|    Aug 18 Sat, 2018 5:49 am
FLASH NEWS

കാറഡുക്ക പഞ്ചായത്ത്: അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യും

Published : 4th August 2018 | Posted By: kasim kzm

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിലെ എം ഗോപാലകൃഷ്ണനെതിരേ സിപിഎം അംഗം എം തമ്പാന്‍ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. രാവിലെ 10.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച.
പഞ്ചായത്ത് പ്രസിഡന്റിനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസം യുഡിഎഫ് പിന്തുണയോടെ വ്യാഴാഴ്ച പാസായിരുന്നു. ഇതോടെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. കഴിഞ്ഞ 18 വര്‍ഷമായി ബിജെപിയുടെ കുത്തകയായിരുന്ന പഞ്ചായത്തില്‍ ബിജെപിക്ക് ഏഴും സിപിഎമ്മിന് അഞ്ചും മുസ്്‌ലിംലീഗ് രണ്ട്, കോണ്‍ഗ്രസ് സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കിയ സാഹചര്യം പ്രതിപക്ഷത്തിന് മുതല്‍ കൂട്ടായിട്ടുണ്ട്. വൈസ് പ്രസിഡന്റിനേയും പുറത്താക്കാന്‍ യുഡിഎഫ് പിന്തുണക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്‍മകജെ പഞ്ചായത്തിലെ ബിജെപി ഭരണസമിതിക്കെതിരേ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ എട്ടിനും ഒമ്പതിനും ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
ഇവിടെ മൂന്ന് എല്‍ഡിഎഫ് അംഗങ്ങളുടെ നിലപാട് നിര്‍ണായകമായിരിക്കും. നിലവില്‍ ബിജെപി ഏഴ്, യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. കാറഡുക്കയില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി യുഡിഎഫ് വോട്ടുചെയ്തതിന്റെ പ്രത്യുപകാരമായി എന്‍മകജെയില്‍ എല്‍ഡിഎഫ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss