|    Feb 20 Mon, 2017 12:03 pm
FLASH NEWS

കാലടി സര്‍വകലാശാലയിലെ റീഡര്‍ നിയമനം: കേസ് ഫയല്‍ കാണാനില്ല

Published : 9th November 2016 | Posted By: SMR

സഫീര്‍ ഷാബാസ്

മലപ്പുറം: ഹൈക്കോടതിയില്‍ കേസ് ഫയലുകള്‍ കാണാതാവുന്നത് തുടരുന്നു. കാലടി സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചററെ റീഡര്‍ തസ്തികയിലേക്ക് നിയമിച്ചതിനെതിരേ 2010 നവംബറില്‍ കൊടുത്ത കേസിന്റെ ഫയലാണ് കാണാതായത്. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മലയാളവിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സി ജെ ജോര്‍ജാണ് കേസ് കൊടുത്തിരുന്നത്.
റീഡര്‍ തസ്തികയ്ക്ക് സ്ഥിരവും തടര്‍ച്ചയുള്ളതുമായ അഞ്ചുവര്‍ഷത്തെ അധ്യാപന പരിചയം അടിസ്ഥാന യോഗ്യതയായുണ്ടായിരിക്കണമെന്നാണു വ്യവസ്ഥ. 1998ലെ യുജിസി ഉത്തരവും തുടര്‍ന്ന് കേരള ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവുകളും കാലടിയുള്‍പ്പെടെയുള്ള വിവിധ സര്‍വകലാശാലകളുടെ തദനുസൃതമായ ഉത്തരവുകളും നിരവധി കോടതി ഉത്തരവുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല നിയമിച്ച സ്‌ക്രീനിങ് കമ്മിറ്റി അയോഗ്യയെന്നു വിലയിരുത്തി തിരസ്‌കരിച്ചതിനെ തുടര്‍ന്ന് ഗസ്റ്റ് ലക്ചററായി സേവനം ചെയ്തുവന്ന ഡോ. ഷീലാകുമാരി തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതു പരിഗണിച്ച് കോടതി പുറപ്പെടുവിച്ച താല്‍ക്കാലിക ഉത്തരവില്‍ നിയമനം നല്‍കി.
വ്യവസ്ഥകള്‍ക്കെതിരായതിനാല്‍ പ്രസ്തുത നിയമനം അഴിമതിയാണെന്നു ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ജോര്‍ജ് കോടതിയെ സമീപിച്ചു. അതേ ഇന്റര്‍വ്യൂവില്‍ താല്‍ക്കാലിക കോടതിവിധികളുടെ പിന്‍ബലത്തില്‍ പങ്കെടുത്ത ഗസ്റ്റ് അധ്യാപകര്‍ക്ക് താല്‍ക്കാലിക സര്‍വീസിന് മാര്‍ക്ക് കൊടുക്കാതിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ആള്‍ക്ക് മാത്രം അതേ തരം സര്‍വീസിന് മാര്‍ക്ക് നല്‍കുകയും ചെയ്തത് പ്രകടമായ അഴിമതിയാണെന്നും വാദിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനത്തിലെന്നപോലെ മെറിറ്റിനുള്ള മാര്‍ക്കില്‍ വളരെ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച ആള്‍ക്ക് ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് വളരെ കുറച്ചിട്ടും കുറഞ്ഞ മെറിറ്റ് മാര്‍ക്ക് ലഭിച്ച ആള്‍ക്ക് ഗസ്റ്റ് സര്‍വീസിന് മാര്‍ക്കിട്ടും പോരാഞ്ഞ് ഇന്റര്‍വ്യൂവില്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയും മുന്നിലെത്തിച്ചെന്നാണ് ആരോപണം.
സ്ഥിരവും അംഗീകൃതവും തുടര്‍ച്ചയുള്ളതുമായ സര്‍വീസിന് മാര്‍ക്കിടാനുള്ള കോളത്തിലാണ് താല്‍ക്കാലികവും തുടര്‍ച്ചയില്ലാത്തതുമായ സര്‍വീസിന് മാര്‍ക്കിട്ടിരിക്കുന്നത് എന്നത് തിരിമറി വ്യക്തമാക്കുന്നതായി പരാതിയില്‍ എടുത്തു പറയുന്നു. സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഡിവിഷന്‍ ബെഞ്ചിലേക്കും അവിടെ നിന്ന് ഫുള്‍ബെഞ്ചിലേക്കും നീങ്ങി കേസ് നീണ്ടുപോയി. ഫുള്‍ ബെഞ്ച് വാദിഭാഗത്തിന് അനുകൂലമായ നിരീക്ഷണത്തോടെ കേസ് തീര്‍പ്പാക്കാന്‍ സിംഗിള്‍ ബെഞ്ചിലേക്കു തിരികെ വിട്ടതിനു ശേഷം ഫയല്‍ മുങ്ങിപ്പോയി. ഇതിനിടയില്‍ ഗവേഷണഗൈഡ് ആവാന്‍ വേണ്ടി ഡോ. ഷീലാകുമാരി  സമര്‍പ്പിച്ച അപേക്ഷ ആവശ്യമായ സര്‍വീസ് ഇല്ലെന്നു ചൂണ്ടിക്കാട്ടി സര്‍വകലാശാല നിരസിച്ചു.
എന്നാല്‍ സര്‍വകലാശാല അവരെ അസോഷ്യേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം നല്‍കി തുറവൂര്‍ സെന്ററിന്റെ ഡയറക്ടറായി നിയമിച്ചു. കേസ് അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ വാദിഭാഗം സമീപിച്ചപ്പോഴാണ് കേസിന്റെ ഫയല്‍ കാണാനില്ലെന്നു വ്യക്തമായത്. ഫയല്‍ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ആഴ്ച അപേക്ഷ നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക