|    Jul 21 Fri, 2017 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാലടി സര്‍വകലാശാലയിലെ ശങ്കരാചാര്യ പ്രതിമ; സംഘപരിവാര ഗൂഢാലോചനയെന്ന് അധ്യാപകരും വിദ്യാര്‍ഥികളും

Published : 14th August 2016 | Posted By: SMR

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യ കവാടത്തില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ അധികൃതരും ഒരുവിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. പ്രതിമ സ്ഥാപിക്കുകയെന്നത് സംഘപരിവാര ലക്ഷ്യമാണെന്ന് അസോസിയേഷന്‍ ഓഫ് ശ്രീ ശങ്കരാചാര്യ സാന്‍സ്‌ക്രിറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ്(അസ്യൂട്ട്) ജനറല്‍ സെക്രട്ടറി ഡോ. ബിജു വിന്‍സന്റ് തേജസിനോട് പറഞ്ഞു.
സര്‍വകലാശാലയില്‍ ശങ്കരാചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍, പ്രധാന കവാടത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. സര്‍വകലാശായില്‍ നിലവില്‍ ശങ്കരാചാര്യരുടെ പ്രതിമയുണ്ട് എന്നിരിക്കേയാണ് വീണ്ടും കവാടത്തില്‍ തന്നെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ സംഘപരിവാരത്തിന്റെ ഗൂഢതാല്‍പര്യമാണ്- ഡോ. ബിജു വിന്‍സന്റ് പറഞ്ഞു.
കവാടത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിലൂടെ പൊതുജനത്തിനുകൂടി ആരാധന നടത്താന്‍ കഴിയുന്ന വിധത്തില്‍ ഹൈന്ദവ ആരാധനാലയമാക്കി മാറ്റാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കവാടത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു ഭൂരിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും എതിരാണ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് നിരവധി തവണ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇതില്‍ ഇടപെടാന്‍ സര്‍വകാലാശാലയുടെ പ്രോ-വൈസ് ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി തയാറാവുന്നില്ല. വര്‍ഗീയതയ്ക്കും ഫാഷിസത്തിനുമെതിരേ ഏതാനും മാസം മുമ്പ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥികള്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സംഘപരിപാര സംഘടനകളുടെ ഉപദേശം കണക്കിലെടുത്ത് അതിന് അനുമതി നിഷേധിക്കുന്ന നിലപാടാണ് സര്‍വകലാശാല അധികൃതര്‍ സ്വീകരിച്ചതെന്നും ബിജു വിന്‍സന്റ് പറഞ്ഞു.
എന്നാല്‍, സര്‍വകലാശാലയില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി പി രവീന്ദ്രന്‍ പറഞ്ഞു. പ്രവേശനകവാടത്തില്‍ പടിപ്പുര, രണ്ട് ഗേറ്റുകള്‍, മ്യൂറല്‍ പെയിന്റിങ്, ബോര്‍ഡ്, ശങ്കരന്റെ പ്രതിമ എന്നിവ നിര്‍മിക്കാന്‍ രണ്ട് വര്‍ഷം മുമ്പെടുത്ത തീരുമാനമാണെന്നും അന്ന് ആരും എതിര്‍ത്തില്ലെന്നും രജിസ്ട്രാര്‍ തേജസിനോട് പറഞ്ഞു. ഇന്ന് നടക്കുന്ന തര്‍ക്കങ്ങള്‍ക്കും വാദങ്ങള്‍ക്കും ചെവികൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവം ചര്‍ച്ചയായതോടെ വരും ദിവസങ്ങളില്‍ വിഷയത്തിന് ചൂടു പിടിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക