|    Jan 17 Tue, 2017 12:44 am
FLASH NEWS

കാറില്‍ കാറിടിച്ച് കോടികളുടെ കൊള്ള: ഫുട്‌ബോള്‍താരം അറസ്റ്റില്‍; അഞ്ചുപേര്‍ ഒളിവില്‍

Published : 28th August 2016 | Posted By: SMR

കാസര്‍കോട്: കാറില്‍ കാറിടിപ്പിച്ച് കോടികളുടെ കൊള്ള നടത്തിയ സംഭവത്തില്‍ കൂത്തുപറമ്പ് സ്വദേശിയായ ഫുട്‌ബോള്‍ താരം അറസ്റ്റില്‍. പാലത്തിങ്കര മൃദുല്‍ നിവാസിലെ എന്‍ കെ മൃദുലി(23)നെയാണ് ആദൂര്‍ സിഐ സി ബി തോമസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ സ്വര്‍ണ വ്യാപാരിയും പൂനെ സ്വദേശിയുമായ കദംവികാസ് ധനുവിന്റെ വിശ്വസ്തനായ ഗണേഷിനെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി സംഘം ഒന്നരക്കോടി കവര്‍ന്നിരുന്നു. എറണാകുളത്തെ ക്ലബ്ബിനായി ജഴ്‌സിയണിയാന്‍ ഒമ്പത് മാസത്തെ കരാറുള്ള മൃദുല്‍ ബംഗളൂരുവില്‍ കാന്റീന്‍ നടത്തിവരുന്നുണ്ട്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ കൂത്തുപറമ്പ് അഞ്ചാംമൈലിലെ റെനിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നു പോലിസ് പറഞ്ഞു.
കഴിഞ്ഞ ഏഴിന് രാത്രിയാണ് കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാതയിലെ തെക്കില്‍ ഹെയര്‍പിന്‍ വളവില്‍ വച്ച് പൂനെ സ്വദേശി കതംവികാസിന്റെ കാറില്‍ കടത്തിയ പണം സംഘം കൊള്ളയടിച്ചത്. ഗണേഷും ഡ്രൈവര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രജീഷും സഞ്ചരിക്കുകയായിരുന്ന കാറില്‍ മറ്റൊരു കാറിടിച്ച് അപകടം വരുത്തിയ ശേഷം ഡ്രൈവറുടെ ഒത്താശയോടെ തട്ടിക്കൊണ്ടുപോയി പൊയിനാച്ചി മയിലാട്ടിക്ക് സമീപത്തെ വിജനമായ സ്ഥലത്ത് വച്ച് കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച ഒന്നരകോടി രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ പത്തുപേരാണുള്ളത്. എന്നാല്‍, നേരിട്ട് ഇടപെട്ടത് അഞ്ചുപേരാണെന്നും പോലിസ് പറഞ്ഞു.
പ്രതിക്ക് 20 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. സംഘത്തില്‍പെട്ടവര്‍ ഹൈവേ കേന്ദ്രീകരിച്ച് കുഴല്‍പണം തട്ടുന്ന സംഘത്തില്‍പെട്ടവരാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഹവാല പണമായതിനാല്‍ മുഴുവന്‍ പണത്തിന്റെയും രേഖകള്‍ ജ്വല്ലറി ഉടമയും ഹാജരാക്കിയിട്ടില്ല. ഏകദേശം അഞ്ചരക്കോടിയോളം രൂപയാണെന്നാണ് പോലിസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇത് ഒന്നരക്കോടിയുടെ രേഖയുണ്ടാക്കി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കൂത്തുപറമ്പിലെ സായൂജ്, ഫുട്‌ബോള്‍ താരം ടുട്ടു, റെനില്‍, നൗഫല്‍, ബിലാല്‍ തുടങ്ങി 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മറ്റു പ്രതികളെ കണ്ടെത്താല്‍ ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. സംഭവം ഒതുക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഭരണകക്ഷി നേതൃത്വം ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ് പ്രതികളെന്ന് പോലിസ് പറഞ്ഞു. പണവുമായി വരികയായിരുന്ന ജ്വല്ലറി ഉടമയുടെ എര്‍ട്ടിഗ കാറിലെ ഡ്രൈവര്‍ തലശ്ശേരി സ്വദേശി പ്രജീഷ് സംഘത്തിന് വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ ഏഴിന് വൈകീട്ട് 5.10നാണ് കവര്‍ച്ച. തലപ്പാടി മുതല്‍ പ്രതികള്‍ ഈ കാറിനെ പിന്തുടര്‍ന്നിരുന്നു.
മൃദുലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്ന് പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക