യമായ ഒരു കവിയും ആധുനിക എഴുത്തുകാരില്‍ ഉണ്ടാവില്ല. കവിത്വത്തിന്റെതായ അനിതരസാധാരണമായ സിദ്ധിയുണ്ടായിട്ടും അക്കിത്തവും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമെല്ലാം പ്രത്യേക ഓരങ്ങളില്‍ വായിക്കപ്പെട്ടപ്പോള്‍ ജനപ്രിയതയുടെ ഓളങ്ങളില്‍ ഒഎന്‍വി എന്ന ഒറ്റപ്ലാക്കല്‍ നമ്പ്യാടിക്കല്‍ വേലുക്കുറുപ്പിന്റെ വരികള്‍ എന്നും മുഴങ്ങിത്തന്നെ നിന്നു. അനുവാചകര്‍ അത് ഏറ്റുപാടി. എന്നാല്‍, അതിലെറെയും കവിതയല്ലെന്നു മാത്രം- ഗാന രചനകളാണ് ഒഎന്‍വിയെ ഇത്രയധികം ജനപ്രിയനാക്കിയത്.
സാഹിത്യ സമ്പുഷ്ടമായ വരികള്‍കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര നാടക ഗാനങ്ങള്‍ തീര്‍ത്തത്. ഭരതന്‍ സാക്ഷാല്‍ക്കരിച്ച ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’ എന്ന ഗാനമാണ് ഓര്‍മയില്‍ വരുന്നത്.
ജോണ്‍സണ്‍ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ച ആ ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. കാവ്യ മീമാംസകര്‍ തേടുന്ന സാഹിതീയ അംശങ്ങള്‍ പരതിയാല്‍ കവി എന്നതിനപ്പുറം ഗാനരചയിതാവായി തന്നെ അദ്ദേഹത്തെ അടയാളപ്പെടുത്താം. 2007ല്‍ ജ്ഞാനപീഠം അവാര്‍ഡ് തേടിയെത്തിയപ്പോള്‍ ചില എഴുത്തുകാരുടെ എതിര്‍സ്വരങ്ങളുണ്ടായി. പ്രത്യേക കവിതയ്ക്കായിരുന്നില്ല ജ്ഞാനപീഠ പുരസ്‌കാരമെന്നതും ശ്രദ്ധേയം. ചങ്ങമ്പുഴയ്ക്കു ശേഷം ഇത്രമാത്രം ജനപ്രീതിയാര്‍ജ്ജിച്ച കവിയുണ്ടാവില്ല. നാട്ടുജീവിതത്തിന്റെ ഊടുംപാവുമറിഞ്ഞുള്ള, സൂക്ഷ്മ സംവേദനക്ഷമതയില്‍ നിന്ന് ഉതിര്‍ന്നുവീണിട്ടുള്ള ആ വരികള്‍ തന്നെയാണ് അനുവാചകര്‍ ആഘോഷിച്ചത്. പ്രണയത്തിനായുള്ള വാതിലുകള്‍ തുറന്നിട്ട് അയത്‌നലളിതമായ വരികളിലൂടെ ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങള്‍ക്ക് സൗന്ദര്യഭൂമിക പണിതു.
ദാര്‍ശനിക ഗരിമയോ നവഭാവുകത്വമോ ഇവിടെ ദര്‍ശിക്കാനാവില്ലെന്നു മാത്രം. കാല്‍പനികതയുടെയും ആധുനികതയുടെയും ഉത്തരാധുനികതയുടെയും നടപ്പുവഴികളില്‍ നിന്ന് അദ്ദേഹം മാറിനടന്നു, വൈചാരിതയ്ക്കപ്പുറം വൈകാരിക ബിംബാവലിയെ പുല്‍കികൊണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക